'ഇസ്രായേലിന് ആയുധം നൽകുന്നത് നിർത്തൂ'; ലോകരാജ്യങ്ങളോട് സ്‌പെയിൻ
കഴിഞ്ഞ മേയിൽ സ്‌പെയിൻ, നോർവേ, അയർലൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു
മാഡ്രിഡ്: ഇസ്രായേലിന് ആയുധം നൽകുന്നത് നിർത്തണമെന്ന് സ്‌പെയിൻ. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് ആണ് ലോകനേതാക്കളോട് ആവശ്യമുയർത്തിയത്. ലബനാനിൽ യുഎൻ ദൗത്യസേനയ്ക്കുനേരെ നടക്കുന്ന ഇസ്രായേൽ ആക്രമണത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് പെഡ്രോ സാഞ്ചെസിന്റെ പ്രതികരണം. ലബനാനിലെ യുഎൻ സേനയ്ക്കുനേരെ നടക്കുന്ന ആക്രമണങ്ങൾ അപലപനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിന് ആയുധം വിൽക്കുന്നത് 2023ൽ തന്നെ സ്‌പെയിൻ നിർത്തിയിട്ടുണ്ട്. മേഖലയിൽ കൂടുതൽ സംഘർഷം വ്യാപിക്കുന്നതു തടയാൻ മറ്റു രാജ്യങ്ങളും ഇതേ നിലപാടെടുക്കണമെന്നും സാഞ്ചെസ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര സമൂഹം ഇസ്രായേലിലേക്ക് ആയുധം കയറ്റി അയയയ്ക്കുന്നത് നിർത്തണം. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും സ്പാനിഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ലബനാനിലെ സമാധാനപാലന ദൗത്യവുമായി യുഎൻ അയച്ച സേനയാണ് യൂനിഫിൽ. 650 സ്പാനിഷ് സൈനികർ ദൗത്യത്തിന്റെ ഭാഗമായി ലബനാനിലുണ്ട്. സേനയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ ഒരു ജനറലുമുണ്ട്. സ്പാനിഷ് സൈനികരുടെ താവളത്തിൽ ഇതുവരെ ഇസ്രായേൽ ആക്രമണമുണ്ടായിട്ടില്ലെന്നാണു വിവരം.
കഴിഞ്ഞ ദിവസം ദൗത്യസേനയുടെ താവളങ്ങൾക്കുനേരെ ഇസ്രായേൽ ആക്രമണമുണ്ടായിരുന്നു. ഇറ്റലിയുടെ രണ്ടു സൈനികർ സംഭവത്തിൽ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ യുഎന്നും ഇറ്റലിയും ഇസ്രായേലിനെതിരെ കടുത്ത പ്രതിഷേധമുയർത്തി. ഇറ്റലിയിലെ ഇസ്രായേൽ അംബാസഡറെ വിളിച്ച് പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.
യൂനിഫിൽ സൈന്യത്തെ തിരിച്ചുവിളിക്കണമെന്ന് സെപ്റ്റംബർ 30ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇസ്രായേൽ ലബനാനിൽ ആക്രമണം കടുപ്പിച്ചാലും സൈന്യത്തെ പിൻവലിക്കില്ലെന്ന് അയർലൻഡ് വ്യക്തമാക്കി.
അതേസമയം, ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനെതിരെ തുടക്കം മുതൽ കടുത്ത നിലപാട് സ്വീകരിച്ച പടിഞ്ഞാറൻ രാജ്യങ്ങളിലൊന്നാണ് സ്‌പെയിൻ. ഏതാനും മാസങ്ങൾക്കുമുൻപ് ഫലസ്തീൻ രാഷ്ട്രത്തിന് സ്‌പെയിൻ ഔദ്യോഗികമായി അംഗീകാരവും നൽകിയിരുന്നു. കഴിഞ്ഞ മേയിലായിരുന്നു നോർവേ, അയർലൻഡ് എന്നീ രാജ്യങ്ങൾക്കൊപ്പം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചുള്ള പ്രമേയത്തിൽ ഒപ്പുവച്ചത്.
Summary: Spain's PM Pedro Sanchez urges international community to stop selling weapons to Israel