യുക്രൈനിൽ 1351 സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ സൈന്യം
അതേസമയം യുദ്ധഭൂമിയില്‍ നിന്നും 40,000 പൗരന്‍മാരെ ഒഴിപ്പിച്ചുവെന്നും സൈന്യം വ്യക്തമാക്കി
യുദ്ധത്തില്‍ തങ്ങളുടെ 1,351 പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം അറിയിച്ചു. അതേസമയം യുദ്ധഭൂമിയില്‍ നിന്നും 40,000 പൗരന്‍മാരെ ഒഴിപ്പിച്ചുവെന്നും സൈന്യം വ്യക്തമാക്കി.
കിയവിലേക്ക് പാശ്ചാത്യ രാജ്യങ്ങള്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനെ റഷ്യന്‍ സൈന്യം അപലപിച്ചു. മോസ്കോയില്‍ നടന്ന മീറ്റിംഗിലാണ് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ മരണങ്ങളുടെ കണക്ക് വ്യക്തമാക്കിയത്. 3,825 സൈനികർക്ക് പരിക്കേറ്റതായും അറിയിച്ചു. കിഴക്കൻ ഡൊണെസ്‌ക്, ലുഗാൻസ്ക് മേഖലകളിൽ നിന്നും യുക്രൈനിലെ മറ്റ് ഭാഗങ്ങളിൽ നിന്നും 419,736 സാധാരണക്കാരെ റഷ്യയിലേക്ക് ഒഴിപ്പിച്ചതായി പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ മിഖായേൽ മിസിന്‍റ്സെവ് പറഞ്ഞു. ഇവരിൽ 88,000-ത്തിലധികം കുട്ടികളും 9,000 വിദേശികളുമുണ്ട്. എല്ലാ ഭാഗത്തും മാനുഷിക ഇടനാഴികള്‍ തുറക്കുന്നത് റഷ്യ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാശ്ചാത്യ രാജ്യങ്ങൾ കിയവിലേക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നത് വലിയ തെറ്റാണെന്ന് തങ്ങൾ കരുതുന്നുവെന്ന് ജനറൽ സ്റ്റാഫിന്‍റെ മുതിർന്ന പ്രതിനിധി സെർജി റുഡ്‌സ്‌കോയ് പറഞ്ഞു. ഇത് സംഘര്‍ഷത്തിന്‍റെ ആഴം കൂട്ടുകയും ഇരകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും റുഡ്സ്കോയ് കൂട്ടിച്ചേർത്തു. അത്തരം ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിന്‍റെ ലക്ഷ്യം യുക്രൈനെ പിന്തുണയ്ക്കുകയല്ല, മറിച്ച് അതിനെ ഒരു നീണ്ട സൈനിക സംഘട്ടനത്തിലേക്ക് വലിച്ചിടുക എന്നതാണ്.നാറ്റോയിലെ ചില അംഗങ്ങൾ ആകാശം അടയ്ക്കാൻ നിർദേശിക്കുന്നു. റഷ്യയുടെ സായുധ സേന അതിനനുസരിച്ച് പ്രതികരിക്കുമെന്നും റുഡ്സ്കോയ് പറഞ്ഞു. യുക്രൈന് 14,000 സൈനികരെ നഷ്ടപ്പെട്ടതായും 16,000 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അവകാശപ്പെട്ടു.