ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്

Update: 2022-10-25 11:17 GMT
Advertising

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലു മണിക്ക് ശേഷമായിരുന്നു ചടങ്ങ്.

ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ബ്രിട്ടന്‍റെ 57ആം പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റത്. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ബ്രിട്ടനെ രക്ഷിക്കാൻ ഋഷി സുനക് എന്തു പദ്ധതികൾ മുന്നോട്ടുവെയ്ക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്നലെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം പാർട്ടി നേതാക്കളെ അഭിസംബോധന ചെയ്ത ഋഷി സുനക്, സാമ്പത്തിക പ്രതിസന്ധി നേരിടാൻ വേണ്ടത് സ്ഥിരതയും ഐക്യവുമാണെന്ന് പറഞ്ഞു.

സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ് ഋഷി സുനക്. 42 വയസ്സാണ് പ്രായം. ബ്രിട്ടനിൽ 200 വര്‍ഷത്തിനിടെ സ്ഥാനമേറ്റ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് ഋഷി സുനക്.

വിവിധ രാജ്യങ്ങളിൽ പരന്നുകിടക്കുകയാണ് ഋഷിയുടെ വേരുകൾ. ജനിച്ചതും വളർന്നതുമെല്ലാം ബ്രിട്ടനിൽ. പഠിച്ചത് ഓക്‌സ്ഫഡ്, സ്റ്റാൻഫോഡ് അടക്കമുള്ള അന്താരാഷ്ട്ര സർവകലാശാലകളിൽ. അഭിമാനിയായ ഹിന്ദുവായാണ് ഋഷി എപ്പോഴും സ്വയം പരിചയപ്പെടുത്തുന്നത്. ഹിന്ദുവെന്നു പരിചയപ്പെടുത്തുക മാത്രമല്ല, ജീവിതത്തിലും മതം നിഷ്ഠയായി കൊണ്ടുനടക്കുന്നു.

2009ലാണ് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതയെ ഋഷി വിവാഹം ചെയ്യുന്നത്. 2020 ഫെബ്രുവരിയിൽ സാജിദ് ജാവിദ് രാജിവച്ച ഒഴിവില്‍ ബ്രിട്ടീഷ് ധനമന്ത്രിയായി ഋഷി സുനക് നിയമിതനായി. ബോറിസ് ജോണ്‍സണ്‍ വിവാദങ്ങളില്‍പ്പെട്ട് രാജിവെച്ചതോടെ പ്രധാനമന്ത്രി പദത്തിലേക്ക് ലിസ് ട്രസും ഋഷി സുനകും തമ്മിലായി മത്സരം. ലിസ് ട്രസ് ഋഷിയെ പിന്തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റെങ്കിലും 45 ദിവസത്തിനുള്ളില്‍ രാജിവെച്ചു. ഇതോടെയാണ് ബ്രിട്ടനെ നയിക്കാനുള്ള ദൌത്യം ഋഷിയിലേക്ക് എത്തിയത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News