'വെടിയേറ്റ പാടുകൾ': 'ഹ്വാൾദിമിറി'നെ വെടിവെച്ച് കൊന്നതാണെന്ന ആരോപണവുമായി മൃഗസംരക്ഷണ സംഘടനകൾ

'ഹ്വാള്‍ദിമിറി'ന് യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ലായിരുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Update: 2024-09-07 09:57 GMT
Editor : rishad | By : Web Desk
Advertising

സ്റ്റാവഞ്ചര്‍ (നോര്‍വേ): റഷ്യൻ ചാരത്തിമിംഗലമെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗലമായ 'ഹ്വാള്‍ദിമിറി'നെ വെടിവെച്ച് കൊന്നതാണെന്ന ആരോപണവുമായി മൃ​ഗസംരക്ഷണ സംഘടനകൾ.

തിമിംഗലത്തിന്റെ ശരീരത്തില്‍ നിരവധി വെടിയുണ്ടകളേറ്റ മുറിവുകളുണ്ടായിരുന്നുവെന്ന് ആരോപിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും നോവ, വണ്‍ വെയില്‍ തുടങ്ങിയ സംഘടനകള്‍ നോര്‍വെ പൊലീസിന് പരാതി നല്‍കി. ഓഗസ്റ്റ് 31നാണ് തിമിംഗലത്തെ ചത്ത നിലയിൽ കണ്ടെത്തിയത്.

ഹ്വാള്‍ദിമിറിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കഴിഞ്ഞ തിങ്കളാഴ്ചയാണ് നോർവീജിയൻ വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രാദേശിക ബ്രാഞ്ചിലേക്ക് കൊണ്ടുപോയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ മൂന്നാഴ്ച വേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഹ്വാള്‍ദിമിറിന് യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ലായിരുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിമിംഗിലത്തിന് നേർക്ക് ആക്രമണം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വണ്‍ വെയില്‍ സംഘടനയുടെ തലവന്‍ റെജിന ക്രോസ്ബി പറഞ്ഞു. രാജ്യത്തെ സെലിബ്രിറ്റിയായി മാറിയ ഹ്വാള്‍ദിമിറിനെ ട്രാക്കുചെയ്യുന്നതിനാണ് ഈ സംഘടന സ്ഥാപിച്ചത് തന്നെ. 

തിമിംഗലത്തിന്റെ ശരീരത്തിലെ മുറിവുകൾ അപകടകരവും ഒരു ക്രിമിനൽ പ്രവൃത്തി തള്ളിക്കളയാൻ കഴിയാത്ത സ്വഭാവവുമാണെന്നാണ് മറ്റൊരു സംഘടനായ നോവയുടെ ഡയറക്ടർ സിരി മാർട്ടിൻസൻ പ്രസ്താവനയിൽ വ്യക്തമാക്കിയത്.  ബെലുഗ തിമിംഗലത്തിന് ഏകദേശം 15 മുതൽ 20 വയസ്സ് വരെ പ്രായമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. സാധാരണയായി, ഒരു ബെലുഗ തിമിംഗലത്തിന് 40 മുതൽ 60 വർഷം വരെ ജീവിക്കാൻ കഴിയും. 

2019ൽ നോർവേയിലെ ഫിൻമാർക്ക് മേഖലയിലാണ് വെള്ള ബെലുഗ തിമിംഗലം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വടക്കന്‍ നോര്‍വേയിലെ തീരനഗരമായ ഹമ്മര്‍ഫെസ്റ്റിന് സമീപം കടലില്‍ മത്സ്യത്തൊഴിലാളികളാണ് ആദ്യമായി വാൽഡിമിനെ കണ്ടത്. 

കഴുത്തില്‍ 'സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ (റഷ്യന്‍ നഗരം) നിന്നുള്ള ഉപകരണം' എന്ന് രേഖപ്പെടുത്തിയ കോളര്‍ ബെല്‍റ്റ് കണ്ടതോടെയാണ് ഹ്വാള്‍ദിമിർ റഷ്യയുടെ ചാരത്തിമിംഗിലമാണെന്ന സംശയമുയര്‍ന്നത്. കോളര്‍ബെല്‍റ്റില്‍ ക്യാമറയും ഘടിപ്പിച്ചിരുന്നു. അതേസമയം,  ഹ്വാള്‍ദിമിറിന്റെ ഉടമസ്ഥത റഷ്യ ഏറ്റെടുക്കാത്തതിനാൽ ഇത് ചാരത്തിമിംഗിലമാണോ എന്ന കാര്യം ഇപ്പോഴും വ്യക്തതയില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News