'അതീവ സുരക്ഷാ കേന്ദ്രങ്ങളിലും ഇറാൻ മിസൈലുകൾ നാശംവിതച്ചു; അത്യാധുനിക യുദ്ധവിമാനങ്ങളുള്ള വ്യോമതാവളം ആക്രമിച്ചു'; സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

യുഎസ് നിർമിത യുദ്ധവിമാനങ്ങളായ എഫ്-35 ലൈറ്റ്‌നിങ് 2, സൂപ്പർ ഹെർക്കുലീസ്, ഇസ്രായേൽ നിർമിത വിമാനമായ വിങ് ഓഫ് സയണും ആക്രമിക്കപ്പെട്ട നെവാറ്റിം എയർബേസിലുണ്ടെന്നാണ് റിപ്പോർട്ട്

Update: 2024-10-03 12:39 GMT
Editor : Shaheer | By : Web Desk
Advertising

തെൽഅവീവ്: ഇസ്രായേൽ നഗരങ്ങൾക്കുനേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഇസ്രായേലിലെ തന്ത്രപ്രധാന സൈനിക താവളങ്ങളിലൊന്നായ നെവാറ്റിം എയർബേസിൽ മിസൈൽ നാശം വിതച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ 'അസോഷ്യേറ്റഡ് പ്രസ്' ആണ് ആക്രമണത്തിന്റെ ആഘാതം വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇസ്രായേൽ മാധ്യമങ്ങളും ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതീവ സുരക്ഷാ മേഖലകളിലൊന്നാണ് ബീർഷെബയിലെ നെവാറ്റം വ്യോമതാവളം. ഇസ്രായേലിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സേനാ വ്യോമതാവളങ്ങളിലൊന്നാണ്. ദക്ഷിണ ഇസ്രായേലിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് ഇറാൻ മിസൈലുകൾ നാശം വിതച്ചത്. ആക്രമണത്തിനിരയായ സൈനിക കേന്ദ്രങ്ങളെ കുറിച്ചുള്ള വാർത്തകൾക്ക് ഇസ്രായേൽ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതിനിടെയാണു പുതിയ ദൃശ്യങ്ങൾ പുറത്തുവരുന്നത്.

ഇറാൻ മിസൈൽ വർഷത്തിൽ യുദ്ധവിമാനങ്ങൾ നിർത്തിയിട്ട താവളത്തിന്റെ മേൽക്കൂരയിൽ വലിയൊരു ദ്വാരം രൂപപ്പെട്ടതായി 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്യുന്നു. റൺവേയോടു ചേർന്നുള്ള കെട്ടിടത്തിലാണു നാശനഷ്ടങ്ങളുണ്ടായത്. കെട്ടിടത്തിനു പരിസരത്ത് വലിയ തോതിൽ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വ്യോമതാവളത്തിലെ നാശനഷ്ടങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ ഐഡിഎഫ് തയാറായിട്ടില്ല. ആക്രമണത്തിനുശേഷമുള്ള വ്യോമതാവളത്തിന്റെ ചിത്രം പ്രസിദ്ധീകരിക്കുന്നതിനു സൈന്യത്തിന്റെ നിയന്ത്രണമുണ്ടെന്നും വാർത്തകൾ സൂചിപ്പിക്കുന്നുണ്ട്.


ഇസ്രായേൽ വ്യോമസേനയുടെ ഏറ്റവും അത്യാധുനികമായ യുദ്ധവിമാനങ്ങൾ നെവാറ്റിം എയർബേസിലുണ്ടെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ടിൽ പറയുന്നു. യുഎസ് നിർമിത എഫ്-35 ലൈറ്റ്‌നിങ് 2 യുദ്ധവിമാനങ്ങളും ഇതിൽ ഉൾപ്പെടും. അമേരിക്കയിലെ ലോക്ക്ഹീഡ് മാർട്ടിൻ കമ്പനി നിർമിച്ച കരുത്തുറ്റ യുദ്ധവിമാനമായ സൂപ്പർ ഹെർക്കുലീസും ഇസ്രായേൽ നിർമിത വിമാനമായ വിങ് ഓഫ് സയണും താവളത്തിലുണ്ടെന്നാണ് ഇസ്രായേൽ മാധ്യമമായ 'വൈ നെറ്റ് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നത്.

തങ്ങളുടെ വ്യോമതാവളങ്ങൾക്കുനേരെ ഇറാൻ ആക്രമണമുണ്ടായതായി കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, കാര്യമായ നാശങ്ങളൊന്നുമുണ്ടായിട്ടില്ലെന്നായിരുന്നു സൈന്യത്തിന്റെ വാദം. താവളത്തിന്റെ പ്രവർത്തനം തടസമില്ലാതെ തുടർന്നെന്നും വ്യക്തമാക്കിയിരുന്നു. ഓഫിസ് കെട്ടിടം, മെയിന്റനൻസ് കേന്ദ്രം എന്നിവിടങ്ങളിലാണ് മിസൈൽ പതിച്ചത്. യുദ്ധവിമാനങ്ങൾക്കോ ഡ്രോണുകൾക്കോ ആയുധങ്ങൾക്കോ സുപ്രധാനമായ കെട്ടിടങ്ങൾക്കോ ഒന്നും ഒരു നാശനഷ്ടവുമുണ്ടായിട്ടില്ലെന്നും ഐഡിഎഫ് അവകാശപ്പെട്ടിരുന്നു.

തെൽഅവീവിലെ മൊസാദ് ആസ്ഥാനത്തിലോ തൊട്ടടുത്തോ ഇറാൻ മിസൈൽ പതിച്ചതായി അന്താരാഷ്ട്ര മാധ്യമമായ 'സിഎൻഎൻ' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പുറമെയാണ് നെവാറ്റിം, തെൽ നോഫ് വ്യോമതാവളങ്ങളും ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ഏപ്രിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെയും നെവാറ്റിം ഉന്നമിട്ടിരുന്നു.

അതിനിടെ, കഴിഞ്ഞ ദിവസത്തെ മിസൈൽ ആക്രമണ സമയത്ത് നെവാറ്റിം വ്യോമതാവളത്തിനു സമീപത്തുള്ള നെഗേവ് മരുഭൂമിയിൽനിന്നു പകർത്തിയ ദൃശ്യങ്ങളും ഇസ്രായേൽ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. നെവാറ്റിം താവളം ലക്ഷ്യമിട്ട് തുടർച്ചയായി മിസൈലുകൾ എത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഒക്ടോബർ ഒന്നിനു രാത്രിയായിരുന്നു ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാനിൽനിന്ന് തുരുതുരാ മിസൈലുകൾ വർഷിച്ചത്. 200ഓളം ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ചതെന്നാണു വിവരം. ഹിസ്ബുല്ല തലവൻ സയ്യിദ് ഹസൻ നസ്‌റുല്ലയുടെ കൊലപാതകത്തിനു പിന്നാലെ ഇറാൻ ആക്രമണമുണ്ടാകുമെന്ന് അമേരിക്ക ഇസ്രായേലിനു മുന്നറിയിപ്പ് നൽകിയിരുന്നു. ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടാകുമെന്നായിരുന്നു യുഎസ് മുന്നറിയിപ്പ്. എന്നാൽ, ഇതിന്റെ കൂടി പശ്ചാത്തലത്തിൽ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടും ഇറാൻ മിസൈലുകൾ പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലെല്ലാം പതിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇസ്രായേലിനെ ഞെട്ടിച്ച ആക്രമണത്തിൽ ആളപായത്തിന്റെയോ നാശനഷ്ടത്തിന്റെ കണക്കുകൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. വിവരങ്ങൾ പുറത്തുവിടാൻ ഇസ്രായേലും തയാറായിട്ടില്ല. ഇറാൻ സഹായകരമാകുന്ന വിവരങ്ങളൊന്നും തങ്ങൾ നൽകില്ലെന്നാണ് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയത്. പൂർണമായ വിവരങ്ങൾ പുറത്തുവിടാൻ സൈന്യത്തിന്റെയും ഭരണകൂടത്തിന്റെയും നിയന്ത്രണമുണ്ടെന്ന് ഇസ്രായേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Summary: Satellite images reveal damage to Israel’s key Air Force base in Nevatim after Iranian missile strike

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News