'കൊലയാളി, ഇവിടെ വരാൻ എങ്ങനെ ധൈര്യം വരുന്നു': മന്ത്രിയെ ബീച്ചിൽ നിന്ന് പുറത്താക്കി ഇസ്രായേലുകാർ

കൊലയാളി എന്ന് വിളിച്ചായിരുന്നു തെല്‍അവീവിലെ ഒരു ബീച്ചില്‍ നിന്നും ദേശീയ സുരക്ഷാമന്ത്രിയായ ബെന്‍-ഗിവറിനെ പുറത്താക്കിയത്.

Update: 2024-09-07 05:38 GMT
Editor : rishad | By : Web Desk
Advertising

തെല്‍അവീവ്: ഇസ്രായേലിലെ തീവ്രവലതുപക്ഷ നേതാവും ദേശീയ സുരക്ഷാമന്ത്രിയുമായ ഇതാമർ ബെൻ-ഗിവറിനെ ബീച്ചില്‍ നിന്ന് പുറത്താക്കി ഒരു കൂട്ടം ഇസ്രായേലുകാര്‍. കൊലയാളി എന്ന് വിളിച്ചായിരുന്നു തെല്‍അവീവിലെ ഒരു ബീച്ചില്‍ നിന്നും ബെന്‍-ഗിവറിനെ പുറത്താക്കിയത്.

ബെൻ-ഗിവറും കുടുംബാംഗങ്ങളും ബീച്ചിൽ എത്തിയപ്പോൾ അദ്ദേഹത്തോട് ആക്രോശിക്കുന്ന ചില ഇസ്രായേലുകാരുടെ ദൃശ്യങ്ങൾ ഇസ്രായേലി മാധ്യമങ്ങൾ തന്നെയാണ് പുറത്തുവിട്ടത്.

''നിങ്ങളൊരു കൊലപാതകിയാണ്, തീവ്രവാദിയാണ്, ബന്ദികൾ ഗസ്സയിൽ മരിക്കുകയാണ്. നിങ്ങൾക്കെങ്ങനെ കടൽതീരത്ത് നടക്കാൻ ധൈര്യം വരുന്നത്''- ഒരു ഇസ്രായേലുകാരന്‍ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ബെൻ-ഗിവറിന് നേരെ ഒരു സ്ത്രീ മണല്‍ വാരി എറിയുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ബെന്‍-ഗിവറിന് ബീച്ചില്‍ നിന്ന് മടങ്ങേണ്ടി വന്നു.

അതേസമയം പൊതുപ്രവർത്തകനെ ആക്രമിച്ച കുറ്റം ഗൗരവത്തോടെയാണ് കാണുന്നതെന്ന് പൊലീസ് വ്യക്തമാക്കി.  27 കാരിയായ സ്ത്രീയാണ് അറസ്റ്റിലായത്. നിരവധി പൊലീസ്- സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് അദ്ദേഹം കുടുംബത്തോടൊപ്പം കടല്‍തീരത്ത് നില്‍ക്കുന്നത്. ഇതിനിടെയിലാണ് പ്രതിഷേധവും അരങ്ങേറിയത്. ചിലര്‍ അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാനായി സമീപിക്കുന്നതും കാണാം. പാര്‍ട്ടി ചെയര്‍മാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ബെന്‍- ഗിവറും മറ്റു തീവ്രവലതുപക്ഷ മന്ത്രിമാരുമാണ് ഹമാസുമായുള്ള ബന്ദി കൈമാറ്റത്തെ തടസ്സപ്പെടുത്തുന്നതെന്ന് വികാരം ഇസ്രായേലുകാര്‍ക്കിടയില്‍ ശക്തമാണ്. പ്രതിപക്ഷവും ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെയാണ് ബെന്‍ഗിവറിനെ പരസ്യമായി ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. തീവ്ര വലതുപക്ഷമായ ഒസ്ത്മ യെഹൂദിത് പാർട്ടിയുടെ നേതാവാണ് ബെന്‍- ഗിവര്‍. 

ഗസ്സയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്ന കരാറുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ പലപ്പോഴും ഇസ്രായേലിലെ പൊതുജന പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഹമാസിനെ ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിച്ചാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ബെൻഗിവർ നേരത്തെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് മുന്നറിയിപ്പു നൽകിയിരുന്നു.

അതേസമയം നൂറിലധികം ബന്ദികൾ ഇപ്പോഴും ഗസ്സയിലുണ്ടെന്നാണ് ഇസ്രായേല്‍ കണക്കാക്കുന്നത്. ഹമാസും ഇസ്രായേലും തമ്മിലെ വെടിനിര്‍ത്തല്‍-ബന്ദിമോചന കരാറുകള്‍ക്കായി യുഎസും ഖത്തറും ഈജിപ്തും ശ്രമിച്ചുവരികയാണ്. എന്നാൽ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കടുംപിടുത്തം കാരണം ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണ്. 

ഇതിനിടെയും ഗസ്സയല്‍ ഇസ്രായേലിന്റെ ക്രൂരത അരങ്ങേറുന്നുണ്ട്. സുരക്ഷിത കേന്ദ്രങ്ങള്‍ക്ക് മേലെയും അധിനിവേശ സേന ബോംബിടുകയാണ്. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 40,900 ഫലസ്തീനികളാണ് ഇതിനകം കൊല്ലപ്പെട്ടത്. 94,200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.  തുടർച്ചയായ ഉപരോധം കാരണം ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമത്തിലാണ് ഗസ്സ. 

Watch Video 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News