വെനിസ്വേലൻ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോൺസാലസ് രാജ്യം വിട്ടു; അഭയം നൽകുമെന്ന് സ്‌പെയിൻ
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപിച്ചതിനെ തുടർന്ന് വെനിസ്വേലൻ സർക്കാർ ഗോൺസാലസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കാരക്കാസ്: വെനിസ്വേലൻ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോൺസാലസ് രാജ്യം വിട്ടു. ജൂലൈയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപിച്ചതിനെ തുടർന്ന് വെനിസ്വേലൻ സർക്കാർ ഗോൺസാലസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പ്രതിപക്ഷ സഖ്യം പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതുവരെ ഗോൺസാലസ് അത്ര പ്രശസ്തനായിരുന്നില്ല. പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയെ മത്സരത്തിൽനിന്ന് വിലക്കിയതിനെ തുടർന്നാണ് ഗോൺസാലസ് സ്ഥാനാർഥിയായത്. 52 ശതമാനം വോട്ടുകൾ നേടി മദൂറോ വിജയിച്ചതായി നാഷണൽ ഇലക്ടറൽ കൗൺസിൽ പ്രഖ്യാപിച്ചതോടെ ഗോൺസാലസ് വിമർശനവുമായി രംഗത്തെത്തി. ഗൂഢാലോചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയതിനെ തുടർന്ന് ജുലൈ 30 മുതൽ ഗോൺസാലസ് ഒളിവിലാണ്.
ഗോൺസാലസിന് അഭയം നൽകുമെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് പറഞ്ഞു. സ്പാനിഷ് സൈനിക വിമാനത്തിൽ ഗോൺസാലസ് യാത്ര തിരിച്ചിട്ടുണ്ടെന്നും വെനിസ്വലക്കാരുടെ രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കാൻ സ്‌പെയിൻ പ്രതിജ്ഞാബദ്ധമാണെന്നും നേരത്തെ അൽബാരസ് പറഞ്ഞിരുന്നു.