വീടിനു പുറത്തെ മാലിന്യം നീക്കം ചെയ്തില്ല; ഗായിക ടെയ്‍ലര്‍ സ്വിഫ്റ്റിന് 2.4 ലക്ഷം രൂപ പിഴ
2018 ജനുവരി മുതൽ 2023 ജനുവരി വരെയുള്ള കാലയളവില്‍ ടെയ്‌ലർക്ക് നിരവധി തവണ പിഴ ചുമത്തിയിട്ടുണ്ട്
ലോസാഞ്ചലസ്: ന്യൂയോര്‍ക്കിലെ തന്‍റെ അപ്പാര്‍ട്ടുമെന്‍റിന് പുറത്തെ മാലിന്യം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് നടിയും ഗായികയുമായ ഗായിക ടെയ്‍ലര്‍ സ്വിഫ്റ്റിന് 2.4 ലക്ഷം രൂപ (3,010 ഡോളര്‍) പിഴ ചുമത്തി. തന്‍റെ വീടിനു മുന്നിലുള്ള പ്രദേശം വൃത്തിയായി സൂക്ഷിക്കാത്തതിനാല്‍ ടെയ്‍ലറിന് 32 തവണ നോട്ടീസ് ലഭിച്ചതായി മിറര്‍.കോ.യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യൂയോർക്കിലെ സാനിറ്റേഷൻ ഡിപ്പാർട്ട്‌മെന്‍റാണ് പിഴ ചുമത്തിയത്. 2018 ജനുവരി മുതൽ 2023 ജനുവരി വരെയുള്ള കാലയളവില്‍ ടെയ്‌ലർക്ക് നിരവധി തവണ പിഴ ചുമത്തിയിട്ടുണ്ട്.ടെയ്‌ലറുടെ മൂന്ന് നിലകളുള്ള ടൗൺഹൗസിന് പുറത്തുള്ള വൃത്തിഹീനമായ നടപ്പാതയില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതില്‍ അധികൃതര്‍ക്ക് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടെയ്‍ലറുടെ ട്രിബക്കയിലുള്ള വീടിനു പുറത്തുള്ള പ്രദേശം നിറയെ പത്രക്കെട്ടുകള്‍, കുപ്പികൾ, കാർഡ്ബോർഡുകൾ, നാപ്കിനുകൾ എന്നിവയുടെ കൂമ്പാരമാണ്. ചിതറിയ ആഷ്ട്രേകളും സിഗരറ്റ് കുറ്റികളും കണ്ടെന്ന് മറ്റൊരു പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഗായിക പുക വലിക്കാറില്ലെന്ന അവകാശവാദവുമായി ആരാധകര്‍ രംഗത്തെത്തി. നല്ലൊരു വാടകക്കാരിയാണ് ടെയ്‍ലറെന്നും എല്ലാം നന്നായി കൈകാര്യം ചെയ്തിരുന്നുവെന്നും നല്ലതല്ലാതെ അവരെക്കുറിച്ച് ഒന്നും പറയാനില്ലെന്നും മുന്‍ ഭൂവുടമ പറഞ്ഞു.