ഫലസ്തീനിലെ ഇസ്രായേൽ കൂട്ടക്കുരുതി; യു.എസ് നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസിലെ ഫലസ്തീൻ വംശജ

ഫലസ്തീനികൾ ഇല്ലാതായെന്ന രീതിയിലാണ് നേതാക്കള്‍ സംസാരിക്കുന്നത്.

Update: 2021-05-14 08:08 GMT
Advertising

ഫലസ്തീൻ ജനങ്ങൾ നേരിടുന്ന ക്രൂരതകൾ അംഗീകരിക്കാനാവില്ലെന്ന് യു.എസ് കോൺഗ്രസിലെ ഏക ഫലസ്തീൻ വംശജയായ റാഷിദ തലൈബ്. കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിലാണ് ഫലസ്തീനിലെ ഇസ്രായേൽ കൂട്ടക്കുരുതിയിൽ റാഷിദ വികാരാധീനയായത്. 

വിഷയത്തില്‍ പ്രസിഡന്‍റ് ജോ ബൈഡൻ, സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലികെൻ, ജനറൽ ലോയിഡ് ഓസ്റ്റിൻ തുടങ്ങി രാഷ്ട്രീയ നേതാക്കൾ നടത്തിയ പ്രസ്താവനകളെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഫലസ്തീനികൾ ഇല്ലാതായെന്ന രീതിയിലാണ് നേതാക്കള്‍ സംസാരിക്കുന്നതെന്ന് റാഷിദ കുറ്റപ്പെടുത്തി. 

കുട്ടികളെ തടഞ്ഞുവെക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തതായി നേതാക്കളുടെ പ്രസ്താവനയിൽ പരാമർശമില്ല. ഫലസ്തീൻ കുടുംബങ്ങൾക്ക് നേരെയുള്ള ആക്രമണവും അവരുടെ വീടുകൾ തട്ടിയെടുക്കുന്നതും അംഗീകരിക്കാനാവില്ലെന്നും റാഷിദ വ്യക്തമാക്കി.

അൽ അഖ്സയിൽ പ്രാർഥിക്കുന്ന ജനങ്ങളെ കണ്ണീർവാതകം അടക്കമുള്ളവ ഉപയോഗിച്ച് ആക്രമിക്കുകയാണെന്നും റാഷിദ തലൈബ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. വിശുദ്ധ സ്ഥലങ്ങളിൽ വിശ്വാസികൾ മുട്ടുകുത്തി പ്രാർഥിക്കുകയും അവരുടെ വിശുദ്ധ ദിനങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നതിനെതിരെ ഇസ്രായേൽ പൊലീസ് നിരന്തരം ആക്രമണം നടത്തുന്നതും കുപ്രചരണങ്ങൾ നടത്തുന്നതും അംഗീകരിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് വനിതകളിലൊരാളും ആദ്യ ഫലസ്തീൻ വംശജയുമാണ് റാഷിദ തലൈബ്. മിഷിഗണിൽ നിന്നുള്ള ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയാണവര്‍.

അതേസമയം, ഗസ്സക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 100 കടന്നു. 28 കുട്ടികളും 11 സ്ത്രീകളും ഉള്‍പ്പെടെ 109 പേരാണ് ഔദ്യോഗിക കണക്കുപ്രകാരം കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 580 ഫലസ്തീനികള്‍ക്കാണ് പരിക്കേറ്റത്. പെരുന്നാള്‍ ദിനത്തിലും ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. കൂടുതല്‍ സൈന്യത്തെ ഗസ്സ അതിര്‍ത്തിയില്‍ ഇസ്രായേല്‍ വിന്യസിച്ചിട്ടുണ്ട്. ഗ്രൗണ്ട് ഓപ്പറേഷന്‍റെ സാധ്യതയും നിലനില്‍ക്കുകയാണ്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News