ഇസ്രായേൽ-ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണം; പ്രമേയം പാസാക്കി യുഎൻ പൊതുസഭ

ഇസ്രായേലിന്റെ ക്രൂരതകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിലും തുർക്കിയിലും കൂറ്റൻ റാലി

Update: 2023-10-28 18:13 GMT
Advertising

ഇസ്രയേൽ -ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ പൊതുസഭ പ്രമേയം പാസാക്കി. ഇസ്രായേലിന്റെ ക്രൂരതകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിലും തുർക്കിയിലും കൂറ്റൻ റാലി അരങ്ങേറി. ഇസ്രായേലിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു.

ജോർദാനാണ് പ്രമേയം അവതരിപ്പിച്ചത്. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. അമേരിക്ക ഉൾപ്പെടെ 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗസ്സയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഹമാസിന്റേത് ഭീകരപ്രവൃത്തിയാണെന്ന് പ്രമേയത്തിൽ ഉൾപ്പെടുത്തണം എന്നാണ് പ്രമേയത്തെ എതിർക്കുന്നവർ ആവശ്യപ്പെട്ടത്. ഈ പ്രമേയത്തിന് നിയമസാധുതയില്ല. പക്ഷേ ഭൂരിഭാഗം രാജ്യങ്ങളും ഇസ്രായേലിനെതിരെയാണ് നിൽക്കുന്നതെന്ന് പ്രമേയം വെളിപ്പെടുത്തി.

കഴിഞ്ഞ രാത്രിയിലടക്കം ഇസ്രായേൽ ഗസ്സയിൽ നടത്തിയ കൊടുംക്രൂരതകൾക്കെതിരെ ലോകത്താകെ പ്രതിഷേധം ഉയരുകയാണ്. ന്യൂയോർക്കിൽ സയണിസ്റ്റ് വിരുദ്ധരായ ജൂതർ തന്നെ ഇസ്രായേലിനെതിരെ വലിയ പ്രകടനം നടത്തി.

ഒക്ടോബർ 7ലെ സംഭവങ്ങളിൽ നെതന്യാഹുവിന് വലിയ വീഴ്ചയുണ്ടെന്നുന്നയിച്ച് ഇസ്രായേലിൽ പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്. നെതന്യാഹുവിന്റെ വസതിക്ക് മുന്നിൽ ഇനി ഇത്തരം പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ബന്ദികളെ മോചിപ്പിക്കാനും യുദ്ധം ജയിക്കാനും സാധിക്കാത്തതിൽ ഇസ്രായേലിലെ പൊതുജനങ്ങൾ അസ്വസ്ഥരാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News