ആറൂരിയുടെ വധത്തിന് കനത്ത തിരിച്ചടിയെന്ന് ഹമാസ്; ചെങ്കടലിൽ ആക്രമണം ശക്തമാക്കി ഹൂതികൾ

ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരെ ഹൂതികൾ രണ്ട് മിസൈലുകൾ തൊടുത്തുവിട്ടു

Update: 2024-01-03 07:54 GMT
Editor : Lissy P | By : Web Desk
Advertising

 ബൈയ്റൂത്ത്: ഹമാസ് നേതാവ് സാലിഹ്​ അൽആറൂരിയുടെ കൊലപാതകത്തിന് പിന്നാലെ ചെങ്കടലിൽ ആക്രമണം ശക്തമാക്കി ഹൂതികൾ. ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ രണ്ട് മിസൈലുകൾ തൊടുത്തുവിട്ടു. ചെങ്കടലിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യുഎൻ രക്ഷാ സമിതി ഇന്ന് പ്രത്യേക യോഗം ചേരും

ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ്​ ഓഫീസിനു നേരെ ഇസ്രായേൽ ഇന്നലെ നടത്തിയ ആക്രമണത്തിലാണ് സാലിഹ്​ അൽആറൂരി കൊല്ലപ്പെട്ടത്. അൽഖസ്സാം കമാണ്ടർമാരായ സാമിർ ഫൻദി, അസ്സാം അൽ അഖ്റ എന്നിവരും രക്ഷസാക്ഷികളായി.ഇസ്രായേൽ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്തിട്ടില്ല. അറൂരിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വെസ്റ്റ്ബാങ്കിൽ നൂറുകണക്കിനു പേർ പ്രകടനം നടത്തി

ആറൂറിയുടെ വധത്തിന്​ കനത്ത തിരിച്ചടി ഉറപ്പാണെന്ന്​ ഹമാസും ഹിസ്​ബുല്ലയും, ഹൂത്തി വിഭാഗവും പ്രതികരിച്ചു. അതിനു പിന്നാലെയാണ് ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരെ ഹൂതികൾ രണ്ട് മിസൈലുകൾ തൊടുത്തുവിട്ടത്. ചെങ്കടലിലെ സംഘർഷം ചർച്ച ചെയ്യാൻ ഇന്ന് യുഎൻ രക്ഷാസമിതി യോഗം ചേരുന്നുണ്ട്. അധ്യക്ഷ പദവി വഹിക്കുന്ന ഫ്രാൻസാണ് യോഗം വിളിച്ചത്. ഇസ്രായേൽ ലബനൻ അതിർത്തിയിൽ ഹിസ്ബുല്ലയുടെ ആക്രമണവും ശക്തമായി.വടക്കൻ ഗസ്സയിൽ നിന്ന് പിൻവലിച്ച സൈനികരിൽ ഒരുവിഭാഗത്തെ ഇസ്രായേൽ ലബനാൻ അതിർത്തിയിൽ നിയോഗിക്കും.

വെള്ളിയാഴ്ച നടത്തേണ്ട ഇസ്രായേൽ സന്ദർശനം യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കൻമാറ്റിവെച്ചു. ഇസ്രായേൽ മന്ത്രിസഭയിലെ അതിതീവ്രവലതുപക്ഷ മന്ത്രിമാർ ഗസ്സയെക്കുറിച്ച് നടത്തിയ പ്രസ്താവനകളെയും അമേരിക്ക തള്ളി. ഗസ്സയിലുള്ളവരെ കൊന്നൊടുക്കുകയോ ആട്ടിപ്പായിക്കുകയോ ചെയ്യണമെന്നായിരുന്നു മന്ത്രിമാരായ ബസ്ലേൽ സ്മോട്രിച്ചും ഇറ്റാമെർ ബെൻഗ്വിറും  പ്രതികരിച്ചിരുന്നത്. ഗസ്സ എന്നും ഫലസ്തീനുകളുടെ മണ്ണായി തന്നെ നിലനിൽക്കണമെന്നതാണ് അമേരിക്കയുടെ നയമെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ് വ്യക്തമാക്കി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News