'ഗസ്സയിൽ ആദ്യം സമാധാനം വരട്ടെ എന്നിട്ട് മതി ചർച്ച': ഇസ്രായേലുമായുള്ള കൂടിക്കാഴ്ചകൾ നിർത്തിവെച്ച് സ്‌കോട്ട്‌ലാൻഡ്
ഗസ്സയിൽ ഇസ്രായേലിന്റെ ക്രൂരകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുത്തിട്ടുണ്ടെന്നും അതിൽ മാറ്റമില്ലെന്നും സ്‌കോട്‌ലാൻഡ് വിദേശകാര്യ സെക്രട്ടറി
എഡിൻബറ: ഇസ്രായേലുമായി എല്ലാ തരത്തിലുമുള്ള കൂടിക്കാഴ്ചകളും നിർത്തിവെച്ച് സ്‌കോട്ട്‌ലാൻഡ് സർക്കാർ. ഗസ്സയിൽ സമാധാനം പുനസ്ഥാപിക്കുന്നത് വരെയും അവിടേക്കുള്ള മാനുഷിക സഹായത്തിനുള്ള എല്ലാ വഴികളും തുറക്കുന്നത് വരെയും ഇസ്രായേലുമായി ഒരു ചര്‍ച്ചയും വേണ്ടെന്നാണ് സ്കോട്ട്ലാന്‍ഡ് വിദേശകാര്യ സെക്രട്ടറി ആംഗസ് റോബർട്ട്‌സൺ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
ഗസ്സയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളുടെ ഭാഗമാകുക, അവിടേക്ക് അയക്കുന്ന സഹായങ്ങളെ തടയാതിരിക്കുക, വംശഹത്യയുടെയും യുദ്ധക്കുറ്റങ്ങളുടെയും അന്വേഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നടപടികളോട് പൂർണ്ണമായും സഹകരിക്കുക എന്നീ ആവശ്യങ്ങള്‍ ഇസ്രായേല്‍ സ്വീകരിക്കുന്നത് വരെയും ഞങ്ങളുടെ നിലപാട് തുടരുമെന്നും റോബർട്ട്സൺ പറഞ്ഞു.
യു.കെയിലെ ഇസ്രായേലിൻ്റെ ഡെപ്യൂട്ടി അംബാസഡർ ഡാനിയേല ഗ്രുഡ്‌സ്‌കിയുമായി റോബർട്ട്‌സൺ കൂടിക്കാഴ്ച നടത്തിയത് വന്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഭരണകക്ഷിയായ എസ്.എന്‍.പി( സ്കോടിഷ് നാഷണല്‍ പാര്‍ട്ടി) തന്നെ റോബോര്‍ട്സന്റെ കൂടിക്കാഴ്ചക്കെതിരെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്കോട്ലാന്‍ഡ് സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം ഇസ്രായേൽ അംബാസിഡറുമായുള്ള ആ കൂടിക്കാഴ്ച, വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളില്‍ മാത്രം ഒതുങ്ങാത്തതില്‍ അദ്ദേഹം മാപ്പ് ചോദിച്ചിരുന്നു.
എന്നാല്‍ ഇസ്രായേലിന്റെ അഭ്യർത്ഥന പ്രകാരമാണ് പുതിയ അംബാസഡറുമായുള്ള കൂടിക്കാഴ്ച നടത്തിയതെന്നും ഗസ്സയിൽ ഉടനടി വെടിനിർത്തലിന്റെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാറിന്റെ വ്യക്തമായ നിലപാട് പ്രകടിപ്പിച്ചിട്ടുണ്ടെന്നും അല്ലാതെ അവരുടെ അതിക്രമങ്ങളെ അംഗീകരിക്കാന്‍ വേണ്ടിയല്ലെന്നും റോബർട്ട്‌സൺ പറഞ്ഞു. ഗസ്സയിൽ ഇസ്രായേലിന്റെ ക്രൂരകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുത്തിട്ടുണ്ടെന്നും അതിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കൂടിക്കാഴ്ചയെക്കുറിച്ച് ആര്‍ക്കും വ്യക്തമായ വിവരം ഉണ്ടായിരുന്നില്ല. റോബർട്ട്‌സണിനൊപ്പം നില്‍ക്കുന്ന ചിത്രം ഡാനിയേല എക്സില്‍ പങ്കുവെച്ചതോടെയാണ് രണ്ടാഴ്ച മുമ്പ് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ചര്‍ച്ചയാകുന്നത്.
വിമർശനം കനത്തതോടെ കൂടിക്കാഴ്ചയെ ശരിവെച്ച് സ്കോട്ലാന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്ററും സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ നേതാവുമായ ജോൺ റാംസെ സ്വിനി രംഗത്ത് എത്തി. ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തലിന്റെ ആവശ്യകതയെക്കുറിച്ച് അറിയിക്കാനാണ് കൂടിക്കാഴ്ചയെ ഉപയോഗപ്പെടുത്തിയെതന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഗസ്സയിലെ വംശഹത്യയുമായി ബന്ധപ്പെട്ട് ഇസ്രായേലിനെ ന്യായീകരിക്കുന്ന തരത്തിൽ കുറിപ്പിട്ട എസ്.എൻ.പി എം.പി, ജോൺ മാസനെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇസായേലിന്റേത് വംശഹത്യയില്ലെന്നും വംശഹത്യ നടത്താനാണ് അവര്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍ ഗസ്സയില്‍ ഇപ്പോള്‍ കൊല്ലപ്പെട്ടതിന്റെ പത്തിരട്ടി മരണം നടന്നേനെ എന്നുമായിരുന്നു മാസന്റെ പ്രസ്താവന.