വിദ്യാര്‍ഥിക്ക് വാക്സിന്‍ കുത്തിവച്ചു; അധ്യാപിക അറസ്റ്റില്‍
ന്യൂയോര്‍ക്കിലെ ബയോളജി അധ്യാപികയായ ലോറ റുസ്സോയാണ് അറസ്റ്റിലായത്
നിയമപരമായ അനുമതിയില്ലാതെ 17കാരനായ വിദ്യാര്‍ഥിക്ക് കോവിഡ് വാക്സിന്‍ കുത്തിവെപ്പ് നല്‍കിയതിന് അധ്യാപിക അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ ബയോളജി അധ്യാപികയായ ലോറ റുസ്സോയാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതമോ കുത്തിവെപ്പ് നല്‍കാന്‍ നിയമപരമായ അനുമതിയോ ഇല്ലാതിരുന്ന ലോറ തന്‍റെ വീട്ടില്‍ വച്ചാണ് ഡോസ് നല്‍കിയതെന്ന് പൊലീസ് പറയുന്നു.
വാക്സിനേഷൻ കേന്ദ്രങ്ങളിലോ അധികാരികളുടെയും മെഡിക്കൽ വിദഗ്ധരുടെയും സാന്നിധ്യത്തിലോ വേണം കുത്തിവെപ്പ് നടത്താന്‍. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയായിരുന്നു അധ്യാപിക കുത്തിവെപ്പ് നടത്തിയത്. ലൂറോക്ക് എങ്ങനെയാണ് വാക്സിന്‍ ലഭിച്ചു എന്ന കാര്യവും വ്യക്തമല്ല. വിദ്യാര്‍ഥിയുടെ മാതാപിതാക്കളില്‍ നിന്നും സമ്മതം നേടിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിയമവിരുദ്ധ കുത്തിവെപ്പിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്ന്, പുതുവത്സര തലേന്നാണ് റൂസോയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. അധ്യാപിക ഒരു മെഡിക്കൽ പ്രൊഫഷണലോ അവര്‍ക്ക് വാക്സിനുകൾ നൽകാനുള്ള അധികാരമോ അല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തെക്കുറിച്ച് അറിഞ്ഞ കുട്ടിയുടെ മാതാവ് അധികൃതരുമായി ബന്ധപ്പെട്ടതായി ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. 54കാരിയായ ലോറ വിദ്യാര്‍ഥിക്ക് വാക്സിന്‍ നല്‍കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ''അവൾ വാക്സിൻ എടുത്തിരുന്നു. അത് അവൾക്ക് എങ്ങനെ ലഭിച്ചു എന്നതിനെ കുറിച്ച് ഇപ്പോഴും അന്വേഷണത്തിലാണ്," നസാവു പൊലീസ് കമ്മീഷണർ പാട്രിക് റൈഡർ പറഞ്ഞു.റുസ്സോയെ ഹെറിക്‌സ് ഹൈ സ്‌കൂളിലെ സ്ഥാനത്തുനിന്നും നീക്കിയതായി സ്‌കൂൾ സൂപ്രണ്ട് ഡോ ഫിനോ സെലാനോ പറഞ്ഞു.