അമേരിക്കയിൽ ഹിന്ദുത്വ പ്രചാരണത്തിന് സംഘ് സംഘടനകൾ ചെലവിട്ടത് 1,231 കോടി- ഞെട്ടിപ്പിക്കുന്ന കണക്കുകളുമായി പുതിയ റിപ്പോര്‍ട്ട്
അമേരിക്കയിലെ ആഭ്യന്തര, വിദേശനയങ്ങളെ സ്വാധീനിക്കാനായി വിവിധ സംഘങ്ങളാണ് നരേന്ദ്ര മോദി സർക്കാരിനു വേണ്ടി പ്രവർത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ സംഘത്തിനും 11 ലക്ഷം മുതൽ 45 ലക്ഷം വരെയാണ് സർക്കാർ നൽകിയത്
വാഷിങ്ടൺ: അമേരിക്കയിൽ ഹിന്ദുത്വ പ്രചാരണത്തിനായി മോദി സർക്കാരും ആർ.എസ്.എസ് അനുബന്ധ സംഘടനകളും നടത്തുന്ന ആസൂത്രിത നീക്കങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി പുതിയ റിപ്പോർട്ട് പുറത്ത്. വിവിധ ആർ.എസ്.എസ് അനുബന്ധ ചാരിറ്റബിൾ സംഘങ്ങളുടെ നേതൃത്വത്തിൽ അമേരിക്കയിൽ ഹിന്ദുത്വ പ്രചാരണത്തിനായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആയിരത്തിലേറെ കോടികളാണ് ചെലവഴിച്ചിട്ടുള്ളത്. അമേരിക്കയുടെ വിദേശനയത്തെ സ്വാധീനിക്കാനായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കോടികൾ ചെലവിട്ടതായും റിപ്പോർട്ടുണ്ട്.
'യു.എസ് വിദേശനയത്തെ സ്വാധീനിക്കാൻ മോദി സർക്കാർ ചെലവിട്ടത് കോടികൾ'
Hindu Nationalist Influence in the United States എന്ന പേരിൽ ഗവേഷകയായ ജസ മാച്ചറാണ് അമേരിക്കയിലെ ഹിന്ദുത്വ സ്വാധീനത്തെയും പ്രചാരത്തെയും കുറിച്ചുള്ള വിശദമായ പഠനം തയാറാക്കിയത്. അമേരിക്കയിലടക്കം ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരണത്തിനായി 1,231.6 കോടി രൂപയാണ് 2001-2019 കാലയളവിൽ വിവിധ സംഘ്പരിവാർ അനുബന്ധ ചാരിറ്റബിൾ സംഘങ്ങൾ ചെലവിട്ടത്. ഈ തുകയുടെ വലിയൊരു ശതമാനം ഇന്ത്യയിലെ സംഘ്പരിവാർ സംഘടനകൾക്ക് ലഭിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ആർ.എസ്.എസിന്റെ യു.എസ് ഘടകമായ ഹിന്ദു സ്വയംസേവക് സംഘിന്(എച്ച്.എസ്.എസ്) 32 സംസ്ഥാനങ്ങളിലും 166 നഗരങ്ങളിലുമായി 222 ശാഖകളുണ്ട്. ഈ ശാഖകളെല്ലാം സജീവമായ പ്രവർത്തനമാണ് അമേരിക്കയിൽ നടത്തുന്നത്.
അമേരിക്കയിലെ ആഭ്യന്തര, വിദേശനയങ്ങളെ സ്വാധീനിക്കാൻ ലോബിയിങ്ങിനായി വിവിധ സംഘങ്ങളാണ് നരേന്ദ്ര മോദി സർക്കാരിനു വേണ്ടി അമേരിക്കയിൽ പ്രവർത്തിക്കുന്നത്. ഇതിൽ ഓരോ സംഘത്തിനുമായി 11 ലക്ഷം മുതൽ 45 ലക്ഷം വരെയാണ് മോദി സർക്കാർ നൽകിയത്. 2017-2020 കാലയളവിലെ മാത്രം കണക്കാണിത്. ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ(എച്ച്.എ.എഫ്), ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് അമേരിക്കൻ ഡയസ്‌പോറ സ്റ്റഡീസ്(എഫ്.ഐ.ഐ.ഡി.എസ്) എന്നിവയാണ് ലോബിയിങ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇതിനു വേണ്ട ധനസഹായം എത്തിക്കുന്നത് ഹിന്ദു അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി(എച്ച്.എ.പി.എ.സി)യും.
'യു.എസ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും കോടികൾ എറിഞ്ഞു'
ആൾ ഇന്ത്യ മൂവ്‌മെന്റ്(എയിം) ഫോർ സേവ, ഏകൽ വിദ്യാലയ ഫൗണ്ടേഷൻ ഓഫ് അമേരിക്ക, ഇന്ത്യ ഡവലെപ്‌മെന്റ് ആൻഡ് റിലീഫ് ഫണ്ട്, പരംശക്തി പീഠ്, പി.വൈ.പി യോഗ് ഫൗണ്ടേഷൻ, വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക, സേവ ഇന്റർനാഷനൽ തുടങ്ങിയ സംഘടനകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചായിരുന്നു ജസ മാച്ചറുടെ ഗവേഷണം. അമേരിക്കിയിൽ 14 സംസ്ഥാനങ്ങളിലായി 21 ചാപ്റ്ററുകളുള്ള വിശ്വഹിന്ദു പരിഷത്ത് സ്വാമി വിവേകാനന്ദ ഫാമിലി ക്യാംപ്, ഹിന്ദു മന്ദിർ എക്‌സിക്യൂട്ടീവ്‌സ് കോൺഫറൻസ് തുടങ്ങി വ്യത്യസ്ത പേരുകളിൽ സാംസ്‌കാരിക പരിപാടികളും നടത്തിവരുന്നുണ്ട്.
2012നും 2020നും ഇടയിൽ യു.എസ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി എച്ച്.എ.പി.എ.സി 1.33 കോടി രൂപ ചെലവഴിച്ചതായി ഫെഡറൽ ഇലക്ഷൻ കമ്മിഷൻ റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 2015നും 2020നും ഇടയിൽ കോൺഗ്രസിലെ ഡെമോക്രാറ്റ് അംഗമായ രാജാ കൃഷ്ണമൂർത്തിക്ക് എച്ച്.എ.പി.എ.സി നൽകിയത് 91 ലക്ഷം രൂപയാണ്. 2014നും 2019നും ഇടയിൽ കോൺഗ്രസ് അംഗവും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന തുളസി ഗബ്ബാർഡിന് ലഭിച്ചത് 85 ലക്ഷമാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ കോൺഗ്രസ് പ്രതിനിധി ബ്രാഡ് ഷെർമാന് 2014നും 2019നും ഇടയിൽ 21 ലക്ഷവും ലഭിച്ചു.
2012-2016 കാലയളവിൽ ഇർവിനിലെ കാലിഫോർണിയ സർവകലാശാലയിലും സതേൺ കാലിഫോർണിയ സർവകലാശാലയിലും ഗ്രാജ്വേറ്റ് തിയോളജിക്കൽ യൂനിയനിൾക്കുമെല്ലാം ധർമ സിവിലൈസേഷൻ ഫൗണ്ടേഷൻ എന്ന പേരിലുളള ഒരു സംഘം കോടികളാണ് വാഗ്ദാനം ചെയ്തിരുന്നത്. വിവിധ കോഴ്‌സുകളും ചെയറുകളും ആരംഭിക്കാനായായി 100.8 കോടിയിലേറെ രൂപ ഈ സ്ഥാപനങ്ങൾക്ക് വാഗ്ദാനം ചെയ്തതായി ഫൗണ്ടേഷൻ വെബ്‌സൈറ്റിൽ തന്നെ പറയുന്നുണ്ട്. എന്നാൽ, കാലിഫോർണിയ സർവകലാശാല ഓഫർ നിരസിക്കുകയായിരുന്നു.
Summary: RSS-affiliated groups spent about Rs 1,231.6 cr on Hindutva influence in US, India, says new report