ഇറാന്റെ പ്രത്യാക്രമണ സാധ്യത; ഇസ്രായേലിലേക്ക് പൗരന്മാരുടെ യാത്ര വിലക്കി യൂറോപ്യൻ രാജ്യങ്ങൾ

കോൺസുലേറ്റ് ആക്രമണത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ

Update: 2024-04-12 12:13 GMT
Editor : ശരത് പി | By : Web Desk
Advertising

 ഇറാൻ, ഇസ്രായേൽ, ലബനാൻ എന്നിവിടങ്ങളിലേക്ക് പൗരന്മാരുടെ യാത്ര വിലക്കി ഫ്രാൻസ്. ഇസ്രയേലിന് നേർക്ക് ഇറാൻ ആക്രമണ സാധ്യത മുൻനിർത്തിയാണ് നിർദേശം. ഇസ്രായേലിൽ നിന്ന് മടങ്ങാൻ ബ്രിട്ടനും പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.

നേരത്തെ സിറിയൻ തലസ്ഥാനമായ ഡമസ്‌കസിൽ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേലിന്റെ ആക്രമണം നടന്നിരുന്നു. ഇതിൽ 7 പേരാണ് കൊല്ലപ്പെട്ടത്.

കോൺസുലേറ്റ് ആക്രമണത്തിന് ഇറാൻ തിരിച്ചടിക്കുമെന്ന നിലയ്ക്ക് പ്രതികരണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇസ്രായേലിലെത്തിയ യു.എസ് സെൻട്രൽ കമാന്റിന്റെ മേധാവി ഏത് നിമിഷവും ഇറാനിൽ നിന്ന് ആക്രമണമുണ്ടാകാമെന്ന് ഇസ്രായേലിന് ഔദ്യോഗികമായിത്തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാനിൽ നിന്നുള്ള ഏത് തരം ആക്രമണത്തെയും നേരിടാൻ ഇസ്രായേൽ തയ്യാറാണെന്നും ആക്രമണമുണ്ടായാൽ ഇറാനെതിരെ പ്രത്യാക്രമണം നടത്തുമെന്നും ഇസ്രായേൽ സൈനിക/രാഷ്ട്രീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യത്തെക്കുറിച്ച് സുരക്ഷാ വിഭാഗങ്ങളുമായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഇന്ന് ആശയവിനിമയം നടത്തും

നിലവിലെ സാഹചര്യങ്ങൾ മുൻനിർത്തിയാണ് യൂറോപ്യൻ രാജ്യങ്ങൾ യാത്രാനിയന്ത്രണമടക്കമുള്ള മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്.

ഇറാനും അമേരിക്കയും വിഷയത്തിൽ അനൗപചാരികമായ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും നിലയ്ക്ക് യുദ്ധമുണ്ടാകരുതെന്ന് അമേരിക്ക ഔദ്യോഗികമായിത്തന്നെ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിലെ അയൽരാജ്യങ്ങളോടുമായി അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനടക്കം കൂടിക്കാഴ്ച തുടർന്നുകൊണ്ടിരിക്കുകയാണ്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News