'ഇസ്രായേൽ നടത്തുന്നത് വംശഹത്യ; അടിയന്തര ഇടപെടൽ വേണം'- നീതിന്യായ കോടതിയിൽ വാദങ്ങള്‍ നിരത്തി ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കൻ സംഘത്തിന്‍റെ വാദങ്ങൾ പൂർത്തിയായതോടെ ഇന്നത്തെ കോടതിനടപടികൾ അവസാനിപ്പിച്ചു. നാളെയാണ് ഇസ്രായേൽ തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കുക
ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിന്റെ വംശഹത്യാകുറ്റങ്ങൾ അക്കമിട്ടുനിരത്തി ദക്ഷിണാഫ്രിക്കൻ പ്രതിനിധി സംഘം. ഇസ്രായേൽ നടത്തുന്നത് വംശഹത്യാ കുറ്റങ്ങളാണെന്നു തെളിവുകൾ നിരത്തി സംഘം സ്ഥാപിച്ചു. ഫലസ്തീൻ-ഇസ്രായേൽ ജനതയോടുള്ള ഉത്തരവാദിത്ത നിർവഹണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നിയമനടപടിയുമായി എത്തിയതെന്നും പ്രതിനിധികൾ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കൻ സംഘത്തിന്‍റെ വാദങ്ങൾ പൂർത്തിയായതോടെ ഇന്നത്തെ കോടതിനടപടികൾ അവസാനിപ്പിച്ചു. നാളെ ഇസ്രായേൽ തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കും.
ദക്ഷിണാഫ്രിക്കൻ നീതിന്യായ മന്ത്രി റൊണാൾഡ് ലമോലയാണ് ആമുഖപ്രസ്താവം നടത്തിയത്. ഫലസ്തീനികൾക്കുള്ള സഹായഹസ്തമായാണ് ഇത്തരമൊരു നിയമനടപടിയുമായി എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 1998ലെ വംശഹത്യാ കുറ്റങ്ങൾക്കെതിരായ പ്രമേയത്തെ അംഗീകരിച്ച രാജ്യമാണ് ദക്ഷിണാഫ്രിക്ക. അതിന്റെ ഭാഗമായ കക്ഷിയെന്ന നിലയ്ക്കാണ് ഇപ്പോൾ ഞങ്ങൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത് ഫലസ്തീൻ ജനതയ്‌ക്കൊപ്പം ഇസ്രായേലികളോടുകൂടിയുള്ള ഉത്തരവാദിത്ത നിർവഹണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഫലസ്തീനിലും ഇസ്രായേലിലുമുള്ള വിധ്വംസപ്രവർത്തനങ്ങൾ 2023 ഒക്ടോബർ ഏഴിനു തുടങ്ങിയതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 76 വർഷമായി വ്യവസ്ഥാപിതമായ അതിക്രമവും അടിച്ചമർത്തലും നേരിടുകയാണ് ഫലസ്തീനികൾ. ചുരുങ്ങിയത് 2004നു ശേഷം തൊട്ടെങ്കിലും ഗസ്സ മുനമ്പിൽ വ്യോമമേഖലയും ജലസ്രോതസുകളും വൈദ്യുതിയും അടിസ്ഥാനസൗകര്യ വികസനങ്ങളുമെല്ലാം ഇസ്രായേൽ നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്നും റൊണാൾഡ് ലമോല ചൂണ്ടിക്കാട്ടി.
തുടർന്ന് ദക്ഷിണാഫ്രിക്കൻ പ്രതിനിധികളായ ആദില ഹസീം, തെംബെക ഉങ്കുകൈടോബി, പ്രൊഫ. ജോൺ ഡുഗാർഡ്, പ്രൊഫ. മാക്‌സ് ഡുപ്ലെസിസ്, ബ്ലിന്നെ നി ഗ്രാലെയ് വുസിമുസി മഡോൺസെല, വോഗൻ ലോവ് തുടങ്ങിയവരെല്ലാം സംസാരിച്ചു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടിയും കുടിയൊഴിപ്പിക്കലും അവസാനിപ്പിക്കാൻ അടിയന്തരമായ നടപടി വേണമെന്ന് ദക്ഷിണാഫ്രിക്കൻ പ്രതിനിധി സംഘം ആവശ്യപ്പെട്ടു. ഗസ്സക്കാർക്ക് അടിയന്തരമായി ഭക്ഷണവും വെള്ളവും അഭയവും ആരോഗ്യ സജ്ജീകരണങ്ങളും ഒരുക്കണമെന്നും ആവശ്യപ്പെട്ടു. നീതിന്യായ കോടതിക്കകത്ത് നിയമവ്യവഹാരം തുടരുമ്പോൾ പുറത്ത് ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവും അരങ്ങേറി.
വംശഹത്യാ കുറ്റകൃത്യങ്ങളാണ് ഇസ്രായേൽ നടത്തിയതെന്ന് ആദില ചൂണ്ടിക്കാട്ടി. ഫലസ്തീൻ വംശഹത്യ ഇസ്രായേലിന്റെ പദ്ധതിയാണെന്നു ഗസ്സയിൽ നടത്തുന്ന ആക്രമണങ്ങളിൽനിന്നു വ്യക്തമാണെന്ന് തെംബെക പറഞ്ഞു. തങ്ങൾ നിയമത്തിന് അതീതരാണെന്നാണ് ഇസ്രായേൽ കരുതുന്നതെന്ന് ഡുപ്ലെസിസ് ആരോപിച്ചു. ഗസ്സയിൽ നടക്കുന്നത് രണ്ടു കക്ഷികൾക്കിടയിലുള്ള സംഘർഷമല്ല. ഇസ്രായേൽ എന്ന അധിനിവേശ ശക്തി നടത്തുന്ന അതിക്രമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു 2023 ഒക്ടോബർ 28ന് സൈന്യത്തോട് നടത്തിയ ആഹ്വാനം തെംബെക ഉങ്കുകൈടോബി കോടതിയുടെ ശ്രദ്ധയിലേക്കു കൊണ്ടുവന്നു. അമാലിക്കുകൾ നിങ്ങളോട് ചെയ്തത് ഓർക്കണമെന്നായിരുന്നു നെതന്യാഹു ഓർമിപ്പിച്ചത്. ഒരു ജനതയെ ഒന്നാകെ നശിപ്പിച്ചു പ്രതികാരം തീർക്കാൻ ദൈവം ആഹ്വാനം ചെയ്യുന്ന ഒരു ബൈബിൾ വചനത്തിലേക്കുള്ള സൂചനയാണത്. സാധാരണക്കാരെ കൊന്നൊടുക്കാൻ സൈന്യത്തിനു സാധൂകരണം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനയെന്നും തെംബെക ഉങ്കുകൈടോബി ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയുടെ നിയമനടപടിയെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷനും(ഒ.ഐ.സി) മലേഷ്യ, തുർക്കി, ജോർദാൻ, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളും പിന്താങ്ങി. ഇതിനു പുറമെ ബ്രസീൽ, കൊളംബിയ, മാലദ്വീപ്, നമീബിയ, പാകിസ്താൻ, അറബ് ലീഗ് എന്നിവയും പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. യു.എസ് ശക്തമായ എതിർപ്പറിയിച്ചപ്പോൾ യൂറോപ്യൻ യൂനിയനും മിക്ക പടിഞ്ഞാറൻ രാജ്യങ്ങങ്ങളും മൗനം അവലംബിച്ചിരിക്കുകയാണ്.
Summary: ‘First genocidal act is mass killing of Palestinians in Gaza’: South Africa team present genocide case against Israel over Gaza war in ICJ