യുക്രേനിയന്‍ കുട്ടികളെ സഹായിക്കാന്‍ റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ നൊബേല്‍ സമ്മാനം വിറ്റു; ലേലത്തില്‍ ലഭിച്ചത് 103.5 മില്യണ്‍ ഡോളര്‍
റെക്കോഡ് തുകയ്ക്കാണ് ദിമിത്രിയുടെ പുരസ്കാരം വിറ്റുപോയത്
റഷ്യ: യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നും പലായനം ചെയ്ത കുട്ടികളെ സഹായിക്കുന്നതിനായി റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ തനിക്ക് ലഭിച്ച നൊബേല്‍ സമ്മാനം ലേലത്തില്‍ വച്ചു. ദിമിത്രി മുറാറ്റോവാണ് പുരസ്കാരം ലേലത്തിന് വച്ചത്. റെക്കോഡ് തുകയ്ക്കാണ് ദിമിത്രിയുടെ പുരസ്കാരം വിറ്റുപോയത്. 103.5 ദശലക്ഷം ഡോളറാണ് നൊബേല്‍ സമ്മാനത്തിന് ലഭിച്ചത്.
ലോക അഭയാർഥി ദിനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ തിങ്കളാഴ്ചയാണ് ലേലം നടന്നത്. ലേലത്തില്‍ ലഭിച്ച മുഴുവന്‍ തുകയും യുക്രേനിയന്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള യുനിസെഫിന്‍റെ പ്രവര്‍ത്തനത്തിനു വേണ്ടി ഉപയോഗിക്കുമെന്ന് സംഘാടകരായ ഹെറിറ്റേജ് ഓക്ഷന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ലേലത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു നൊബേല്‍ സമ്മാനം ഇത്രയും തുകയ്ക്ക് വിറ്റുപോയതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍കാലങ്ങളിലെ ഏറ്റവും ഉയര്‍ന്ന വില്‍പന 5 മില്യൺ ഡോളറിൽ താഴെയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു."ഈ അവാർഡ് മറ്റേതൊരു ലേല ഓഫറിൽ നിന്നും വ്യത്യസ്തമാണ്," ഹെറിറ്റേജ് ഓക്ഷന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
ഫിലിപ്പൈൻസില്‍ നിന്നുള്ള മരിയ റീസയുമായി 2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടയാളാണ് ദിമിത്രി. നോവയ ഗസറ്റ് എന്ന ദിനപത്രത്തിന്‍റെ എഡിറ്റർ ഇൻ ചീഫ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ സംരക്ഷണത്തിനും ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടി വാദിക്കുന്ന പത്രപ്രവർത്തകനും കൂടിയാണ് ദിമിത്രി. 1993 പ്രവർത്തനം തുടങ്ങിയ സ്വതന്ത്ര ദിനപത്രമായ നോവാജോ ഗസറ്റയുടെ സ്ഥാപകരിൽ ഒരാളാണ് ദിമിത്രി മുറാറ്റോവ്.