ഇസ്രായേൽ തട്ടിക്കൊണ്ടുപോയ ഡോ.ഹുസാം അബൂസഫിയയുടെ മാതാവ് ഹൃദയാഘാതംമൂലം മരിച്ചു
ഡിസംബർ 27നാണ് കമാൽ അദ്‌വാൻ ആശുപത്രിയുടെ ഡയറക്ടർ കൂടിയായ അബൂ സഫിയയെ ഇസ്രായേല്‍ തട്ടിക്കൊണ്ടുപോയത്
ഗസ്സസിറ്റി: ഗസ്സയിലെ കമാൽ അദ്‌വാൻ ആശുപത്രിയിൽ നിന്ന് ഇസ്രായേൽ തട്ടിക്കൊണ്ടുപോയ ഡോ. ഹുസാം അബൂസഫിയയുടെ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു.
ഡിസംബർ 27നാണ് ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നുവെന്നാരോപിച്ച് വടക്കൻ ഗസ്സയില്‍ നിന്നും കമാൽ അദ്‌വാൻ ആശുപത്രിയുടെ ഡയറക്ടർ കൂടിയായ അബൂ സഫിയയെ ഇസ്രായേല്‍ തട്ടിക്കൊണ്ടുപോയത്.
ഇസ്രായേല്‍ ഉപരോധത്താല്‍ വലഞ്ഞ ആശുപത്രിക്കുള്ളിലെ ദയനീയാവസ്ഥയെക്കുറിച്ചുള്ള അബൂസഫിയയുടെ വീഡിയോ സന്ദേശങ്ങൾ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. അന്ന് മുതലെ ഇസ്രായേലിന്റെ കണ്ണിലെ കരടായിരുന്നു അദ്ദേഹം.
ഇസ്രായേലിന്റെ തടങ്കല്‍ പാളയത്തിലാണ് ഡോ.ഹുസാം അബൂ സഫിയ എന്നാണ് റിപ്പോര്‍ട്ടുകള്‍. കമാല്‍ അദ്വാനില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിടികൂടിയ ശേഷം അദ്ദേഹത്തെ പിന്നെയാരും കണ്ടിട്ടില്ല. മനുഷ്യാവകാശ സംഘടനകളടക്കം അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെടുമ്പോള്‍ ഹമാസ് പ്രവര്‍ത്തകനാണെന്നും ആശുപത്രി കേന്ദ്രീകരിച്ചുള്ള ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്തുകൊടുക്കുകയാണെന്നുമുള്ള പതിവ് വാദങ്ങള്‍ നിരത്തുകയാണ് ഇസ്രായേല്‍.
അതിനിടെ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടെന്ന് മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 45,885 ഫലസ്തീനികൾക്കാണ് ഇസ്രായേൽ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.
Watch Video Report