പാകിസ്താനിൽ സൗജന്യ റമദാൻ ഭക്ഷ്യവിതരണത്തിനിടെ തിക്കും തിരക്കും; 11 മരണം

രൂക്ഷമായ വിലയക്കയറ്റത്തിനിടെ സ്വകാര്യ വ്യക്തിയുടെ ഫാക്ടറിയിൽ സൗജന്യ ഭക്ഷ്യവിതരണം നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ആയിരങ്ങളാണ് സ്ഥലത്തേക്ക് ഒഴുകിയിരുന്നത്

Update: 2023-04-01 03:50 GMT
Editor : Shaheer | By : Web Desk
Advertising

കറാച്ചി: പാകിസ്താനിൽ റമദാന്റെ ഭാഗമായി നടന്ന സൗജന്യ ഭക്ഷ്യവിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 മരണം. കറാച്ചിയിൽ ഒരു സ്വകാര്യ ഭക്ഷ്യ ഫാക്ടറിയിലാണ് സംഭവം. കുട്ടികളും സ്ത്രീകളുമാണ് മരിച്ചവരെല്ലാം.

വെള്ളിയാഴ്ച വൈകീട്ടാണ് കറാച്ചിയിൽ ഒരു സ്വകാര്യ ഫാക്ടറി ഉടമ നാട്ടുകാർക്കായി സൗജന്യ ഭക്ഷ്യവിതരണം നടത്തിയത്. വിവരം അറിഞ്ഞ് ആയിരങ്ങൾ സ്ഥലത്തെത്തിയിരുന്നു. ഭക്ഷ്യവിതരണം ആരംഭിച്ചതോടെ ആളുകൾ ഓടിക്കൂടിയതാണ് ദുരന്തത്തിനു കാരണമായത്.

തിരക്കിൽ മതിൽ തകർന്നുവീണാണ് നിരവധി പേർ മരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ചിലർ തൊട്ടടുത്തുള്ള അഴുക്കുചാലിലേക്ക് വീഴുകയും ചെയ്തു. എട്ടു സ്ത്രീകളും മൂന്ന് കുട്ടികളുമാണ് സംഭവത്തിൽ മരിച്ചത്. ഇവർക്കു പുറമെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പൊലീസിനെ അറിയിക്കാതെയായിരുന്നു ഭക്ഷണ വിതരണമെന്നാണ് വിവരം. ഇതേക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്ന് പൊലീസ് ജീവനക്കാരൻ മുഗീസ് ഹാഷ്മി പറഞ്ഞു. നേരത്തെ അറിയിച്ചിരുന്നെങ്കിൽ വേണ്ട മുൻകരുതലുകൾ ഒരുക്കമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കറാച്ചി ഉൾപ്പെടുന്ന സിന്ധ് പ്രവിശ്യക്കാരൻ കൂടിയായ പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തവണ റമദാനിൽ നടക്കുന്ന സൗജന്യ ഭക്ഷ്യവിതരണത്തിനിടെ ഉന്തും തള്ളിലും അപകടമുണ്ടാകുന്നത് ഇതാദ്യമായല്ല. ഒരാഴ്ചയ്ക്കിടെ മാത്രം നടന്ന അപകടങ്ങളിൽ 21 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടുന്നതിനിടെയാണ് റമദാനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗജന്യ ഭക്ഷണ വിതരണം നടക്കുന്നത്. ലക്ഷക്കണക്കിനുപേരാണ് ഒരുനേരത്തെ ഭക്ഷണത്തിനു വേണ്ടി പ്രയാസപ്പെടുന്നത്. പാക് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തന്നെ റമദാനിൽ വിവിധ ഭാഗങ്ങളിൽ സൗജന്യ ഭക്ഷണ-റേഷൻ വിതരണം നടക്കുന്നുണ്ട്.

Summary: A stampede at a Ramadan food distribution centre in Pakistan's Karachi has killed at least 11 people

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News