റഫ അതിർത്തി തുറന്നു: ഗുരുതരമായി പരിക്കേറ്റവരെ ഈജിപ്തിലെത്തിക്കും
വിദേശ പൗരന്മാർക്കും പുറത്തു കടക്കാനാവുമെന്നാണ് പ്രതീക്ഷ
റഫ അതിർത്തി തുറന്നു. ഗസ്സയിൽഗുരുതര പരിക്കേറ്റ 81 പേരെ ഈജിപ്തിലെത്തിക്കും. ഇരട്ട പൗരത്വമുള്ള 500 ഫലസ്തീനികളും ഈജിപ്തിലെത്തും.
നിരവധി ആംബുലൻസുകളാണ് അതിർത്തിയിൽ കാത്തിരിക്കുന്നത്. ഗസ്സയിൽ ക്യാൻസർ രോഗികൾക്കുള്ള ഏക ആശുപത്രിയും പ്രവർത്തനം നിർത്തിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ നിന്ന് ഇന്നലെ 70 പേരെയാണ് ഇസ്രായേൽ സേന പിടിച്ചു കൊണ്ടു പോയത്. വെസ്റ്റ് ബാങ്കിൽ ഇതുവരെ 128 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
അതേസമയം, തുർക്കിയും ഇറാനും ഫലസ്തീന് വീണ്ടും പിന്തുണ പ്രഖ്യാപിച്ചു,, ആക്രമണം തുടർന്നാൽ വലിയ വില നൽകേണ്ടി വരുമെന്ന് ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രിമാർ സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു..
ഒക്ടോബർ 7ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം റഫ അതിർത്തി അടച്ചിരുന്നു. പരിമിതമായ എണ്ണം സഹായ ട്രക്കുകൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതിനായി കുറച്ച് ദിവസത്തേക്ക് ഭാഗികമായി തുറന്നു. ഒക്ടോബർ 7 മുതൽ ഇതുവരെ 196 സഹായ ട്രക്കുകൾ ഗസ്സയിലേക്ക് കടന്നതായാണ് റഫ ക്രോസിംഗ് മീഡിയ ഡയറക്ടർ അറിയിച്ചിരിക്കുന്നത്.
അതേസമയം ഗസ്സ ജബലിയ അഭയാർഥി ക്യാമ്പിൽ ബോംബിട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. എന്നാൽ ഹമാസ് നേതാവിനെ ലക്ഷ്യമിട്ടാണ് ജബലിയ ക്യാമ്പിന് ബോംബിട്ടതെന്നാണ് ഇസ്രായേലിന്‍റെ വിശദീകരണം.ഇസ്രായേലിനെതിരെ കൂടുതൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ഹിസ്ബുല്ലയും ഹൂത്തികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ക്യാന്പിൽ ഇന്നലെ വൈകിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 50 പേരാണ് കൊല്ലപ്പെട്ടത്. മുന്നൂറിലധികം പേർ ജീവച്ഛവമായി ആശുപത്രിയിലാണ്. ക്യാംപിലെ 15 പാർപ്പിടസമുച്ചയങ്ങൾ പൂർണമായും തകർന്നടിഞ്ഞിരുന്നു.
അൽ ജസീറ ടിവിയുടെ ബ്രോഡ്കാസ്റ്റ് എഞ്ചിനീയർ മുഹമ്മദ് അബ്ദുൽ ഖുംസാന്റെ കുടുംബത്തിലെ 19 പേരുടെ ജീവനാണ് ഈ ആക്രമണത്തിൽ പൊലിഞ്ഞത്. ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രായേൽ സമ്മതിച്ചു.
തെക്കൻ ഗസ്സയിലെ ഖാൻയൂനിസിൽ 12 പേർ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ക്രൂരത തുടരുകയാണ്. ഇന്ന് രണ്ടുപേരാണ് ജനീനിൽ കൊല്ലപ്പെട്ടത്.