റഷ്യയില്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ നീണ്ടനിര
ഉപരോധത്തെ തുടര്‍ന്ന് റൂബിളിന്റെ മൂല്യം കുറഞ്ഞതോടെയാണ് പണം പിൻവലിക്കാൻ തിരക്കേറിയത്
റഷ്യയിലെ ബാങ്കുകളിലും എടിഎമ്മിലും പണം പിന്‍വലിക്കാന്‍ ജനങ്ങളുടെ തിരക്ക്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ തുടര്‍ന്ന് റൂബിളിന്റെ മൂല്യം കുറഞ്ഞതോടെയാണ് പണം പിൻവലിക്കാൻ തിരക്കേറിയത്. പ്രതിസന്ധി മറികടക്കാന്‍ റഷ്യന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് ഇരട്ടിയാക്കി.
അമേരിക്കയും യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും കാനഡയുമൊക്കെ റഷ്യന്‍ ബാങ്കുകള്‍ക്ക് സാമ്പത്തിക വിപണിയില്‍ വിലക്കേര്‍പ്പെടുത്തിയതോടെയാണ് റൂബിളിന് വന്‍ മൂല്യതകര്‍ച്ചയുണ്ടായത്. ഇതോടെ റഷ്യയിലെ ബാങ്കുകളിലും എടിഎമ്മുകളിലും പണം പിന്‍വലിക്കാനുള്ളവരുടെ നീണ്ട നിരയാണ്.
റൂബിളിന്‍റെ മൂല്യത്തകര്‍ച്ചയോടെ ആഘാതം കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും റഷ്യന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് ഇരട്ടിയായി കൂട്ടിയിട്ടുണ്ട്. നിലവിലെ പലിശ നിരക്ക് 9.5 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്.
രാജ്യത്തെ പ്രമുഖ്യ വ്യവസായികളും കോടീശ്വരന്‍മാരുമൊക്കെ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. അനിവാര്യമല്ലാത്ത ഒരു യുദ്ധത്തിലേക്ക് പോയി സാമ്പത്തിക മേഖലയെ തകിടം മറിക്കണോയെന്നാണ് മിഖായേല്‍ ഫ്രൈഡ്മാന്‍ ചോദിച്ചു. യുക്രൈനെ ആക്രമിക്കുന്ന നിലപാടില്‍ നിന്ന് റഷ്യ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് റഷ്യയുടെ വിവിധയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്.
അതേസമയം ഞായറാഴ്ച റഷ്യൻ പീരങ്കിപ്പട നടത്തിയ ആക്രമണത്തിൽ ഒഖ്തീർഖയിൽ 70 സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാല് നിലയുള്ള സൈനിക താവളം പൂർണമായി തകർന്നു. അതിമാരകമായ വാക്വം ബോംബ് പ്രയോഗിച്ചതായി അമേരിക്കയിലെ യുക്രൈൻ അംബാസഡർ ആരോപിച്ചു.
സമാധാന ചർച്ചക്ക് പിന്നാലെ കിയവ് ലക്ഷ്യമാക്കിയുള്ള റഷ്യൻ സൈനിക മുന്നേറ്റത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവന്നു. നൂറുകണക്കിന് സൈനിക വാഹനങ്ങളും ടാങ്കുകളും കിയവ് ലക്ഷ്യമാക്കി നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 64 കിലോമീറ്റർ നീളത്തിലുള്ള സൈനിക വ്യൂഹം നഗരത്തിന് 27 കിലോമീറ്റർ അടുത്തെത്തിതായി ചിത്രം പുറത്തുവിട്ട യുഎസ് ഏജൻസി വ്യക്തമാക്കി. ബെലാറൂസ് വഴിയും റഷ്യൻ സേനയുടെ മുന്നേറ്റം ശക്തമാണ്. ശക്തമായ പ്രതിരോധം യുക്രൈൻ നടത്തുന്നുണ്ടെങ്കിലും ഇന്ന് രാത്രിയോടെ കിയവിൽ പ്രവേശിക്കാനാണ് റഷ്യൻ പദ്ധതി.
ഖാർകീവിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. ഖറാസോൺ കീഴടക്കിയതായി റഷ്യ അവകാശപ്പെട്ടു. ഖാർകീവിലെ ആക്രണത്തിനെതിരെ യുക്രൈൻ പ്രസിഡന്റ് സെലൻസ്കി രംഗത്തുവന്നു. സിവിലിയൻമാർക്കെതിരായ ആക്രമണത്തിൽ റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 56 റോക്കറ്റുകളും 113 ക്രൂയിസ് മിസൈലുകളും റഷ്യ ഖാർകീവില്‍ പ്രയോഗിച്ചതായും അദ്ദേഹം ആരോപിച്ചു.