പുതിയ പ്രസിഡന്റ് അധികാരമേറ്റതിന് പിന്നാലെ ശ്രീലങ്കയിൽ പ്രതിഷേധക്കാരുടെ ക്യാമ്പിൽ റെയ്ഡ്
പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞ സൈന്യം പ്രതിഷേധക്കാരോട് കൊട്ടാരത്തിൽനിന്ന് പിൻമാറാനും തങ്ങൾ നിർദേശിക്കുന്ന സ്ഥലത്ത് ഒരുമിച്ചുകൂടാനും ആവശ്യപ്പെട്ടിരിക്കുകയാണ്.
കൊളംബോ: ശ്രീലങ്കയിൽ റെനിൽ വിക്രമസിംഗെ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന ക്യാമ്പിൽ റെയ്ഡ്. നൂറുകണക്കിന് സൈനികരും പൊലീസുകാരും എത്തിയാണ് റെയ്ഡ് നടത്തിയത്. നിരായുധരായ പ്രക്ഷോഭകരുടെ ടെന്റുകൾ സൈന്യം പൊളിച്ചുനീക്കി.
വെള്ളിയാഴ്ച വൈകീട്ടോടെ പ്രസിഡന്റിന്റെ കൊട്ടാരം ഒഴിഞ്ഞുകൊടുക്കുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് മണിക്കൂറുകൾക്ക് മുമ്പാണ് സൈനിക ഇടപെടൽ. ലാത്തികളുമായെത്തിയ പൊലീസ് പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ പ്രധാന കവാടം തടസ്സപ്പെടുത്തി പ്രതിഷേധക്കാർ സ്ഥാപിച്ച ബാരിക്കേഡുകളും നീക്കി.
പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞ സൈന്യം പ്രതിഷേധക്കാരോട് കൊട്ടാരത്തിൽനിന്ന് പിൻമാറാനും തങ്ങൾ നിർദേശിക്കുന്ന സ്ഥലത്ത് ഒരുമിച്ചുകൂടാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ടെന്റുകൾ തകർത്ത സൈന്യം നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.
ഗോതബായെ രാജപക്‌സെ പ്രസിഡന്റ് പദമൊഴിയണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഒമ്പതിനാണ് പ്രതിഷേധക്കാർ പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയത്. പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ കൊട്ടാരത്തിൽനിന്ന് പിൻമാറണമെന്ന് റെനിൽ വിക്രമസിംഗെ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. സർക്കാറിനെ താഴെയിറക്കാനും പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസ് അടിച്ചു തകർക്കാൻ ശ്രമിക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരം അക്രമങ്ങൾ രാജ്യത്തുണ്ടായാൽ അതിനെ നിയമപരമായി നേരിടുമെന്നും വിക്രമസിംഗെ മുന്നറിയിപ്പ് നൽകി.