'ക്രൂരമായി വംശഹത്യ നടത്തുമ്പോൾ ഇനിയും ആരെയാണ് കാത്തിരിക്കുന്നത്? നിങ്ങളുടെ മനുഷ്യത്വത്തിന് എന്തുപറ്റി?'-ചോദ്യവുമായി ഫലസ്തീൻ വിദ്യാർഥി
ഗസ്സ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയായ താല ഹെർസല്ലയാണ് വീഡിയോ സന്ദേശത്തിലൂടെ ലോകത്തോട് ചോദ്യമുന്നയിക്കുന്നത്.
ഗസ്സ: ഇസ്രായേൽ നടത്തുന്ന ക്രൂരമായ വംശഹത്യയോട് ലോകം പുലർത്തുന്ന മൗനം ചോദ്യം ചെയ്ത് ഫലസ്തീൻ വിദ്യാർഥി. ഗസ്സ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയായ താല ഹെർസല്ലയാണ് വീഡിയോ സന്ദേശത്തിലൂടെ ലോകത്തോട് ചോദ്യമുന്നയിക്കുന്നത്.
'ഒറ്റ ചോദ്യമാണ് ഞങ്ങൾക്ക് ചോദിക്കാനുള്ളത്. ഞങ്ങൾ സാധാരണ ജനങ്ങൾ എവിടെപ്പോകണം? ആശുപത്രിയിൽ പോയാൽ അവിടെ ബോംബിടും. വീട്ടിൽ പോയാൽ അവിടെയും സ്‌കൂളിൽ പോയാൽ അവിടെയും ആക്രമിക്കുന്നു. ഒരു സെക്കൻഡിൽ 900ൽ അധികം പേരെ കൊല്ലാനാവുന്ന ബോംബുകളാണ് വർഷിക്കുന്നത്. ഈ കൂട്ടക്കൊലയോട്, വംശഹത്യയോട് പ്രതികരിക്കാൻ ഇനിയും എന്താണ് നിങ്ങൾ കാത്തിരിക്കുന്നത്? ആശുപത്രികളിൽ വൈദ്യുതി നിഷേധിച്ച് ജനങ്ങളെ കൊല്ലുന്നു. എവിടെയാണ് സുരക്ഷയുള്ളത്. സുരക്ഷയെന്ന വാക്കിന് ഗസ്സയിൽ നിങ്ങൾ നൽകുന്ന അർഥമെന്താണ്?'- മാധ്യമപ്രവർത്തകർക്ക് അയച്ച വീഡിയോ സന്ദേശത്തിൽ താല ചോദിച്ചു.
Tala Herzallah, 21 jaar uit #Gaza. pic.twitter.com/0IAd2hx8T6
— Majd Khalifeh (@Majd_Khalifeh) October 17, 2023
കഴിഞ്ഞ ദിവസം ഗസ്സയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിനെതിരെ വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് താലയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. 500ൽ അധികം പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രി മുറ്റത്ത് നിരന്നുകിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് വെടിയണമെന്നും ഇസ്രായേലിന്റെ അധിനിവേശമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും സൗദി അറേബ്യ പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ യുദ്ധകുറ്റമാണ് നടത്തിയതെന്നും എല്ലാത്തിനും ഉത്തരവാദി അമേരിക്കയാണെന്നും റഷ്യ ആരോപിച്ചു. യു.എ.ഇ, ജോർദാൻ, ഇറാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളും ഇസ്രായേൽ ആക്രമണത്തിനെതിരെ രംഗത്തെത്തിയിരുന്നു.