ഐഫോണിൽ യു.എസ് ചാരവൃത്തി; ആയിരക്കണക്കിന് ഉപയോക്താക്കളുടെ ഫോണുകൾ ഹാക്ക് ചെയ്‌തെന്ന് റഷ്യ
തങ്ങളുടെ നിരവധി ജീവനക്കാരുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടതായി മോസ്‌കോ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ കമ്പനിയായ കാസ്‌പെർസ്‌കി ലാബും വെളിപ്പെടുത്തിയിട്ടുണ്ട്
മോസ്‌കോ: ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് അമേരിക്ക ചാരവൃത്തി നടത്തുന്നതായി ആരോപണവുമായി റഷ്യ. ആയിരക്കണക്കിന് ഉപയോക്താക്കളുടെ ഐഫോണുകൾ ഹാക്ക് ചെയ്തതായി റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ്(എഫ്.എസ്.ബി) വെളിപ്പെടുത്തി. അത്യാധുനികമായ നിരീക്ഷണ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് ചാരവൃത്തിയെന്നാണ് ആരോപണം.
റഷ്യൻ പൗരന്മാർക്കു പുറമെ റഷ്യയിലും മുൻ സോവിയറ്റ് രാജ്യങ്ങളിലുമുള്ള വിദേശ നയതന്ത്ര പ്രതിനിധികളും ഹാക്കിങ്ങിനിരയായതായി എഫ്.എസ്.ബി വാർത്താകുറിപ്പിൽ പുറത്തുവിട്ടു. തങ്ങളുടെ നിരവധി ജീവനക്കാരുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടതായി മോസ്‌കോ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ കമ്പനിയായ കാസ്‌പെർസ്‌കി ലാബ് അറിയിച്ചിരുന്നു.
ആപ്പിൾ കമ്പനിയും യു.എസ് ദേശീയ സുരക്ഷാ ഏജൻസിയും(എൻ.എസ്.എ) തമ്മിൽ ശക്തമായ ബന്ധവും സഹകരണവുമുണ്ടെന്നാണ് പുതിയ സംഭവം തെളിയിക്കുന്നതെന്ന് റഷ്യ ആരോപിച്ചു. അതേസമയം, ചാരവൃത്തിയിൽ ആപ്പിളിന് നേരിട്ടു പങ്കുള്ളതിന് എഫ്.എസ്.ബി തെളിവുകൾ നൽകിയിട്ടില്ല. ഹാക്കിങ് നടന്നതെന്നത് കമ്പനിയുടെ അറിവോടെയാണെന്നതിനും തെളിവില്ല. തങ്ങളുടെ ഉൽപന്നങ്ങൾക്കകത്ത് മറ്റു സംവിധാനങ്ങൾ ഘടിപ്പിച്ച് ചാരവൃത്തി നടത്താനായി ഒരു സർക്കാരുമായും സഹകരിച്ചിട്ടില്ലെന്ന് ആപ്പിൾ പ്രതികരിച്ചു. തുടർന്നും ഇത്തരം നടപടികൾക്ക് കമ്പനി കൂട്ടുനിൽക്കില്ലെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
Summary: Russia alleges US hacked thousands of Apple phones in spy plot