അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ നടന്ന ആക്രമണത്തോടെ പശ്ചിമേഷ്യ കൂടുതൽ പ്രക്ഷുബ്ധമാവുന്നു
ഹൂതികളുടെ മുന്നറിയിപ്പിനെ തുടർന്ന് മിക്ക ചരക്കുകപ്പലുകളും ചെങ്കടൽ വഴിയുള്ള സഞ്ചാരം അവസാനിപ്പിച്ചു
ദുബൈ:യമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെയും ബ്രിട്ടെൻറയും നേതൃത്വത്തിൽ നടന്ന ആക്രമണത്തോടെ പശ്ചിമേഷ്യ കൂടുതൽ പ്രക്ഷുബ്ധമാവുന്നു. ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ഹൂതികളുടെ മുന്നറിയിപ്പിനെ തുടർന്ന് മിക്ക ചരക്കുകപ്പലുകളും ചെങ്കടൽ വഴിയുള്ള സഞ്ചാരം അവസാനിപ്പിച്ചു.
അഞ്ചു സൈനികരുടെ മരണത്തിനും ആറ് പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ ആക്രമണത്തിന് കനത്ത തിരിച്ചടി ഉറപ്പാണെന്ന് ഹൂതികൾ ആവർത്തിച്ചു.ഫലസ്തീൻ ജനതക്കുള്ള പിന്തുണ ആവർത്തിച്ച ഹൂതികൾ, ഇസ്രായേലിെൻറ കപ്പൽസേവനം മാത്രമാണ് അമേരിക്കയും ബ്രിട്ടനും ലക്ഷ്യമിടുന്നതെന്നും കുറ്റപ്പെടുത്തി.
എന്നാൽ സ്വന്തം സൈനികരെയും അന്താരാഷ്ട്ര ചരക്കുനീക്കവും സംരക്ഷിക്കുന്നതിന് കൂടുതൽ ആക്രമണത്തിന് മടിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യെമനിലെ ഹൂത്തികൾ ഭീകര സംഘടനയാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
സ്വയംപ്രതിരോധത്തിനുള്ള പരിമിതവും അനിവാര്യവുമായ ആക്രമണമാണ് നടത്തിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. നെതർലൻഡ്സ്, ആസ്ട്രേലിയ, കാനഡ, ബഹ്റൈൻ എന്നീ രാജ്യങ്ങളും ആക്രമണത്തിന് സഹായം നൽകിയതായി ജോ ബൈഡൻ പറഞ്ഞു.
എന്നാൽ അമേരിക്കൻ അഭ്യർഥന നിരസിച്ചതായി ഇറ്റലി പ്രതികരിച്ചു. യമനിലെ ആക്രമണത്തിനു പിന്നാലെ എണ്ണവില നാലു ശതമാനത്തിലധികം ഉയർന്നു. തുർക്കിയയിലേക്ക് പോവുകയായിരുന്ന എണ്ണ ടാങ്കർ വ്യാഴാഴ്ച ഒമാൻ തീരത്തിനു സമീപംവെച്ച് ഇറാൻ പിടിച്ചെടുത്തതും സംഘർഷത്തിന് ആക്കം കൂട്ടി. യമനിലെ അമേരിക്ക-ബ്രിട്ടൻ സംയുക്ത വ്യോമാക്രമണത്തെ ഒമാൻ അപലപിച്ചു.
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ 24 മണിക്കൂറിനിടെ 151 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം.248 പേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച മധ്യ ഗസ്സയിലെ അൽമഷാലയിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഗസ്സയിൽ മരണം 23,708 ആയി.60,005 പേർക്ക്പരിക്കേറ്റു.
അതെ സമയം അന്താരാഷ്ട്ര കോടതിയിൽ ദക്ഷിണാഫ്രിക്കയുടെ വംശഹത്യാ ആരോപണം തള്ളിയ ഇസ്രായേൽ, സ്വയം രക്ഷക്കുള്ള നടപടികളാണ് ഗസ്സയിൽ തുടരുന്നതെന്ന് വാദിച്ചു.ദക്ഷിണാഫ്രിക്കസമർപ്പിച്ച കേസിൽ രണ്ടു ദിവസത്തെ വാദം വെള്ളിയാഴ്ച സമാപിച്ചു. കോടതിയുടെ തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര കോടതിപ്രസിഡന്റ് ജൊവാൻ ഡൊണോഗ് പറഞ്ഞു.