‘പാകിസ്താനെ കടത്തിവെട്ടി ടാറ്റ’
ടാറ്റയുടെ വിപണി മൂല്യത്തെക്കാൾ ഏറെ പിന്നിലാണ് പാകിസ്താന്റെ ജി.ഡി.പി എന്നാണ് കണക്കുകൾ പറയുന്നത്.
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്താൻ നേരിടുന്ന വെല്ലുവിളികളിലൊന്ന്. ഇപ്പോഴിതാ പാകിസ്താന് ലോകത്തിന് മുന്നിൽ തലകുനിക്കേണ്ടി വരുന്ന പുതിയ ഒരു വാർത്ത കൂടി പുറത്തുവന്നിരിക്കുന്നു. ഇന്ത്യയുടെ മുൻനിര കമ്പനിയായ ടാറ്റയുടെ വിപണി മൂല്യത്തെക്കാൾ ഏറെ പിന്നിലാണ് പാകിസ്താന്റെ ജി.ഡി.പി എന്നാണ് പുതിയ കണക്കുകൾ പറയുന്നത്.
ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂലധനം 365 ബില്യൺ ഡോളറാണ്. അതായത് 30.3 ലക്ഷം കോടി. എന്നാൽ പാകിസ്താന്റെ ജിഡിപി 341 ബില്യൺ ഡോളറാണെന്നാണ് (28 ലക്ഷം കോടി) ഐഎംഎഫ് കണക്ക്.
170 ബില്യൺ ഡോളർ വിലമതിക്കുന്ന ടാറ്റ കൺസൾട്ടൻസി സർവീസസിന് മാത്രം പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥയുടെ പകുതിയോളം വലിപ്പമുണ്ടത്രെ. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ്.
ടാറ്റ മോട്ടോഴ്‌സ്, ട്രെന്റ് എന്നിവക്ക് പുറമെ ടൈറ്റൻ, ടിസിഎസ്, ടാറ്റ പവർ എന്നിവയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായ വളർച്ചയാണ് ടാറ്റ ഗ്രൂപ്പിൻ്റെ മൂല്യം ഉയരാൻ കാരണമായത്. ടാറ്റയുടെ എട്ട് കമ്പനികളെങ്കിലും കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരട്ടിയിലധികം വരുമാനം നേടിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.