സഹപ്രവർത്തകയ്ക്ക് അധിക്ഷേപ സന്ദേശമയച്ച മന്ത്രിയെ പിന്തുണച്ച് ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക്
ഇക്കാര്യം ചൂണ്ടിക്കാട്ടി പാർട്ടിക്കാണ് വനിതാ നേതാവ് പരാതി നൽകിയത്.
ലണ്ടൻ: സഹപ്രവർത്തകയ്ക്ക് ഫോണിലൂടെ അധിക്ഷേപ സന്ദേശം അയച്ച മന്ത്രിയെ പിന്തുണച്ച് ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക്. ഗവിൻ വില്യംസൺ എന്ന മന്ത്രിയെ ആണ് പ്രധാനമന്ത്രി പിന്തുണച്ച് രംഗത്തെത്തിയതെന്ന് ക്യാബിനറ്റ് ഓഫീസ് മന്ത്രിയായ ഒലിവർ മോർട്ടനെ ഉദ്ധരിച്ച് സൺഡേ ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
മുൻ ചീഫ് വിപ്പും കൺസർവേറ്റീവ് പാർട്ടി നേതാവുമായ വെൻഡി മോർട്ടനാണ് മന്ത്രി മോശം സന്ദേശം അയച്ചത്. എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് മോർട്ടനോട് ദേഷ്യപ്പെട്ട മന്ത്രി, ഫോണിലൂടെ അധിക്ഷേപ സന്ദേശം അയയ്ക്കുകയുമായിരുന്നു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാർട്ടിക്കാണ് മോർട്ടൻ പരാതി നൽകിയത്.
'അദ്ദേഹം അത്തരമൊരു സന്ദേശം അയയ്ക്കാൻ പാടില്ലായിരുന്നു. മാത്രമല്ല, പ്രധാനമന്ത്രി മന്ത്രിക്ക് ആത്മവിശ്വാസം നൽകുകയുമാണ് ചെയ്തത്'- ക്യാബിനറ്റ് ഓഫീസ് മന്ത്രിയായ ഒലിവർ മോർട്ടൻ പറഞ്ഞു.
അധികാരത്തിലെത്തി രണ്ടാഴ്ച തികയുംമുമ്പേ മന്ത്രിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഋഷി സുനക് വലിയ പ്രതിരോധത്തിലായിരിക്കുകയാണ്. മുൻ സർക്കാരിൽ നിന്നും രാജിവച്ച സുവല്ല ബ്രേവർമാനെ ആഭ്യന്തര മന്ത്രിയായി നിയമിച്ചതു മുതൽ ശക്തമായ വിമർശനമാണ് ഋഷി സുനക് നേരിടുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ വിവാദവും.
ഇ-മെയിൽ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലുയർന്ന വിമർശനങ്ങളുടെ പേരിലാണ് ലിസ് ട്രസ് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന ബ്രേവർമാന് രാജിവയ്ക്കേണ്ടി വന്നത്. ഇന്ത്യൻ വംശജയായ കൺസർവേറ്റീവ് എംപി സുവെല്ല ബ്രേവർമാന്റെ കുടിയേറ്റ വിരുദ്ധ നിലപാടും വിവാദമായിരുന്നു.
വിസ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടനില്‍ തുടരുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്ന സുവെല്ലയുടെ പരാമര്‍ശമാണ് വലിയ വിവാദത്തിനു കാരണമായത്. ഇന്ത്യയും യു.കെയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു സുവെല്ലയുടെ പരാമര്‍ശം.
ഇവരുടെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. ലിസ് ട്രസ് മന്ത്രിസഭയില്‍ നിന്നുള്ള സുവെല്ലയുടെ രാജിക്ക് പിന്നില്‍ കുടിയേറ്റ വിഷയങ്ങളിലെ അതിതീവ്ര നിലപാടാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.