പെരുന്നാൾ ദിനം സ്വീഡനിൽ ഖുർആൻ കത്തിച്ചുള്ള പ്രതിഷേധത്തിന് അനുമതി; വ്യാപക പ്രതിഷേധം
മതഭേദമെന്യേ നിരവധി പേരാണ് സ്വീഡിഷ് കോടതിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്.
സ്റ്റോക്‌ഹോം: വിശുദ്ധ ഖുർആൻ കത്തിച്ചുള്ള പ്രതിഷേധത്തിന് അനുമതി നൽകിയ സ്വീഡിഷ് കോടതി വിധിക്കെതിരെ വ്യാപക പ്രതിഷേധം. ബലി പെരുന്നാൾ ദിനത്തിൽ തലസ്ഥാനമായ സ്റ്റോക്‌ഹോമിലെ മസ്ജിദിന് മുമ്പിലാണ് ഖുർആൻ കത്തിച്ച് പ്രതിഷേധിക്കാൻ അപ്പീല്‍ കോടതി അനുമതി നൽകിയത്. കത്തിക്കലിന് പൊലീസ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ കോടതിയെ സമീപിച്ചത്.
നഗരമധ്യത്തിലുള്ള സോഡെർമാം ഐലന്റിൽ സ്ഥിതി ചെയ്യുന്ന പ്രധാന മസ്ജിദിന് പരിസരത്താണ് പ്രതിഷേധം സംഘടിപ്പിക്കുക. കഴിഞ്ഞ ജനുവരിയിൽ തുർക്കിഷ് എംബസിക്ക് മുമ്പിൽ സമാനമായ പ്രതിഷേധം നടന്നിരുന്നു. തുർക്കിയും മറ്റു മുസ്‌ലിം രാഷ്ട്രങ്ങളും കടുത്ത പ്രതിഷേധമാണ് വിഷയത്തിൽ ഉയർത്തിയിരുന്നത്. നാറ്റോയിലെ അംഗത്വത്തിന് സ്വീഡന് നൽകിയ പിന്തുണ തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ പിൻവലിക്കുകയും ചെയ്തിരുന്നു.
സുരക്ഷാ കാരണങ്ങളാൽ നിരവധി തവണ ഖുർആൻ കത്തിക്കല്‍ പ്രതിഷേധത്തിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ആദ്യം ഇറാഖ് എംബസിക്ക് മുമ്പില്‍ പ്രതിഷേധിക്കാനായിരുന്നു ആലോചന. അനുമതി ലഭ്യമാകാത്തതിനെ തുടര്‍ന്ന് പ്രതിഷേധക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. സ്വീഡനിലെ തീവ്രവലതുപക്ഷ കക്ഷികളാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നില്‍.
കനത്ത് പ്രതിഷേധം
നിരവധി പേരാണ് സ്വീഡിഷ് കോടതിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. സ്‌കാൻഡിനേവിയൻ രാഷ്ട്രത്തിന്റെ വംശീയ മനോഭാവത്തിന് തുർക്കി തിരിച്ചടിക്കേണ്ട സമയമായെന്ന് മാധ്യമപ്രവർത്തകൻ റോബർട്ട് കാർട്ടർ ട്വിറ്ററിൽ കുറിച്ചു.
ഒരു സ്വീഡി എന്ന നിലയിൽ മാനക്കേട് തോന്നുന്ന ദിവസമാണ് ഇതെന്ന് കരോലിനെ കാസിം എന്ന ട്വിറ്റർ യൂസർ കുറിച്ചു. മുസ്ലിംകൾ ഈദ് ആഘോഷിക്കുമ്പോൾ മസ്ജിദിന് പുറത്ത് ഖുർആൻ കത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഖുർആൻ കത്തിക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തിന് എങ്ങനെ ഭൂഷണമാകും എന്നാണ് കൊസോവോ മുൻ വിദേശകാര്യമന്ത്രി ബെഹ്‌ജെത് പകോളി ചോദിച്ചത്. ലോകത്തെ ദശലക്ഷക്കണക്കിന് മുസ്‌ലിംകൾ ഈദ് ആഘോഷിക്കുമ്പോൾ സ്വീഡൻ മസ്ജിദിന് മുമ്പിൽ ഖുർആൻ കത്തിക്കാൻ അനുമതി നൽകുന്നു. ഇതെങ്ങനെയാണ് ജനാധിപത്യത്തിന് ഗുണകരമാകുക? ഇത് നിന്ദ്യമായ നടപടി തന്നെയാണ്- അദ്ദേഹം കുറിച്ചു.
സ്വീഡനിലെ ആകെ ജനസംഖ്യയുടെ എട്ടു ശതമാനത്തോളമാണ് മുസ്ലിംകൾ. 2010നും 2016നും ഇടയിൽ നാലു ലക്ഷത്തോളം മുസ്‌ലിം ജനസംഖ്യ (ആകെ എട്ടു ലക്ഷം) രാജ്യത്ത് വർധിച്ചതായി പ്യൂ റിസർച്ച് പറയുന്നു.