'യുദ്ധം അവസാനിപ്പിക്കൂ': ലോകവ്യാപക പ്രതിഷേധം, റഷ്യയില്‍ അറസ്റ്റിലായവരുടെ എണ്ണം 5250 ആയി

റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പ്രതിഷേധം തുടരുകയാണ്

Update: 2022-02-28 01:41 GMT
Advertising

യുക്രൈനെതിരായ റഷ്യൻ അധിനിവേശത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം തുടരുകയാണ്. റഷ്യയിൽ പ്രതിഷേധിച്ച രണ്ടായിരത്തിലധികം പേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ പ്രതിഷേധത്തിനിടെ റഷ്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 5250 ആയി.

റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പ്രതിഷേധം തുടരുകയാണ്. "ഞാൻ യുദ്ധത്തിന് എതിരാണ്. 1941ലാണ് ഞാൻ ജനിച്ചത്. അതിന്റെ അർത്ഥമെന്താണെന്ന് എനിക്കറിയാം"- പ്രതിഷേധത്തില്‍ പങ്കെടുത്ത വലേരിയ ആൻഡ്രേവ എന്ന റഷ്യക്കാരി പറഞ്ഞു. ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ച വർഷമാണ് വലേരിയ ജനിച്ചത്.

ജർമൻ തലസ്ഥാനം ബെർലിനില്‍ സ്റ്റോപ്പ് പുടിൻ പ്രതിഷേധമുയര്‍ന്നു. അഞ്ച് ലക്ഷത്തോളം പേരാണ് യുക്രൈന് വേണ്ടി ശബ്ദമുയർത്തിയത്. തുർക്കിയിലും പ്രതിഷേധമുണ്ട്. ഇസ്താൻബുളില്‍ അണിനിരന്നത് നിരവധി പേർ. ആസ്ത്രേലിയയിലെ മെൽബണിൽ ഇന്നലെയുണ്ടായത് റഷ്യക്കെതിരെയുള്ള വലിയ ഒത്തുകൂടലാണ്. ആഫ്രിക്കൻ തലസ്ഥാനമായ കേപ് ടൗണിൽ പ്രതിഷേധിച്ചവരധികവും റഷ്യക്കാർ തന്നെയാണ്. റഷ്യൻസ് സ്റ്റാൻഡ്സ് വിത്ത് യുക്രൈൻ എന്ന ബാനറുമേന്തിയായിരുന്നു പ്രതിഷേധം.

ഫുട്ബോൾ ലോകത്തും യുക്രൈന് ഐക്യദാർഢ്യമേറുകയാണ്. ഭാവിയിൽ റഷ്യക്കെതിരെ ഒരു മത്സരവും ഇംഗ്ലണ്ട് കളിക്കില്ലെന്ന് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. വെംബ്ലിയിൽ നടന്ന ലിവർപൂൾ - ചെൽസി മത്സരത്തിന് മുന്നേ യുക്രൈന് വേണ്ടി താരങ്ങൾ അണിനിരന്നു. യുദ്ധം തുടരുമ്പോഴും റഷ്യക്കെതിരെയുള്ള പ്രതിഷേധവും പതിന്മടങ്ങ് വർധിക്കുകയാണ്.

"പ്രസിഡന്റ് പുടിനെതിരെയും അദ്ദേഹം നേതൃത്വം നല്‍കുന്ന യുദ്ധത്തിനെതിരെയും പരസ്യമായി പ്രതിഷേധിക്കുന്നത് അത്യന്തം ധീരമായ പ്രവൃത്തിയാണ്. പുടിന്‍ യുക്രൈനില്‍ ചെയ്യുന്ന കാര്യങ്ങളോട് വിയോജിക്കുന്ന റഷ്യക്കാരുണ്ടെന്ന് അവരുടെ പ്രവർത്തനങ്ങൾ വ്യക്തമക്കുന്നു"- വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു.




Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News