യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിർത്തി റഷ്യ
യുക്രയ്ൻ ആക്രമിച്ചതിന് ശേഷം പാശ്ചാത്യ ഉപരോധം ഏർപ്പെടുത്തിയതിന് പ്രതികാരമായി റഷ്യ നടപടി നീട്ടുമെന്ന് യൂറോപ്പ് ഭയപ്പെടുന്നു. റഷ്യ ഊർജ വിതരണത്തെ ഒരു യുദ്ധായുധം ആയി ഉപയോഗിക്കുകയാണെന്നും അവർ ആരോപിച്ചു.
മോസ്കോ: ജർമനിയിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തി റഷ്യ. നോർഡ് സ്ട്രീം-1 പൈപ് ലൈൻ വഴിയുള്ള ഗ്യാസ് വിതരണമാണ് റഷ്യ നിർത്തിയത്. ആഗസ്റ്റ് 31 മുതൽ സെപ്തംബർ മൂന്ന് വരെയാണ് ഗ്യാസ് വിതരണം നിർത്തിവച്ചിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച യൂറോപ്യൻ ഗ്യാസ് ഓപറേറ്റർ നെറ്റ്‌വര്‍ക്ക്, ബുധനാഴ്ച രാവിലെ മുതൽ ഗ്യാസ് എത്തുന്നില്ലെന്നും വ്യക്തമാക്കി.
അറ്റകുറ്റപ്പണികൾക്കായി മൂന്ന് ദിവസത്തേക്ക് ഡെലിവറി നിർത്തുമെന്ന് റഷ്യൻ ഊർജ ഭീമനായ ഗ്യാസ്പ്രോം പറഞ്ഞിരുന്നു. യുക്രയ്ൻ ആക്രമിച്ചതിന് ശേഷം പാശ്ചാത്യ ഉപരോധം ഏർപ്പെടുത്തിയതിന് പ്രതികാരമായി റഷ്യ നടപടി നീട്ടുമെന്ന് യൂറോപ്പ് ഭയപ്പെടുന്നു. റഷ്യ ഊർജ വിതരണത്തെ ഒരു യുദ്ധായുധം ആയി ഉപയോഗിക്കുകയാണെന്നും അവർ ആരോപിച്ചു.
എന്നാൽ ആരോപണം നിഷേധിച്ച റഷ്യ, ഗ്യാസ് വിതരണം നിർത്തിയതിനു പിന്നിൽ സാങ്കേതിക കാരണങ്ങളാണെന്ന് അവകാശപ്പെടുകയും ചെയ്തു. അതേസമയം, തങ്ങളുടെ ഗ്യാസ് സംഭരണം ഏകദേശം 85 ശതമാനം നിറഞ്ഞുവെന്നും മറ്റ് സ്രോതസുകളിൽ നിന്ന് വിതരണം ഉറപ്പാക്കുന്നുണ്ടെന്നും ജർമൻ നെറ്റ്‌വർക്ക് റെഗുലേറ്റർ പ്രസിഡന്റ് പറഞ്ഞു.
നേരത്തെ, പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള പ്രകൃതിവാതക വിതരണം റഷ്യ നിര്‍ത്തിയിരുന്നു. ഏപ്രിൽ 27 രാവിലെ മുതലാണ് പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള പ്രകൃതിവാതക വിതരണം റഷ്യന്‍ ഏജന്‍സിയായ ഗ്യാസ്പ്രോം നിര്‍ത്തിയത്.
പ്രകൃതിവാതകത്തിനുള്ള പണം റഷ്യന്‍ കറന്‍സിയായ റൂബിളില്‍ നല്‍കണമെന്ന വ്യവസ്ഥ അംഗീകരിക്കാത്തതിനാലാണ് വിതരണം നിര്‍ത്തിയതെന്നായിരുന്നു റഷ്യയുടെ വാദം. അതേസമയം, ജര്‍മനി ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളിലേക്കുള്ള പ്രകൃതിവാതക വിതരണം തുടർന്നിരുന്നു.
ഇതാണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്. റൂബിളില്‍ ഇടപാട് നടത്താന്‍ തയാറായില്ലെങ്കില്‍ മറ്റു രാജ്യങ്ങളിലേക്കുള്ള പ്രകൃതിവാഗത വിതരണവും നിര്‍ത്തുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
റഷ്യക്കു മേല്‍ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തുകയും വിദേശ കരുതല്‍ ധനം തടഞ്ഞുവയ്ക്കുകയും ചെയ്തതോടെയാണ് ഗ്യാസിനുള്ള പണം റൂബിളായി നല്‍കണമെന്ന് റഷ്യ നിലപാടെടുത്തത്. എന്നാൽ റഷ്യയുടെ നീക്കം രാജ്യാന്തര കരാറുകളുടെ ലംഘനമാണെന്നും ബ്ലാക്ക് മെയിലിങ് ആണെന്നും യൂറോപ്യന്‍ യൂണിയന്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇതിനിടെ, റേഡിയേഷൻ ദുരന്തത്തെക്കുറിച്ചുള്ള ആശങ്കയുയർത്തി റഷ്യൻ ഷെല്ലാക്രമണത്തെത്തുടർന്നുള്ള കേടുപാടുകൾ പരിശോധിക്കാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) സംഘം കിയവിൽ നിന്ന് സപ്പോരിജിയ ആണവ നിലയത്തിലേക്ക് പുറപ്പെട്ടു.
ഐഎഇഎ ഏജൻസിയുടെ ഇൻസ്പെക്ടർമാർ വ്യാഴാഴ്ച രാവിലെ തെക്കൻ യുക്രയ്നിലെ സപ്പോരിജിയ ആണവനിലയത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മേഖലയിലെ റഷ്യൻ സ്ഥാപിത അധികാരികളെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പരിശോധനയ്ക്ക് ഒന്നോ രണ്ടോ ദിവസമെടുക്കും. സന്ദർശനവുമായി ബന്ധപ്പെട്ട് ഐഎഇഎ വിദഗ്ധർ പ്ലാന്റിൽ തങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി പ്ലാന്റ് ആസ്ഥാന പട്ടണമായ എനർഗോഡറിലെ റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.