അഞ്ചു ലക്ഷം യുക്രൈൻ പൗരന്മാരെ റഷ്യ വിദൂര പ്രദേശങ്ങളിലേക്ക് നാടുകടത്തി: സെലൻസ്‌കി
നാടുകടത്തപ്പെട്ടവരുടെ മൊബൈൽ ഫോണും മറ്റു രേഖകളും കൈക്കലാക്കാനും മക്കളെ റഷ്യൻ ദമ്പതിമാർക്ക് നിയമവിരുദ്ധമായി ദത്ത് നൽകാനും റഷ്യ ശ്രമിച്ചതായും സെലൻസ്‌കി
അധിനിവേശത്തിനിടെ റഷ്യ അഞ്ചു ലക്ഷം യുക്രൈൻ പൗരന്മാരെ റഷ്യൻ ഫെഡറേഷനിലെ വിദൂര പ്രദേശങ്ങളിലേക്ക് നിർബന്ധപൂർവം മാറ്റിപാർപ്പിച്ചെന്ന് യുക്രൈൻ പ്രസിഡൻറ് വ്‌ളാഡ്മിർ സെലൻസ്‌കി. എസ്‌റ്റോണിയൻ പാർലമെൻറിൽ ഓൺലൈനായി സംസാരിക്കവേയാണ് സെലൻസ്‌കി ആരോപണം ഉന്നയിച്ചത്. നാടുകടത്തപ്പെട്ടവരുടെ മൊബൈൽ ഫോണും മറ്റു രേഖകളും കൈക്കലാക്കാനും മക്കളെ റഷ്യൻ ദമ്പതിമാർക്ക് നിയമവിരുദ്ധമായി ദത്ത് നൽകാനും റഷ്യ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിൽ നാടു കടത്തപ്പെട്ടവരെ ഏത് നിലക്കും തിരിച്ചു കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി യൂറോപ്യൻ യൂണിയൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യ ഫോസ്ഫറസ് ബോംബ് ഉപയോഗിച്ച് യുക്രൈനിൽ ആക്രമണം നടത്തുന്നതായും തീവ്രവാദി തന്ത്രങ്ങൾ പ്രയോഗിക്കുന്നതായും പ്രസംഗത്തിൽ സെലൻസ്‌കി ആരോപിച്ചു. എന്നാൽ അദ്ദേഹം തെളിവുകളൊന്നും ഹാജരാക്കിയില്ല. റഷ്യക്കെതിരെയുള്ള ഉപരോധം തുടരണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം സമാധാന വഴിയിൽ അവരെ കൊണ്ടുവരാനുള്ള ഏകമാർഗം അതാണെന്ന് ചൂണ്ടിക്കാട്ടി.
റഷ്യക്കെതിരെ യുക്രൈന്‍ വലിയ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കിയവിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. റഷ്യയുടെ ആക്രമണം ഭയന്ന് സാധാരണക്കാർ പലായനം ചെയ്യുന്നതിനിടെയാണ് യുക്രൈന്‍റെ നീക്കം. കിഴക്കൻ യുക്രൈനിലെ ക്രാമറ്റോർസ്കിൽ കഴിഞ്ഞ ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. ഇവിടെ റെയിൽവേ സ്റ്റേഷനിലെ മിസൈൽ ആക്രമണത്തിൽ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 52 പേർ കൊല്ലപ്പെട്ടിരുന്നു.
റഷ്യയുടെ അധിനിവേശം ആറാഴ്ച പിന്നിടുമ്പോള്‍ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടിരിക്കുകയാണ്. 11 ദശലക്ഷത്തിലധികം ആളുകൾ വീടുകളിൽ നിന്നോ രാജ്യത്ത് നിന്നോ പലായനം ചെയ്തു. സൈനിക സഹായത്തിൽ ബ്രിട്ടന്‍റെ മാതൃക പിന്തുടരാൻ സെലന്‍സ്കി പാശ്ചാത്യ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. അധിനിവേശ ക്രിമിയയും റഷ്യയുടെ പിന്തുണയുള്ള വിഘടനവാദ പ്രദേശമായ ഡോൺബാസ് മേഖലയും കരമാര്‍ഗം ബന്ധിപ്പിക്കാന്‍ റഷ്യന്‍ സൈന്യം ശ്രമിക്കുന്നതായി സൂചനയുണ്ട്.
Russia forcibly relocated five million Ukrainian citizens to remote areas of the Russian Federation, according to Ukrainian President Vladimir Selensky.