Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
സോള്‍: ദക്ഷിണ കൊറിയയില്‍ വിമാനാപകടമുണ്ടായ എയര്‍പോര്‍ട്ടിലെ റണ്‍വേയെക്കുറിച്ച് ആക്ഷേപം. കുറച്ചുകൂടി മെച്ചപ്പെട്ട എയര്‍പോര്‍ട്ട് ഡിസൈനായിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറക്കാന്‍ സാധിക്കുമായിരുന്നുവെന്ന് വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റണ്‍വേ നിര്‍മാണത്തിനെയും ഇവര്‍ ചോദ്യം ചെയ്യുന്നുണ്ട്.
സുരക്ഷാ മതില്‍ നിര്‍മിക്കാന്‍ മെറ്റല്‍ ടവര്‍ അല്ലെങ്കില്‍ പൈലോണ്‍ ഉപയോഗിക്കുന്നതിനുപകരം കോണ്‍ക്രീറ്റ് ഉപയോഗിച്ചത് അസാധാരണമാണെന്നും ഇത് മരണം ഉയരാന്‍ കാരണമായെന്നും സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സിവില്‍ എഞ്ചിനീയറിങ് പ്രൊഫസറായ നജ്മെദിന്‍ മെഷ്‌കതി പറഞ്ഞു.
അതേസമയം, ലോക്കലൈസര്‍ ആന്റിന സ്ഥാപിച്ച സുരക്ഷാ മതില്‍ ചട്ടങ്ങള്‍ക്കനുസൃതമായാണ് നിര്‍മ്മിച്ചതെന്നും, ലോകത്തെമ്പാടുമുള്ള വിമാനത്താവളങ്ങളിലെ സുരക്ഷാ മതിലുകള്‍ക്ക് സമാനമാണിതെന്നുമാണ് ദക്ഷിണ കൊറിയന്‍ അധികൃതര്‍ അവകാശപ്പെടുന്നത്.
ചില വിമാനത്താവളങ്ങളില്‍ റണ്‍വേയ്ക്ക് ശേഷം മണല്‍, ചരല്‍ തുടങ്ങിയവ ഉപയോഗിച്ച് വിമാനത്തിന്റെ വേഗത കുറയ്ക്കാനും ശക്തമായ ആഘാതം ഒഴിവാക്കാനും ശ്രമിക്കാറുണ്ടെന്ന് കണ്‍സള്‍ട്ടന്‍സി ഏവിയേഷന്‍ സേഫ്റ്റി ഏഷ്യയുടെ ഡയറക്ടര്‍ ഡെയ്ന്‍ വില്യംസ് പറഞ്ഞു. മറ്റു എയര്‍പോര്‍ട്ടുകളുടെ ഡിസൈനുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനയാത്രക്കാര്‍ക്കിടയില്‍ സുരക്ഷ സംബന്ധിച്ച ആശങ്ക വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്ത വിമാനടിക്കറ്റുകള്‍ യാത്രക്കാര്‍ കൂട്ടമായി റദ്ദാക്കുകയാണെന്ന് ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പെട്ട ജെജു എയറിന്റെ യാത്രക്കാരാണ് ടിക്കറ്റുകള്‍ റദ്ദാക്കിയത്.
യാത്രക്കായി മുന്‍കൂട്ടി ബുക്ക് ചെയ്ത 68,000 ടിക്കറ്റുകളാണ് റദ്ദാക്കപ്പെട്ടത്. ഇതില്‍ 33,000 ടിക്കറ്റുകള്‍ ആഭ്യന്തര സര്‍വീസുകളിലെയും 34,000 ടിക്കറ്റുകള്‍ അന്താരാഷ്ട്ര സര്‍വീസുകളിലെയുമാണ്. അതോടൊപ്പം, ഓഹരി വിപണിയിലും ജെജു എയര്‍ലൈന്‍സിന് തിരിച്ചടി നേരിട്ടു. 15 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.
നേരത്തെ ബുക്ക് ചെയ്ത ടൂര്‍ പാക്കേജുകളും നിരവധി പേരാണ് റദ്ദാക്കിയത്. ഇതോടെ കൊറിയയിലെ ട്രാവല്‍ ഏജന്‍സികളും പ്രതിസന്ധിയിലായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രാവല്‍ ഏജന്‍സികള്‍ ടെലിവിഷന്‍, ഓണ്‍ലൈന്‍ പരസ്യങ്ങളും പ്രൊമോഷണല്‍ ക്യാമ്പയിനുകളും നിര്‍ത്തിവെച്ചിരുക്കുകയാണ്.
ഡിസംബര്‍ 29നായിരുന്നു തായ്ലാന്‍ഡില്‍നിന്ന് വന്ന ജെജു എയറിന്റെ ബോയിങ് 737-800 വിമാനം ബെല്ലി ലാന്‍ഡിങ് നടത്തി റണ്‍വേയും കടന്ന് സുരക്ഷാ മതിലില്‍ ഇടിച്ച് തീപിടിച്ച് പൊട്ടിത്തെറിച്ചത്. 179 പേരാണ് അപകടത്തില്‍ മരിച്ചത്. ആറ് ജീവനക്കാര്‍ അടക്കം 181 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 173 യാത്രക്കാര്‍ ദക്ഷിണ കൊറിയക്കാരും രണ്ടുപേര്‍ തായ്ലന്‍ഡ് പൗരന്മാരുമായിരുന്നു.
ലാന്‍ഡിങ് ഗിയറിലെ തകരാറാണ് അപകടത്തിന് കാരണമെന്നായിരുന്നു എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിമാനം തകരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് പക്ഷിയിടിച്ചത് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എയര്‍ലൈനുകള്‍ നടത്തുന്ന എല്ലാ 101 ബോയിങ് 737-800 ജെറ്റ്‌ലൈനറുകളുടെയും സുരക്ഷാ പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.