ഉച്ചത്തിലുള്ള സംസാരം മൂലം അധ്യാപികയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു; ഒടുവില്‍ 1 കോടി നഷ്ടപരിഹാരം
സ്ത്രീ ആയത് കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു നിലപാട് സ്വീകരിക്കുന്നതെന്നാണ് അനറ്റ് പറയുന്നത്
വളരെ ഉച്ചത്തിലുള്ള സംസാരം പൊതുവെ ഒരു ശല്യമാണെന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഉച്ചത്തിലുള്ള ശബ്ദമില്ലെങ്കില്‍ എന്തോ കുഴപ്പമുള്ളത് പോലെ തോന്നും. അല്ലേ? പലപ്പോഴും ഇത് കൊണ്ട് ചില ബുദ്ധിമുട്ടുകളും ഉണ്ടായിരിക്കും. എന്നാല്‍ ഉച്ചത്തിലുള്ള ശബ്ദം കാരണം ഒരു അധ്യാപികക്ക് നഷ്ടപ്പെട്ടത് അവരുടെ ജോലിയാണ്.
യു.കെയിലെ എക്‌സിറ്റര്‍ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അനെറ്റ് പ്ലോട്ടിനാണ് അവരുടെ ശബ്ദം കാരണം ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. സര്‍വകലാശാലയിലെ ഫിസിക്‌സ് വിഭാഗം അധ്യാപികയായികുന്നു അനെറ്റ്. 29 വര്‍ഷമായി അനറ്റ് ഈ മേഖലയില്‍ ജോലി ചെയ്യുന്നു. എന്നാല്‍ ആദ്യമായാണ് ഇത്തരം നടപടി ഉണ്ടാകുന്നത്.
ശബ്ദത്തിന്റെ പേരില്‍ പുറത്താക്കിയ സര്‍വകലാശാലയ്‌ക്കെതിരെ അനെറ്റ് കോടതിയെ സമീപിച്ചു. സര്‍വകലാശാല അധികൃതർ മോശമായി പെരുമാറിയെന്നും തനിക്കതില്‍ നേരിട്ടത് വലിയ മാനസിക സമ്മര്‍ദമാണെന്നും വൈദ്യ ചികിത്സ ആവശ്യമാണെന്നും കാണിച്ചായിരുന്നു അനറ്റ് കോടതിയെ സമീപിച്ചത്.
നിയമ വ്യവസ്ഥ അനറ്റിന്‌റെ കൂടെയായിരുന്നു. പരാതി കേട്ട എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ പിരിച്ചുവിടല്‍ നീതിരഹിതമാണെന്ന് കണ്ടെത്തി. സര്‍വകലാശാല അധികൃതര്‍ അനെറ്റിന് 100,000 പൗണ്ട് അഥവാ ഒരുകോടിയില്‍പരം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
എന്നാല്‍ ശബ്ദം കാരണമല്ല മറിച്ച് രണ്ടു പിഎച്ച്ഡി വിദ്യാര്‍ഥികളോടുള്ള മോശമായ പെരുമാറ്റ രീതി കാരണമാണ് അനെറ്റിനെ പിരിച്ചുവിട്ടതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. സ്ത്രീ ആയത് കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു നിലപാട് സ്വീകരിക്കുന്നതെന്നാണ് അനറ്റ് പറയുന്നത്.
യൂറോപ്യന്‍ ജ്യൂവിഷ് പശ്ചാത്തലത്തില്‍ നിന്നു വരുന്ന തനിക്ക് കുട്ടിക്കാലം മുതലേ ഉച്ചത്തിലുള്ള ശബ്ദമാണ്. താന്‍ ഉറക്കെയാണോ സംസാരിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിയാത്തതും കുടുംബ പശ്ചാത്തലം കൊണ്ടാവാം എന്നാണ് അനറ്റ് പറയുന്നത്.
ജര്‍മനിയിലും ന്യൂയോര്‍ക്കിലും ജോലി ചെയ്തിട്ടും ഒരിക്കല്‍ പോലും ശബ്ദം ഒരു പ്രശ്‌നമായിരുന്നില്ല. ശബ്ദത്തിന്റെ പേരില്‍ ഇങ്ങനെ ഒരു അനുഭവം ആദ്യമായാണ്. ജോലിയിലെ തന്റെ അനുഭവ സമ്പത്ത് പോലും കണക്കാക്കാതെയുള്ള നടപടി വളരേ വേദനാജനകമാണെന്ന് അനറ്റ് പറയുന്നു. ഇത് കാരണം താന്‍ വളരേ അധികം മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചു. സ്ത്രീകള്‍ എങ്ങനെ സംസാരിക്കണമെന്ന സ്റ്റീരിയോടൈപ് മനോഭാവമാണ് ഇതിനു പിന്നിലെന്നും അനറ്റ് ആരോപിച്ചു.
എക്‌സിറ്റര്‍ സര്‍വകലാശാല മാത്രമാണ് തന്നില്‍ അന്തര്‍ലീനമായ ഈ സ്വഭാവസവിശേഷത മാറ്റാന്‍ സമ്മര്‍ദം ചെലുത്തിയതെന്നും അനെറ്റ് പരാതിയില്‍ പറയുന്നു. എന്നാല്‍ കോടതി ഉത്തരവില്‍ കൃത്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയ സര്‍വകലാശാല അധികൃതര്‍ ഉത്തരവിനെതിരെ അപ്പീലിനു പോകുമെന്നാണ് വ്യക്തമാക്കുന്നത്.