ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലൻസുകൾ ഇസ്രായേൽ തടഞ്ഞു
ഡ്രോൺ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു.
വെസ്റ്റ് ബാങ്കിലെ വീടുകൾക്ക് നേരെ തുടരുന്ന ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികളുമായി പോയ ആംബുലൻസുകൾ ഇസ്രായേൽ തടഞ്ഞിട്ടുവെന്ന് റിപ്പോർട്ട്. മാരകമായി പരിക്കേറ്റ സ്ത്രീകളും കുട്ടികളുമായി ആശുപത്രികളിലേക്ക് പോയ ആംബുലൻസുകളാണ് സൈന്യം തടഞ്ഞിട്ടത്. തുൽക്കറമിലെ അഭയാർഥി ക്യാമ്പിൽ കഴിഞ്ഞ ദിവസം നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. മുമ്പും പരിക്കേറ്റവരുമായി പോയ ആംബുലൻസുകൾ ഇസ്രായേൽ തടഞ്ഞിട്ടത് വലിയ വിമർശനമുയർത്തിയിരുന്നു.
ദുരന്തസ്ഥലങ്ങളിലേക്ക് പോയ റെഡ് ക്രോസ് , റെഡ് ക്രസന്റ് എന്നിവയുടെ ആംബുലൻസുകളാണ് സൈനിക വാഹനങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ തടഞ്ഞിട്ടത്. അതെ സമയം തുൽക്കറമിലെ, നിരവധി വീടുകളിൽ വ്യാപകമായി റെയ്ഡുകൾ നടക്കുകയാണ്. ആയുധങ്ങളുമായി ഇരച്ചു കയറിയ സൈന്യം സത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. റെയ്ഡുകളിൽ പ്രതിഷേധിച്ച ഫലസ്തീനികളും സൈനികരും തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്.
അതെ സമയം ഗസ്സയിൽ ഇസ്രായേൽ ക്രൂരത തുടരുകയാണ്. 250 പേരെയാണ് ഗസ്സയിൽ ഇന്നലെ മാത്രം ഇസ്രായേൽ കൊലപ്പെടുത്തിയത്. മരണ സംഖ്യ 20,674 ഉം പരിക്കേറ്റവരുടെ എണ്ണം 54,536ഉം ആയി ഉയർന്നു. ബന്ദികളെ തിരിച്ചെത്തിക്കാൻ പുതിയ നിർദേശം ചർച്ച ചെയ്യുന്നതായി പ്രതിരോധ മന്ത്രി ബന്ധുക്കളെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. മഗാസി അഭയാർഥ ക്യാമ്പിൽ 70 പേരുൾപ്പെടെ ഇന്നലെ മാത്രം ഇസ്രായേൽ കൊന്നുതള്ളിയത്.
ഖാൻ യൂനുസ്, ജബാലിയ, റഫ എന്നിവിടങ്ങിൽ വ്യാപക ആക്രമണമാണ് തുടരുന്നത്. നിരവധി താമസ കേന്ദ്രങ്ങളിൽ ഇന്നലെ രാത്രിയും ഇസ്രായേൽ ബേംബ് വർഷിച്ചു. ഗസ്സയുടെ കൂടുതൽ ഉൾഭാഗത്തേക്ക് കരയാക്രമണം വ്യാപിപ്പിക്കുമെന്ന് സൈന്യം അറിയിച്ചു. എത്ര നീണ്ടാലും ഹമാസിനെ തുരത്തി ബന്ദികളെ മടക്കി കൊണ്ടു വരുമെന്ന് യുദ്ധകാര്യ മന്ത്രിസഭാംഗം ബെന്നി ഗാൻറ്സ് പറഞ്ഞു. ബന്ദിമോചനത്തിന് പുതിയ നിർദേശം ചർച്ച ചെയ്യുന്നതായും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളൽ പദ്ധതിയുണ്ടെന്ന് ലികുഡ് പാർട്ടി യോഗത്തിൽ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉറപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
അഭയാഥർഥികളായി ഇവരെ ഏറ്റെടുക്കാൻ താൽപര്യമുള്ള രാജ്യങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലെന്നും നെതന്യാഹു പറഞ്ഞു.കഴിഞ്ഞ നാല് ദിവസത്തിനിടെ 48 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ് സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്. മൂന്ന് ദിവസത്തിനിടെ 17 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയൻ തലസ്ഥാനമായ ദമസ്കസിനു നേർക്ക് നടത്തിയ ആക്രമണത്തിൽ ഇറാൻ റവലൂഷനറി ഗാർഡ് ഉപദേശകൻ സയ്യിദ് റാസി മൂസവിയെ വധിച്ചതിനെ ന്യായീകരിച്ച് ഇസ്രായേൽ സൈന്യം പറയുന്നു. ലബനാൻ യുദ്ധത്തിൽ മികച്ച പ്രതിരോധമായിരിക്കും ഇതെന്ന് ഇസ്രായേൽ സൈനിക കമാർഡർ വ്യക്തമാക്കി.എന്നാൽ കൊലക്ക് വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ പ്രസിഡൻറ് മുന്നറിയിപ്പ് നൽകി. ഇറാന്റെ പ്രത്യാക്രമണ സാധ്യത മുൻനിർത്തി തയാറെടുക്കുന്നതായി ഇസ്രായേൽ സൈന്യം പറയുന്നു.. എല്ലാ സാധ്യതകളും തുറന്നുകിടക്കുന്നതായി ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം. ചെങ്കടലിൽ യെമൻ സുരക്ഷാ സേന ലക്ഷ്യം വെക്കാത്ത മറ്റു കപ്പലുകൾ ഭയപ്പെടേണ്ടതില്ലെന്നും ഹൂതികൾ വ്യക്തമാക്കി