'പഞ്ച്ശീര്‍ ആക്രമിക്കുന്ന പാകിസ്താനി എയര്‍ഫോഴ്സ്'; റിപ്പബ്ലിക്ക് ടി.വി സംപ്രേഷണം ചെയ്തത് വീഡിയോ ഗെയിം ദൃശ്യങ്ങള്‍

വീഡിയോ ദൃശ്യങ്ങള്‍ വീഡിയോ ഗെയിമായ ആര്‍മ 3യില്‍ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു

Update: 2021-09-07 07:30 GMT
Editor : ijas
Advertising

അഫ്ഗാനിലെ താലിബാനു മുന്‍പില്‍ കീഴടങ്ങാതിരുന്ന ഏകപ്രവിശ്യയായ പഞ്ച്ശീറിൽ പാകിസ്താന്‍ എയര്‍ഫോഴ്സ് നടത്തുന്ന ആക്രമണമായി റിപ്പബ്ലിക്ക് ടി.വി സംപ്രേഷണം ചെയ്തത് വീഡിയോ ഗെയിം ദൃശ്യങ്ങള്‍. റിപ്പബ്ലിക്ക് ടി.വിക്ക് പുറമേ ഹിന്ദി വാര്‍ത്താ ചാനലായ സീ ഹിന്ദുസ്ഥാനും സമാന ദൃശ്യങ്ങള്‍ ചാനലിലൂടെ സംപ്രേഷണം ചെയ്തിരുന്നു.

ഹസ്തി ടി.വിയുടെ ദൃശ്യങ്ങള്‍ എന്ന കടപ്പാടോടെ റിപ്പബ്ലിക്ക് ടി.വിയും സീ ഹിന്ദുസ്ഥാനും സംപ്രേഷണം ചെയ്ത ദൃശ്യങ്ങളാണ് വീഡിയോ ഗെയിമിലേതാണെന്ന് പുറത്തുവന്നത്. ആര്‍മ 3 എന്ന വീഡിയോ ഗെയിമിലേതാണ് ദൃശ്യങ്ങള്‍.

Full View

അഫ്ഗാന്‍ കീഴടക്കിയ താലിബാന് പാകിസ്താന് സൈനികരുടെ സഹായം ലഭിക്കുന്നുണ്ടെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്ത നിരവധി ഇന്ത്യന്‍ വാര്‍ത്താ ഔട്ട് ലെറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ വാര്‍ത്തയാണ് റിപ്പബ്ലിക് ടി.വിയും ചാനലിലൂടെ സംപ്രേഷണം ചെയ്തത്. 'പഞ്ച്ശീറിനെതിരെ താലിബാന്‍, പാകിസ്താന്‍ സൈനികരുടെ സഹായത്തോടെ ആക്രമിക്കുന്നു' എന്ന അടിക്കുറുപ്പോടെയാണ് ചാനല്‍ വാര്‍ത്ത പങ്കുവെച്ചത്. സംപ്രേഷണത്തിനിടെ അവതാരകന്‍ തുടര്‍ച്ചയായി തന്നെ ദൃശ്യങ്ങള്‍ പഞ്ച്ശീറില്‍ നിന്നുള്ളതാണെന്നും ആക്രമിക്കുന്നത് പാകിസ്താനി വായുസേനയാണെന്നും അവകാശപ്പെടുന്നുണ്ടായിരുന്നു.


കഴിഞ്ഞ ദിവസം ഉച്ചക്ക് 12.07ന് സീ ന്യൂസും ഇതേ ദൃശ്യങ്ങള്‍ ചാനലിലൂടെ പുറത്തുവിടുകയുണ്ടായി. പഞ്ച്ശീറില്‍ പാകിസ്താന്‍ ബോംബ് വര്‍ഷിക്കുന്നുവെന്നായിരുന്നു സീ ഹിന്ദുസ്ഥാന്‍ വാര്‍ത്തക്ക് നല്‍കിയ തലക്കെട്ട്. ടൈംസ് നൗ നവഭാരതും ഇതേ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതായി ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്തു.

ഭീകര സംഭവങ്ങളും സംഘർഷങ്ങളും റിപ്പോർട്ടു ചെയ്യുന്നതില്‍ വിദഗ്ധനും ഐ.ടി.സി.ടി ഡെപ്യൂട്ടി ഡയറക്ടറുമായ ഫറാന്‍ ജാഫ്രിയാണ് ദൃശ്യങ്ങള്‍ വീഡിയോ ഗെയിമില്‍ നിന്നുള്ളതാണെന്ന ആരോപണം ആദ്യമായി ഉന്നയിക്കുന്നത്. 'വീഡിയോ ഒരു വീഡിയോ ഗെയിമിൽ നിന്നുള്ളതാണ്, പാക്കിസ്താന്‍ ഡ്രോണുകൾ പഞ്ച്ഷീറിനെ ആക്രമിക്കുന്നുവെന്ന അവകാശവാദത്തിന്‍റെ തെളിവായി ഇപ്പോൾ താലിബാനെ പ്രതിരോധിക്കുന്ന അക്കൗണ്ടുകൾ ഈ വീഡിയോ പങ്കിടുന്നു ... "- ഫറാന്‍ ജാഫ്രി ട്വിറ്ററില്‍ കുറിച്ചു.

Full View

അതെ സമയം ബൂം ലൈവ് വീഡിയോ ദൃശ്യങ്ങള്‍ വീഡിയോ ഗെയിമായ ആര്‍മ 3യില്‍ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു. 2021 ജനുവരി ഒന്നിന് ആര്‍മ 3 യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വീഡിയോ ഗെയിം ആരംഭിച്ച് ഒരു മിനുറ്റ് 38 സെക്കന്‍റ് മുതല്‍ 2 മിനുറ്റ് വരെയുള്ള ഭാഗത്ത് നിന്നുള്ളതാണ് ഇപ്പോള്‍ റിപ്പബ്ലിക്ക് ടി.വിയും സീ ഹിന്ദുസ്ഥാനും പ്രചരിപ്പിച്ച വീഡിയോ. രണ്ടു വീഡിയോകളും ഒന്നുതന്നെയാണെന്ന് ബൂം ലൈവും ഉറപ്പിച്ചു പറയുന്നുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News