ഗസ്സയിലെ ആശുപത്രിക്ക് നേരെയുള്ള ആക്രമണം വംശീയ കൂട്ടക്കൊല: ഹമാസ്

അധിനിവേശ സൈന്യത്തിന്റെ ക്രിമിനൽ പ്രവർത്തനങ്ങളും വംശഹത്യയും അവസാനിപ്പിക്കാൻ ലോക രാഷ്ട്രങ്ങളും അറബ് സമൂഹവും ഉടൻ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

Update: 2023-10-18 02:55 GMT
Advertising

ഗസ്സ: അൽ അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണം വംശീയ കൂട്ടക്കൊലയെന്ന് ഹമാസ്. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട നൂറുകണക്കിന് രോഗികളും കുട്ടികളും സ്ത്രീകളുമാണ് ഇവിടെയുണ്ടായിരുന്നത്. ഇവരാണ് ആക്രമണത്തിന് ഇരയായത്. സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്റെ വികൃതമായ മുഖം തുറന്നുകാട്ടുന്നതാണ് ആക്രമണമെന്നും ഹമാസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അമേരിക്കയടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങൾ ഇസ്രായേലിന്റെ ക്രിമിനൽ അധിനിവേശത്തിന് നൽകുന്ന പിന്തുണയും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അധിനിവേശ സൈന്യത്തിന്റെ ക്രിമിനൽ പ്രവർത്തനങ്ങളും വംശഹത്യയും അവസാനിപ്പിക്കാൻ ലോക രാഷ്ട്രങ്ങളും അറബ് സമൂഹവും ഉടൻ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

ഗസ്സ സിറ്റിയിലെ അൽ അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 500ൽ കൂടുതൽ ആളുകളാണ് കൊല്ലപ്പെട്ടത്. ആശുപത്രിക്ക് നേരെയുള്ള ആക്രമണത്തെ യു.എ.ഇ, സൗദി അറേബ്യ, ഇറാൻ, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു.

അതിനിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് ഇസ്രായേലിലെത്തും. യുദ്ധത്തിൽ ഇസ്രായേലിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്യാനാണ് ബൈഡൻ എത്തുന്നത്. അറബ് നേതാക്കളുമായും ചർച്ചക്ക് പദ്ധതിയുണ്ടായിരുന്നുവെങ്കിലും ആശുപത്രി ആക്രമണത്തെ തുടർന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ജോർദാനും ചർച്ചയിൽനിന്ന് പിൻമാറി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News