റഷ്യൻ എണ്ണവ്യാപാരി രവിൽ മഗ്നോവ് ആശുപത്രി ജനലിൽനിന്ന് വീണു മരിച്ചു
മഗ്നോവിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നുമാണ് റഷ്യൻ ഏജൻസികൾ പറയുന്നത്.
മോസ്‌കോ: റഷ്യൻ എണ്ണക്കമ്പനിയായ ലൂകോയിലിന്റെ തലവൻ രവിൽ മഗ്നോവ് ആശുപത്രി ജനലിൽനിന്ന് വീണു മരിച്ചു. മഗ്നോവിന്റെ മരണം കമ്പനി സ്ഥിരീകരിച്ചെങ്കിലും ഗുരുതര രോഗം മൂലം മരിച്ചെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്.
എന്നാൽ മോസ്‌കോയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മഗ്നോവ് പരിക്കേറ്റു മരിച്ചെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയിൽ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ നിരവധി ഉന്നത ബിസിനസ് എക്‌സിക്യൂട്ടീവുകളിൽ ഏറ്റവും പുതിയയാളാണ് മഗ്‌നോവ്.
മഗ്നോവിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നുമാണ് റഷ്യൻ ഏജൻസികൾ പറയുന്നത്. ആശുപത്രിയുടെ ആറാം നിലയിലെ ജനലിൽനിന്നാണ് മഗ്നോവ് വീണതെന്ന് വാർത്താ ഏജൻസിയായ ടാസ്സ റിപ്പോർട്ട് ചെയ്തു.
യുക്രൈൻ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് നേരത്തെ ലൂകോയിൽ ഡയറക്ടർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. യു.കെ ഉപരോധമേർപ്പെടുത്തിയതിനെ തുടർന്ന് കമ്പനിയുടെ പ്രസിഡന്റ് വഗിത് അലെക്‌പെറോവ് ഏപ്രിലിൽ രാജിവെച്ചിരുന്നു. അടുത്ത മാസങ്ങളിലായി റഷ്യൻ ഊർജ വ്യാപാരരംഗത്തെ നിരവധി പ്രമുഖരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
കോടീശ്വരനായ നൊവാടെക് മുൻ മാനേജർ സെർജി പ്രോട്ടോസെനിയെ ഏപ്രിലിൽ ഒരു സ്പാനിഷ് വില്ലയിൽ ഭാര്യയ്ക്കും മകൾക്കുമൊപ്പം മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഗാസ്പ്രോംബാങ്കിന്റെ മുൻ വൈസ് പ്രസിഡന്റ് വ്ളാഡിസ്ലാവ് അവയേവിനെയും മോസ്‌കോയിലെ ഫ്ളാറ്റിൽ ഭാര്യയ്ക്കും മകൾക്കുമൊപ്പം മരിച്ച നിലയിൽ കണ്ടെത്തി. മെയ് മാസത്തിൽ, മുൻ ലുകോയിൽ വ്യവസായി അലക്‌സാണ്ടർ സുബോട്ടിൻ ഹൃദയസ്തംഭനം മൂലം മരിച്ചു.