ശസ്ത്രക്രിയകൾ നിർത്തിവെച്ച് ശ്രീലങ്ക; മരുന്നുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യ
ഇന്ത്യയും ശ്രീലങ്കയും ആറ് കരാറുകൾ ഒപ്പുവെച്ചു
കൊളംബോ: മരുന്നുക്ഷാമത്തെ തുടർന്ന് ശ്രീലങ്കയിലെ വിവിധ ആശുപത്രികളിൽ ശസ്ത്രക്രിയകൾ നിർത്തിവെച്ചു. സെൻട്രൽ കാൻഡി ജില്ലയിലെ പെരഡെനിയ ആശുപത്രിയിൽ എല്ലാ ശസ്ത്രക്രിയകളും താത്കാലികമായി നിർത്തിവെച്ചതായി ആശുപത്രി ഡയറക്ടർ അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായവും വാഗ്ദാനം ചെയ്തു. ശ്രീലങ്കൻ ആശുപത്രികളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ ഇന്ത്യ സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു
ശ്രീലങ്കയെ എങ്ങനെ സഹായിക്കാനാകും എന്ന് ചർച്ച ചെയ്യാൻ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് ജയശങ്കർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.ലങ്കൻ ആശുപത്രിക്ക് സഹായം നൽകാൻ ചൊവ്വാഴ്ച ഇന്ത്യൻ മഹൈകമീഷണർ ഗോപാൽ ബഗ്ലേയോട് ജയ്ശങ്കർ ആവശ്യപ്പെട്ടു. ആശുപത്രിയിൽ അനസ്തേഷ്യക്കും ശസ്ത്രക്രിയക്കും ഉപയോഗിക്കുന്ന നിരവധി മരുന്നുകൾക്കും ഉപകരണങ്ങൾക്കും ക്ഷാമമുണ്ട്. അഡ്മിറ്റ് ചെയ്ത രോഗികളുടെ ശസ്ത്രക്രിയകൾ ഉൾപ്പെടെ നിർത്താനാണ് നിർദേശിച്ചത്.
അതേ സമയം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ വിവിധ മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യ. ഇതുസംബന്ധിച്ച് സാങ്കേതികവിദ്യ, മത്സ്യബന്ധനം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് ധാരണയായത്. കരാർ പ്രകാരം ശ്രീലങ്ക ആവിഷ്‌കരിക്കുന്ന യുനീക് ഡിജിറ്റൽ ഐഡന്റിറ്റി നടപ്പക്കാൻ ഇന്ത്യ സഹായം നൽകും. നാവിക മേഖലയിൽ രക്ഷാദൗത്യ ഏകോപന കേന്ദ്രം സ്ഥാപിക്കുന്നതിനും പിന്തുണ നൽകും.