യുക്രൈൻ തലസ്ഥാനമായ കിയവ് പിടിക്കാൻ ആക്രമണം കടുപ്പിച്ച് റഷ്യ
യുക്രൈനിൽ റഷ്യയുടെ ആക്രമണം തുടരുകയാണ്. തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനാണ് റഷ്യയുടെ ഊർജിതശ്രമം. കിയവിന്റെ സമീപമെത്തിയ തങ്ങളുടെ സേന ഇന്നലെ 11 കിലോമീറ്റർ മുന്നേറിയതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു.
യുക്രൈൻ തലസ്ഥാനമായ കിയവ് പിടിക്കാൻ ആക്രമണം കടുപ്പിച്ച് റഷ്യ. ആക്രമണത്തിനായി റഷ്യ, ചൈനയുടെ സഹായം തേടിയെന്ന് അമേരിക്ക ആരോപിച്ചു. അതേസമയം ആരോപണം നിഷേധിച്ച് റഷ്യയുടെ ക്രൈമിയൻ വക്താവ് ദിമിത്രി പെസ്‍കോവ് രംഗത്തുവന്നു. യുക്രൈനിലെ സൈനികനീക്കം തുടരാൻ തങ്ങൾക്ക് മതിയായ കരുത്തുണ്ടെന്നും ആക്രമണം പൂർണ ധാരണയോടെയാണ് നടത്തുന്നതെന്നും പെസ്‍കോവ് പറഞ്ഞു.
യുക്രൈനിൽ റഷ്യയുടെ ആക്രമണം തുടരുകയാണ്. തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനാണ് റഷ്യയുടെ ഊർജിതശ്രമം. കിയവിന്റെ സമീപമെത്തിയ തങ്ങളുടെ സേന ഇന്നലെ 11 കിലോമീറ്റർ മുന്നേറിയതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. അതേസമയം യുക്രൈനെതിരെയുള്ള ആക്രമണം കൂടുതൽ ശക്തമാക്കാൻ റഷ്യ, ചൈനയിൽ നിന്ന് സൈനിക ഉപകരണങ്ങൾ ആവശ്യപ്പെട്ടതായി യു.എസ് ആരോപിച്ചു. ഇന്നലെ റോമിൽ നടന്ന യു.എസ്- ചൈന ഉന്നത ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്‍ചയ്ക്ക് മുൻപായിരുന്നു അമേരിക്കയുടെ ആരോപണം.
റഷ്യയെ സഹായിച്ചാൽ ചൈന ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് ജെയ്ക് സള്ളിവൻ മുന്നറിയിപ്പ് നൽകി. യുക്രൈനിന്റെ കരിങ്കടൽ തീരമേഖലയിൽ നിയന്ത്രണമുറപ്പിച്ച റഷ്യ, കടൽവഴിയുള്ള വ്യാപാരത്തിൽനിന്നും യുക്രൈനെ ഒറ്റപ്പെടുത്തിയതായി യു.കെ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. അതിനിടെ രാജ്യത്തെ പ്രതിരോധിക്കുന്നവരെ പ്രശംസിച്ച് യുക്രൈൻ പ്രതിരോധമന്ത്രിയും രംഗത്തെത്തി. ഒപ്പം വ്യോമ, മിസൈൽ ശേഷി ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും ഒലെൻസ്‍കി റെസ്‍നികോവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പോളണ്ട് അതിർത്തിയിലെ യുക്രൈൻ സൈനികതാവളത്തിന് നേരെയുള്ള റഷ്യൻ ആക്രമണം നാറ്റോ സഖ്യങ്ങൾക്കുള്ള ഭീഷണിയാണെന്ന് പോളണ്ട് വിദേശസഹമന്ത്രി മാർസിൻ പ്രിസ്‍ഡസ് പറഞ്ഞു. അതിനിടെ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‍കി നാളെ യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും.