പാകിസ്താൻ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫ് നാളെ സത്യപ്രതിജ്ഞ ചെയ്യും
പാകിസ്താൻ മുസ്ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡന്റാണ് ഷഹബാസ് ഷരീഫ്
പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി പി.എം.എൽ നേതാവ് ഷഹബാസ് ഷരീഫ് നാളെ സത്യപ്രതിജ്ഞ ചെയ്യും. രാജ്യത്തിന്റെ 23ാം പ്രധാനമന്ത്രിയായാണ് ഷഹബാസ് ഷരീഫ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ട് ഇമ്രാന് ഭരണം നഷ്ടമായതോടെയാണ് പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് എത്തുന്നത്.
പാകിസ്താൻ മുസ്ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡന്റാണ് ഷഹബാസ് ഷരീഫ്. ഇതുവരെ പാക് നാഷണൽ അസംബ്ലിയുടെ പ്രതിപക്ഷ നേതാവായിരുന്നു. നാളെ ഉച്ചക്കു ശേഷം 2 മണിക്കാണ് ദേശീയ അസംബ്ലി ചേരുക. അതേ സമയം ഇമ്രാന്റെ പാർട്ടിയായ പാകിസ്താൻ തഹ്‌രികെ ഇൻസാഫിന്റെ മുഴുവൻ എംപിമാരും ദേശീയ അസംബ്ലിയിൽ നിന്ന് രാജിവെക്കുമെന്ന് മുൻ വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരി അറിയിച്ചു.
ഷഹബാസിനെ പ്രധാനമന്ത്രിയാക്കുകയല്ല തെരഞ്ഞെടുപ്പ് നടത്തുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്ന് പിടിഐ വ്യക്തമാക്കി. ഇമ്രാൻഖാൻ തലസ്ഥാനമായ ഇസ്ലാമാബാദ് വിട്ട് മറ്റൊരിടത്തേക്ക് മാറിയതായാണ് റിപോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പിൽ പരാജയപ്പെട്ട് ഇമ്രാൻഖാന് ഭരണം നഷ്ടമായത്.