സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം താലിബാന് സമാനമായിരിക്കും: സല്‍മാന്‍ റുഷ്ദി
വിദ്യാർഥി പ്രക്ഷോഭങ്ങളെ അദ്ദേഹം വിമർശിച്ചു
ന്യൂയോർക്ക്: താന്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ആജീവാനന്ത അനുകൂലിയായിരുന്നെന്നും എന്നാല്‍, ഇന്നത്തെ അവസ്ഥയില്‍ രാഷ്ട്രം രൂപീകൃതമായാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന് സമാനമായിരിക്കുമെന്നും നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദി. 1980കള്‍ മുതല്‍ ഫലസ്തീന്‍ രാഷ്ട്രത്തിന് വേണ്ടി താന്‍ വാദിക്കുന്നുണ്ട്. ഒരു പക്ഷേ ഇപ്പോള്‍ ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാവുകയാണെങ്കില്‍ അത് ഹമാസിന്റെ നിയന്ത്രണത്തിലാകും.
അത് താലിബാന് കീഴിലെ അഫ്ഗാനിസ്ഥാൻ പോലെയുള്ള രാജ്യമാവുകയും ഇറാന്റെ സഖ്യകക്ഷിയായി മാറുകയും ചെയ്യും. ഇതിനെയാണോ പുരോഗമന പ്രസ്ഥാനമെന്ന് പാശ്ചാത്യ ഇടതുപക്ഷം വിശേഷിപ്പിക്കുന്നതെന്നും സല്‍മാന്‍ റുഷ്ദി ചോദിച്ചു. മറ്റൊരു ആയത്തുള്ള ഖുമൈനി ഉദയം ചെയ്യുന്നതില്‍ അദ്ദേഹം പാശ്ചാത്യ ലോകത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
നിരപരാധികളുടെ മരണം കാരണം ഗസ്സയില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഏതൊരാള്‍ക്കും വിഷമമുണ്ടാകും എന്നതാണ് വസ്തുത. എന്നാല്‍, ഇതില്‍ ഹമാസിനും ഉത്തരവാദിത്വമുണ്ട്. കരാണം അവിടെ നിന്നാണ് ഇത് ആരംഭിച്ചത്. ഹമാസ് ഒരു ഭീകര സംഘടനയാണെന്നും സല്‍മാന്‍ റുഷ്ദി പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ സല്‍മാന്‍ റുഷ്ദി വിമര്‍ശിച്ചു. യുവാക്കളായ പുരോഗമന വിദ്യാര്‍ഥി രാഷ്ട്രീയക്കാര്‍ ഒരു ഫാഷിസ്റ്റ് തീവ്രവാദ ഗ്രൂപ്പിനെ പിന്തുണക്കുന്നത് വളരെ വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
സല്‍മാന്‍ റുഷ്ദി അധ്യാപകനായ ന്യൂയോര്‍ക്ക് സര്‍വകാലാശാലയിലെ ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തെക്കുറിച്ചുള്ള അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു. മറ്റു വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കിയാല്‍ മാത്രമേ താന്‍ ഗസ്സക്കായി പ്രകടനം നടത്താനുള്ള വിദ്യാര്‍ഥികളുടെ അവകാശത്തെ പിന്തുണക്കൂവെന്ന് അദ്ദേഹം പറഞ്ഞു. കോളജിലെ സ്വത്തുക്കള്‍ക്ക് നാശനഷ്ടം വരുത്തിയതിലും പൊലീസ് അക്രമത്തെയും സൽമാൻ റുഷ്ദി വിമര്‍ശിച്ചു.
വളരെ ആഴത്തിലുള്ള ചിന്തകള്‍ നടക്കുന്നില്ലെന്നാണ് തോന്നുന്നത്. ഗസ്സയിലെ മരണത്തില്‍ വൈകാരിക പ്രതികരണമുണ്ട്. അത് തികച്ചും ശരിയാണ്. എന്നാല്‍, അത് യഹൂദ വിരുദ്ധതയിലേക്കും ഹമാസിനെ പിന്തുണക്കുന്നതിലേക്കും നീങ്ങുന്നത് ഏറെ പ്രശ്‌നമാണെന്നും സല്‍മാന്‍ റുഷ്ദി പറഞ്ഞു.