ഗര്‍ഭിണികളായ വിദ്യാര്‍ഥിനികളെ ഇനി സ്കൂളില്‍ നിന്നും പുറത്താക്കില്ല; പുതിയ നിയമം പാസാക്കി തായ്‍ലാന്‍ഡ്
വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള നിയമം റോയല്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു
ബാങ്കോക്ക്: സ്കൂളുകള്‍,കോളേജുകള്‍,സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഗര്‍ഭിണികളായ വിദ്യാര്‍ഥിനികളെ പുറത്താക്കുന്നത് വിലക്ക് തായ്‍ലാന്‍ഡ് സര്‍ക്കാര്‍ പുതിയ നിയമം പാസാക്കി. വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള നിയമം റോയല്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.
ശനിയാഴ്ച റോയൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച രേഖയിൽ ഉന്നത വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, ഇന്നൊവേഷൻ മന്ത്രി അനെക് ലൗത്തമതാസും വിദ്യാഭ്യാസ മന്ത്രി ട്രീനുച്ച് തിൻതോംഗും സംയുക്തമായി ഒപ്പുവച്ചു. പുതിയ നിയമം അനുസരിച്ച് രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഗർഭിണികളായ വിദ്യാർത്ഥികളെ പുറത്താക്കാനോ അവരുടെ ഇഷ്ടമില്ലാതെ മറ്റൊരു സ്കൂളിലേക്ക് മാറ്റാനോ അനുവാദമില്ല.കൂടാതെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള വിദ്യാർഥികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പുനൽകാൻ ഉദ്ദേശിച്ചുള്ളതാണ് നടപടിയെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയുടെ എല്ലാ തലങ്ങളിലും ഈ നിയമം പ്രാബല്യത്തിലായി.
കൗമാരപ്രായത്തിലുള്ള ഗർഭധാരണങ്ങള്‍ കുറയ്ക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ തുടരും. 2016-ലെ കൗമാരപ്രായത്തിലുള്ള ഗർഭധാരണം തടയുന്നതിനും പരിഹാരത്തിനുമുള്ള നിയമം നിലവിൽ വന്നതിന് ശേഷം ഗർഭിണികളായ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് കുറഞ്ഞതായി മന്ത്രാലയ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2021 ൽ, ഗർഭിണിയായതിന് ശേഷം പഠനം തുടർന്ന വിദ്യാർത്ഥികളുടെ അനുപാതം 33.8% ആയി വർദ്ധിച്ചു, അതേസമയം കൊഴിഞ്ഞുപോയവരുടെ അനുപാതം 36.1% ആയി കുറഞ്ഞു.കൗമാരപ്രായക്കാരുടെ ഗർഭധാരണം തടയുന്നതിനുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രചാരണം മുൻവർഷത്തെ അപേക്ഷിച്ച് ഈ പ്രായക്കാരില്‍ കാര്യമായ സ്വാധീനം ചെലുത്തിയതായി വിശ്വസിക്കപ്പെടുന്നു.10-നും 14-നും ഇടയിൽ പ്രായമുള്ളവരുടെ ഗർഭധാരണ നിരക്ക് കഴിഞ്ഞ വർഷം കുറഞ്ഞിരുന്നു.