ടെന്റിൽ വെളിച്ചമെത്തിക്കാൻ സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിച്ചു; ഫലസ്തീൻ ജനതയുടെ അതിജീവനത്തിന്റെ നേർചിത്രമായി 15കാരൻ
‘ഗസ്സയിലെ ജനങ്ങൾക്ക് മാത്രമല്ല, ലോകത്തിന് മുഴുവൻ പ്രയോജനപ്പെടുന്ന കണ്ടുപിടുത്തങ്ങൾ സൃഷ്ടിക്കാനുള്ള എന്റെ സ്വപ്നം പൂവണിയുമെന്നാണ് പ്രതീക്ഷ’
നാല് മാസത്തിലധികമായി ഗസ്സയിൽ ഇസ്രായേലിന്റെ നേതൃത്വത്തിൽ ആക്രമണം ആരംഭിച്ചിട്ട്. സമാനതകളില്ലാത്ത ദുരിതമാണ് ഗസ്സയിലെ ജനങ്ങൾ ഈ ദിവസങ്ങളിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജനസംഖ്യയുടെ 80 ശതമാനം പേരും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു കഴിഞ്ഞു.
ലക്ഷക്കണക്കിന് ആളുകൾ ടെന്റുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഭക്ഷണവും വെള്ളവുമില്ലാതെ വലയുകയാണ് ഇവർ. വൈദ്യുതി നിലച്ചതിനാൽ ജീവിതം കൂടുതൽ ദുസ്സഹമായി. ഇതിനിടയിലും കരളുറപ്പോടെ അതിജീവനത്തിന്റെ പാഠങ്ങൾ ലോകത്തിന് പകർന്നേകുന്നു ഫലസ്തീൻ ജനത.
തന്റെ കുടുംബത്തിന്റെ ദുരിതം കണ്ടറിഞ്ഞ് സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിച്ച് കൈയടി നേടുകയാണ് 15കാരനായ ഹുസാം അൽ അത്തർ. വടക്കൻ ഗസ്സയിൽനിന്ന് കുടിയിറക്കപ്പെട്ട ഹുസാമും കുടുംബവും റഫയിലെ ടെന്റിലാണ് കഴിയുന്നത്. രാത്രിയിലെ പേടിപ്പിക്കുന്ന ഇരുട്ടാണ് ഈ ബാലനെ പുതിയ ഉദ്യമത്തിന് പ്രേരിപ്പിച്ചത്.
പഴയ സാധനങ്ങൾ വിൽക്കുന്ന കടയിൽനിന്ന് രണ്ട് ഫാനുകൾ ആദ്യം വാങ്ങി. തുടർന്ന് അതിൽ ആവശ്യമായ വയറുകളും മറ്റു ഉപകരണങ്ങളും ഘടിപ്പിച്ചു. ബാറ്ററികൾ ചാർജ് ചെയ്യാൻ കഴിവുള്ള ചെറിയ കാറ്റാടി യന്ത്രങ്ങളായി പ്രവർത്തിക്കാൻ ഫാനുകൾ ഒന്നിനു മുകളിൽ മറ്റൊന്നായി സ്ഥാപിച്ചു. ഫാൻ കറങ്ങുന്നതിന് അനുസരിച്ച് വൈദ്യുതി ലഭിക്കാൻ തുടങ്ങി. ബാലന്റെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ സമീപവാസികൾ അവന് ഒരു വിളിപ്പേരും നൽകി, ‘ഗസ്സയുടെ ന്യൂട്ടൺ’.
ഞാനും ന്യൂട്ടനും തമ്മിലുള്ള സാമ്യം കൊണ്ടാണ് അവർ എന്നെ ഗസ്സയുടെ ന്യൂട്ടൺ എന്ന് വിളിക്കാൻ തുടങ്ങിയതെന്ന് ഹുസാം പറഞ്ഞു. ‘ന്യൂട്ടൺ ഒരു ആപ്പിൾ മരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോൾ ആപ്പിൾ തലയിൽ വീഴുകയും ഗുരുത്വാകർഷണം കണ്ടെത്തുകയും ചെയ്തു. ഞങ്ങൾ ഇവിടെ ഇരുട്ടിലും ദുരിതത്തിലുമാണ് കഴിയുന്നത്, റോക്കറ്റുകൾ ഞങ്ങളുടെ മേൽ പതിക്കുന്നു, അതിനാൽ ഞാൻ വെളിച്ചം സൃഷ്ടിക്കാൻ ആലോചിച്ചു’ -ഹുസാമിന്റെ വാക്കുകൾക്ക് കൂടുതൽ തെളിച്ചമുണ്ടായിരുന്നു.
തന്റെ ആദ്യ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടെന്നും മൂന്നാമത്തെ ശ്രമത്തിലാണ് വിജയിച്ചതെന്നും ഹുസാം വ്യക്തമാക്കി. ‘എനിക്ക് ഇത് ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷവാനാണ്. കാരണം എന്റെ കുടുംബത്തിന്റെയും മാതാവിൻറെയും രോഗിയായ പിതാവിന്റെയും എന്റെ സഹോദരന്റെയും പിഞ്ചുകുട്ടികളുടെയും കഷ്ടപ്പാടുകളെ ഞാൻ ലഘൂകരിച്ചു. ഈ സമയത്ത് ഞങ്ങൾ ജീവിക്കുന്ന അവസ്ഥയിൽ കഷ്ടപ്പെടുന്ന ഇവിടെയുള്ള എല്ലാവരുടെയും ദുരിതത്തെയാണ് ഞാൻ ലഘൂകരിച്ചത്’ -ഹുസാം പറഞ്ഞു.
‘ഈ ക്യാമ്പിലുള്ള ആളുകൾ എന്നെ ഗസ്സയുടെ ന്യൂട്ടൺ എന്ന് വിളിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കാരണം ന്യൂട്ടനെപ്പോലെ ഒരു ശാസ്ത്രജ്ഞനാകാനും ഗസ്സയിലെ ജനങ്ങൾക്ക് മാത്രമല്ല, ലോകത്തിന് മുഴുവൻ പ്രയോജനം ചെയ്യുന്ന കണ്ടുപിടുത്തങ്ങൾ സൃഷ്ടിക്കാനുമുള്ള എന്റെ സ്വപ്നം പൂവണിയുമെന്നാണ് പ്രതീക്ഷ’ -ഹുസാം കൂട്ടിച്ചേർത്തു.
ഗസ്സയിലെ 2.3 ദശലക്ഷം ജനങ്ങളിൽ പകുതിയിലധികവും ഈജിപ്ത് അതിർത്തിയിലെ റഫയിലാണ് കഴിയുന്നത്. കഴിഞ്ഞദിവസങ്ങളിൽ ഇസ്രായേൽ ഇവിടെയും ആക്രമണം തുടങ്ങിയിട്ടുണ്ട്. 124 ദിവസമായി തുടരുന്ന ആക്രമണത്തിൽ 27,000ന് മുകളിൽ ആളുകളാണ് ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടത്.