ഒരു ലക്ഷം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി തായ്‍വാന്‍; തദ്ദേശീയരുടെ അതേ ശമ്പളവും ആനുകൂല്യങ്ങളും

ഡിസംബറോടെ ഇരു രാജ്യങ്ങളും തൊഴിൽ മൊബിലിറ്റി കരാറിൽ ഒപ്പുവെക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു

Update: 2023-11-11 02:40 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

തായ്പേ: വിവിധ മേഖലകളിലായി ഒരു ലക്ഷം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി തായ്‍വാന്‍. ഇന്ത്യയും തായ്‌വാനും തമ്മിലുള്ള എംപ്ലോയ്മെന്റ് മൊബിലിറ്റി കരാറിന്‍റെ ഭാഗമായി ഫാക്ടറികള്‍, ഫാമുകള്‍,ആശുപത്രികള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ അടുത്ത മാസം ആദ്യത്തോടെ തൊഴിലാളികളെ നിയമിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

ഡിസംബറോടെ ഇരു രാജ്യങ്ങളും തൊഴിൽ മൊബിലിറ്റി കരാറിൽ ഒപ്പുവെക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. തായ്‍വാനില്‍ പ്രായമായവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 2025-ഓടെ, തായ്‌വാൻ ഒരു 'സൂപ്പർ-ഏജ്ഡ്' സമൂഹമായി മാറുമെന്നാണ് പ്രവചിക്കപ്പെടുന്നത്.2025ഓടെ പ്രായമായവർ ജനസംഖ്യയുടെ അഞ്ചിലൊന്നിലധികം വരും.ഇന്ത്യ തായ്‍വാനുമായി കൂടുതല്‍ സാമ്പത്തിക സ്ഥാപിക്കുന്നത് ചൈനയെ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ-തായ്‌വാൻ തൊഴിൽ ഉടമ്പടി ചർച്ചയുടെ അവസാന ഘട്ടത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി സ്ഥിരീകരിച്ചു.

അതേസമയം, തായ്‌വാനിലെ തൊഴിൽ മന്ത്രാലയം തൊഴിലാളികളെ നൽകാൻ കഴിയുന്ന രാജ്യങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലില്ലായ്മ നിരക്ക് 2000 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്ന തായ്‌വാൻ, 790 ബില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ തദ്ദേശീയർക്ക് തുല്യമായ വേതനവും ഇന്ത്യൻ തൊഴിലാളികൾക്ക് ഇൻഷുറൻസ് പോളിസികളും വാഗ്ദാനം ചെയ്യുന്നുണ്ട്.

വികസിത രാജ്യങ്ങളുമായി ഇന്ത്യ തൊഴിൽ കരാറിൽ ഒപ്പുവെക്കുന്ന സാഹചര്യത്തിലാണ് ഇത്.എംപ്ലോയ്‌മെന്റ് മൊബിലിറ്റി കരാർ പ്രകാരം ഇന്ത്യൻ തൊഴിലാളികൾക്ക് തായ്‌വാനിൽ മൂന്ന് വർഷം വരെ തങ്ങാനും അവരുടെ കുടുംബത്തെ കൂടെ കൊണ്ടുവരാനും അനുവദിക്കും.മിനിമം വേതനം, സാമൂഹിക സുരക്ഷ, ശമ്പളത്തോടുകൂടിയ അവധി തുടങ്ങിയ തായ്‌വാൻ തൊഴിലാളികൾക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾക്കും ഇന്ത്യന്‍ തൊഴിലാളികൾക്ക് ലഭിക്കും.

ഇസ്രായേലിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തിനു പിന്നാലെയാണ് ഇത്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയ ഫലസ്തീനികള്‍ക്ക് പകരമാണ് ഇന്ത്യാക്കാരെ നിയമിക്കുന്നത്. 100,000 തൊഴിലാളികളെ വേണമെന്നാണ് ഇസ്രായേല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ മേയില്‍ 42,000 ഇന്ത്യൻ തൊഴിലാളികൾക്ക് നിർമാണ, നഴ്‌സിംഗ് മേഖലകളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന കരാറിൽ ഇന്ത്യയും ഇസ്രായേലും ഒപ്പുവച്ചിരുന്നു. ഒക്ടോബർ 7 ന് ആരംഭിച്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തെത്തുടർന്ന് നടന്ന വർക്ക് പെർമിറ്റ് റദ്ദാക്കൽ മുതൽ വിവിധ വ്യവസായ മേഖലകളിലുണ്ടായ ഫലസ്തീൻ തൊഴിലാളികളുടെ അഭാവം അവശേഷിപ്പിച്ച വിടവ് നികത്തുകയാണ് ലക്ഷ്യം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News