നൂറ്റാണ്ടുകളായുള്ള ഭക്ഷണശീലം; പട്ടിയിറച്ചി നിരോധിക്കാനൊരുങ്ങി ദക്ഷിണ കൊറിയ

പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിക്കുന്ന ബില്‍ ദക്ഷിണ കൊറിയന്‍ പാര്‍ലമെന്‍റ് ചൊവ്വാഴ്ച പാസാക്കി

Update: 2024-01-10 04:54 GMT
Editor : Jaisy Thomas | By : Web Desk
Advertising

സിയോള്‍: നൂറ്റാണ്ടുകളായി പിന്തുടരുന്ന ഭക്ഷണശീലം ഉപേക്ഷിക്കാനൊരുങ്ങി ദക്ഷിണ കൊറിയ. പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിക്കുന്ന ബില്‍ ദക്ഷിണ കൊറിയന്‍ പാര്‍ലമെന്‍റ് ചൊവ്വാഴ്ച പാസാക്കി. നായകളോടുള്ള ദക്ഷിണകൊറിയക്കാരുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്.  നായകളെ കുടുംബാംഗങ്ങളായി കാണുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.

പട്ടികളെ അറുക്കുന്നതിനായി കൂട്ടമായി വളര്‍ത്തുന്നതും വില്‍ക്കുന്നതും അറുക്കുന്നതും ഭക്ഷണമായി വില്‍ക്കുന്നതും നിരോധിച്ചു കൊണ്ടുള്ള ബില്‍ നാഷണല്‍ അസംബ്ലിയില്‍ എതിരില്ലാതെ 208 വോട്ടോടെയാണ് പാസ്സാക്കിയത്. കാബിനറ്റ് കൗണ്‍സിലിന്‍റെ പിന്തുണയോടെ പ്രസിഡന്‍റ് യൂണ്‍ സുക് ഇയോള്‍ ബില്ലില്‍ ഒപ്പുവെച്ചു കഴിഞ്ഞാല്‍ 2027 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. 2027 മുതല്‍ പട്ടിയിറച്ചി വിറ്റാല്‍ മൂന്നു വര്‍ഷം വരെ തടവു നല്‍കാനാണ് ബില്ലില്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.തിങ്കളാഴ്ച നടന്ന ഉഭയകക്ഷി കാർഷിക സമിതിയുടെ അംഗീകാരത്തിന് ശേഷം ഭരണകക്ഷി നിർദ്ദേശിച്ച ബില്ലിന് സിംഗിൾ ചേംബർ പാർലമെന്‍റില്‍ വൻ പിന്തുണ ലഭിച്ചു, രണ്ട് പേര്‍ വിട്ടുനിന്നെങ്കിലും 208 വോട്ടുകൾ നേടി.

മൃഗസ്നേഹിയായ പ്രസിഡന്‍റ് യൂന്‍ സുക് യോളും പ്രഥമ വനിത കിയോണ്‍ ഹീയും ആറ് നായകളെയും എട്ടു പൂച്ചകളെയും സ്വവസതിയില്‍ വളര്‍ത്തുണ്ട്. “മനുഷ്യ ഉപഭോഗത്തിനായി നായ്ക്കളെ വളർത്തുന്നതും കൊല്ലുന്നതും ബിൽ അവസാനിപ്പിക്കും. ദശലക്ഷക്കണക്കിന് നായ്ക്കളെ ഈ ക്രൂരമായ വ്യവസായത്തിൽ നിന്ന് ഒഴിവാക്കാനുള്ള ഒരു സുപ്രധാന ഘട്ടത്തിൽ ഞങ്ങൾ എത്തിയിരിക്കുന്നു''അനിമൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ (എച്ച്എസ്ഐ) കൊറിയയുടെ ബോറാമി സിയോ റോയിട്ടേഴ്‌സിനോട് പറഞ്ഞു.സിയോൾ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് അനിമൽ വെൽഫെയർ അവേർനെസ്, റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ തിങ്കളാഴ്ച പുറത്തുവിട്ട ഒരു സർവേ പ്രകാരം, 94 ശതമാനത്തിലധികം പേരും കഴിഞ്ഞ വർഷം നായ മാംസം കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതായി റിപ്പോർട്ട് ചെയ്തു. ഏകദേശം 93 ശതമാനം പേർ അതിൽ നിന്ന് വിട്ടുനിൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

"ദക്ഷിണ കൊറിയയിലെ ക്രൂരമായ നായ മാംസം വ്യവസായത്തിന് നിരോധനമുണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല. എന്നാൽ മൃഗങ്ങൾക്കുള്ള ഈ ചരിത്രവിജയം നമ്മുടെ മൃഗസംരക്ഷണ പ്രസ്ഥാനത്തിന്‍റെ ആത്മാര്‍ഥതയുടെയും നിശ്ചയദാർഢ്യത്തിന്‍റെയും തെളിവാണ്."എച്ച്‌എസ്‌ഐ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ജുങ്‌അഹ് ചെ എപിയോട് പറഞ്ഞു. വ്യവസായ മേഖലയില്‍ നിന്നുള്ള എതിർപ്പിനെത്തുടർന്ന് നായ മാംസം നിരോധിക്കാനുള്ള മുൻകാല ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും വ്യാപാരത്തിൽ നിന്ന് ബിസിനസുകൾ മാറ്റുന്നത് സുഗമമാക്കുന്നതിന് നഷ്ടപരിഹാരം നൽകാനാണ് നിലവിലെ ബിൽ ലക്ഷ്യമിടുന്നത്. എന്നാല്‍ പട്ടിയിറച്ചി നിരോധിക്കുന്നത് 3,000 റെസ്റ്റോറന്റുകൾക്കൊപ്പം 1.5 ദശലക്ഷം നായ്ക്കളെ വളർത്തുന്ന 3,500 ഫാമുകളെ ബാധിക്കുമെന്ന് ബ്രീഡർമാരെയും വിൽപ്പനക്കാരെയും പ്രതിനിധീകരിക്കുന്ന കൊറിയൻ അസോസിയേഷൻ ഓഫ് എഡിബിൾ ഡോഗ്‌സ് വാദിച്ചു.വേനല്‍ക്കാലത്ത് പട്ടിയിറച്ചി കഴിക്കുന്ന ആരോഗ്യവും ഊര്‍ജ്ജവും നല്‍കുമെന്നാണ് ദക്ഷിണ കൊറിയക്കാരുടെ വിശ്വാസം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News