‘റമദാനിലെ ആദ്യ ദിനത്തിൽ അൽ അഖ്സയിലെ ഇസ്രായേൽ ഉപരോധം തകർക്കണം’; ഫലസ്തീനികളോട് ഇസ്മാഈൽ ഹനിയ്യ

‘ഇസ്രായേലിനെതിരായ പ്രതിരോധ ​പ്രവർത്തനങ്ങളുടെ അച്ചുതണ്ട് അൽ അഖ്സ മസ്ജിദായിരിക്കും’

Update: 2024-02-28 16:18 GMT
Advertising

ഇസ്‌ലാമിലെ പുണ്യസ്ഥലങ്ങളിലൊന്നായ അൽ-അഖ്‌സ മസ്ജിദിൽ ഇ​സ്രായേൽ ഏർപ്പെടുത്തിയ ഉപരോധം റമദാൻ മാസത്തിന്റെ ആദ്യ ദിനത്തിൽ തകർക്കണമെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയ്യ ഫലസ്തീനികളോട് അഭ്യർഥിച്ചു. ‘അൽ-ഖുദ്‌സിന്റെ സ്ഥിതി 2023’ വാർഷിക റിപ്പോർട്ടിൻമേൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രയേലി അധിനിവേശത്തിനും അതിന്റെ പങ്കാളിയായ അമേരിക്കക്കും യുദ്ധത്തിലൂടെ നേടിയെടുക്കാൻ കഴിയാത്തത് രാഷ്ട്രീയ മാർഗങ്ങളിലൂടെയും നേടിയെടുക്കാൻ കഴിയില്ലെന്ന് ഹനിയ്യ പറഞ്ഞു. ഹമാസിന് പ്രതികൂലമായി ബാധിക്കും വിധം വെടിനിർത്തൽ കരാർ തയാറാക്കാനുള്ള ​​ശ്രമങ്ങൾക്കെതിരെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.

നമ്മുടെ ജനങ്ങളുടെ ജീവനിലുള്ള ഉത്കണ്ഠ കാരണം ഞങ്ങൾ ചർച്ചകളിൽ കാണിക്കുന്ന ഏതൊരു വിട്ടുവീഴ്ചയും സ്വന്തം ജനങ്ങളെ സംരക്ഷിക്കാനുള്ള സന്നദ്ധതയുടെ ഭാഗമാണെന്നും ഹനിയ്യ പറഞ്ഞു. ഇസ്രായേലിനെ നിയന്ത്രിക്കാനും ഗസ്സയുടെ തെക്കേ അറ്റത്തുള്ള റഫയെ ആക്രമിക്കുന്നതിൽനിന്ന് അവരെ തടയാനും അദ്ദേഹം ലോകത്തോടും, പ്രത്യേകിച്ച് സൗഹൃദ അറബ് രാജ്യങ്ങളോടും അഭ്യർത്ഥിച്ചു.

അൽ-അഖ്‌സ മസ്ജിദിനും വിശ്വാസികൾക്കുമെതിരായ ഇസ്രായേൽ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു ഒക്ടോബർ ഏഴിലെ തൂഫാനുൽ അഖ്സക്ക് പിന്നിലെ പ്രധാന പ്രേരണയെന്ന് ഹനിയ്യ വ്യക്തമാക്കി. വിശ്വാസികൾക്കെതിരെ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതോടെ ഹമാസിന്റെ പ്രവർത്തനങ്ങളെ ഇല്ലാതാക്കാമെന്ന് ഇസ്രായേൽ കരുതുന്നുണ്ടെങ്കിൽ, അത് വ്യാമോഹം മാത്രമാണ്.

അൽ-അഖ്‌സ മസ്ജിദിലെ കാര്യങ്ങൾ അന്താരാഷ്ട്ര പ്രമേയത്തിന് അനുസൃതമായി മാത്രമേ ഹമാസ് അംഗീകരിക്കുകയുള്ളൂ. അത് ഏറ്റവും അടിസ്ഥാന ആവശ്യമാണെന്നും ഹനിയ്യ പറഞ്ഞു. ഇസ്രായേൽ അധിനിവേശത്തിനെതിരെ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഗസ്സയെ പിന്തുണക്കുന്ന എല്ലാ പ്രതിരോധ സേനകളോടും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിരോധ ​പ്രവർത്തനങ്ങളുടെ അച്ചുതണ്ട് അൽ അഖ്സ മസ്ജിദായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ​ഇസ്രായേൽ സൈന്യം അൽ അഖ്സയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടച്ചിട്ടുണ്ട്. ഏതാനും പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. അതേസമയം, അധിനിവേശ സേനയുടെ സംരക്ഷണത്തിൽ ഇസ്രായേലി കുടിയേറ്റക്കാർ ഇവിടേക്ക് പ്രവേശിക്കുന്നുമുണ്ട്.

റമദാൻ മാസത്തിൽ പതിനായിരക്കണക്കിന് മുസ്ലീം ആരാധകരാണ് ദിവസവും ഇവിടേക്ക് പ്രാർഥനക്ക് എത്താറ്. ആരാധകരെ നിയന്ത്രിക്കുന്നത് ഇസ്രായേലിന് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News