റഫ അതിർത്തി തുറന്നേക്കും
വിദേശപൗരന്മാർക്കും പുറത്തുകടക്കാനാകുമെന്നാണ് പ്രതീക്ഷ
തെല്‍ അവിവ്: റഫ അതിർത്തി തുറന്നേക്കും . ഗസ്സയിൽ ഗുരുതരമായി പരിക്കേറ്റവരെ റഫ അതിർത്തി വഴി ഈജിപ്തിലെത്തിക്കുമെന്ന് റിപ്പോർട്ട്. വിദേശപൗരന്മാർക്കും പുറത്തുകടക്കാനാകുമെന്നാണ് പ്രതീക്ഷ.
ഗസ്സയില്‍ പരിക്കേറ്റ ഫലസ്തീനികൾക്കായി ഈജിപ്ഷ്യൻ ആശുപത്രികളിൽ ചികിത്സ പൂർത്തിയാക്കുന്നതിനായി റഫ അതിർത്തി ക്രോസിംഗ് ബുധനാഴ്ച തുറക്കുമെന്ന് ഈജിപ്ഷ്യൻ മെഡിക്കൽ, സുരക്ഷാ വൃത്തങ്ങളും ഫലസ്തീൻ അതിർത്തി ഉദ്യോഗസ്ഥനും ചൊവ്വാഴ്ച അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റഫ അതിര്‍ത്തി തുറക്കുമെന്ന് റഫാ ബോർഡർ ക്രോസിംഗിന്‍റെ മീഡിയ ഡയറക്ടർ വെയ്ൽ അബു മൊഹ്‌സെൻ സ്ഥിരീകരിച്ചു. ഈജിപ്തിലെ നോർത്ത് സീനായ് ഗവർണർ മുഹമ്മദ് ഷോഷ ഒരു ഈജിപ്ഷ്യൻ ചാനലിന് വേണ്ടി ടെലിവിഷൻ ചെയ്ത പ്രസ്താവനയിൽ അതിർത്തി തുറക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 7ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം റഫ അതിർത്തി അടച്ചിരുന്നു. അതിനിടെ പരിമിതമായ എണ്ണം സഹായ ട്രക്കുകൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതിനായി കുറച്ച് ദിവസത്തേക്ക് ഭാഗികമായി തുറന്നിരുന്നു. ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ 196 സഹായ ട്രക്കുകള്‍ ഗസ്സയിലേക്ക് കടന്നതായി റഫ ക്രോസിംഗ് മീഡിയ ഡയറക്ടർ അറിയിച്ചു.
അതേസമയം ഗസ്സ ജബലിയ അഭയാർഥി ക്യാമ്പിൽ ബോംബിട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. എന്നാൽ ഹമാസ് നേതാവിനെ ലക്ഷ്യമിട്ടാണ് ജബലിയ ക്യാമ്പിന് ബോംബിട്ടതെന്നാണ് ഇസ്രായേലിന്‍റെ വിശദീകരണം.ഇസ്രായേലിനെതിരെ കൂടുതൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ഹിസ്ബുല്ലയും ഹൂത്തികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.