ചൂണ്ടയിടുന്നതിനിടെ 63കാരനെ വലിച്ചു കൊണ്ടുപോയി ഭീമൻ മത്സ്യം: അഞ്ചാം ദിവസവും തെരച്ചിൽ
ഹൊനോനോ തീരത്ത് ചൂണ്ടയിടുന്നതിനിടെ അഹി എന്ന മത്സ്യം ചൂണ്ടയോടെ വെള്ളത്തിലേക്ക് വലിക്കുകയായിരുന്നു
ഹവായ്: ചൂണ്ടയിടുന്നതിനിടെ ഭീമൻ മത്സ്യം വലിച്ചുകൊണ്ടുപോയ 63കാരനായി അഞ്ചാം ദിവസവും തെരച്ചിൽ തുടരുന്നു. യുഎസിലെ ഹവായ് സ്വദേശിയായ മാർക്ക് നിറ്റിലിനെയാണ് കാണാതായത്. ഹൊനോനോ തീരത്ത് ചൂണ്ടയിടുന്നതിനിടെ അഹി എന്ന മത്സ്യം ചൂണ്ടയോടെ വെള്ളത്തിലേക്ക് വലിക്കുകയായിരുന്നു.
ഞായറാഴ്ച സുഹൃത്തിനൊപ്പമാണ് മാർക്ക് ചൂണ്ടയിടാനെത്തിയത്. മീനിനെ പിടിക്കുന്നതിനിടെ മാർക്ക് വെള്ളത്തിലേക്ക് പോവുകയായിരുന്നുവെന്നാണ് സുഹൃത്തിന്റെ മൊഴി. മീനിനെ ബോട്ടിലേക്ക് വലിച്ചിടാൻ ശ്രമിക്കുന്നതിനിടെ ഇതൊരു ഭീമൻ മത്സ്യമാണെന്ന് മാർക്ക് പറഞ്ഞതായി ഇയാൾ അറിയിച്ചിട്ടുണ്ട്.
ഇതുവരെ 20 തവണ കോസ്റ്റ്ഗാർഡ് വിവിധ മേഖലകളിൽ തെരച്ചിൽ നടത്തി. 515 മൈലോളം അന്വേഷണത്തിനായി സഞ്ചരിക്കുകയും ചെയ്തു. എന്നാൽ ഇതുവരെയും വിവരമൊന്നും ലഭിച്ചിട്ടില്ല. തെരച്ചിലിനായി 65 ഹെലികോപ്റ്ററുകളും ഉപയോഗിച്ചിരുന്നു.
ട്യൂണ വിഭാഗത്തിൽപ്പെടുന്ന മത്സ്യമാണ് അഹി. സാധാരണഗതിയിൽ ഇവ 181 കിലോയോളം വലിപ്പം വയ്ക്കാറുണ്ട്.