യുഎൻ ഏജൻസിക്ക് വിലക്കുമായി ഇസ്രായേൽ; ഗസ്സയിലെ സ്ഥിതി കൂടുതൽ ദയനീയം
മുന്നറിയിപ്പ് നൽകി ലോക രാജ്യങ്ങൾ
തെൽഅവീവ്: ഗസ്സയിൽ അഭയാർഥികൾക്ക് സഹായമെത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ 'യുനർവ' ഏജൻസിയുടെ പ്രവർത്തന കരാർ ഔദ്യോഗികമായി അവസാനിപ്പിച്ചതായി ഇസ്രായേൽ. കഴിഞ്ഞ മാസം ഇസ്രായേൽ പാർലമെന്റ് പാസാക്കിയ ബില്ലിന്റെ ഭാഗമായാണ് നടപടി.
ഏജൻസിയുമായുള്ള ബന്ധം വിച്ഛേദിക്കുക, ഗസ്സയിലെ പ്രവർത്തനം തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് നിയമനിർമാണം. പട്ടിണി പിടിമുറുക്കിയ വടക്കൻ ഗസ്സയിൽ യുഎൻ ഏജൻസി കൂടി പിൻവാങ്ങുന്നതോടെ സ്ഥിതി കൂടുതൽ ആപൽക്കരമാകുമെന്ന് യുഎന്നും വിവിധ ലോക രാജ്യങ്ങളും മുന്നറിയിപ്പ് നൽകി.
വടക്കൻ ഗസ്സക്ക് സഹായം വിലക്കുന്നത് ആശങ്കാജനകമാണെന്നും അടിയന്തര ഇടപെടൽ വേണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിൻകൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. വടക്കൻ ഗസ്സയിലെ മാനുഷിക ദുരന്തം ഒഴിവാക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് യുഎൻ സന്നദ്ധ സംഘടനയായ ലോക ഭക്ഷ്യ പദ്ധതിയും ആവശ്യപ്പെട്ടു. ഇസ്രായേൽ നടപടി 20 ലക്ഷത്തിലേറെ ഫലസ്തീൻ ജനതയെ നേരിട്ട് ബാധിക്കുമെന്ന് 'യുനർവ'യുടെ ആഗോള കമ്യൂണിക്കേൻ ഓഫിസർ ജൂലിയറ്റ് തൗമ പറഞ്ഞു.
ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്നലെ അമ്പതിലേറെ പേർ കൊല്ലപ്പെട്ടു. ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രിയുടെ പ്രവർത്തനം ഏറെക്കുറെ പൂർണമായും നിലച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലും ലബനാനിലും വിവിധ ആക്രമണ സംഭവങ്ങളിൽ 13 സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ വ്യക്തമാക്കി.
നൂറുകണക്കിന് രോഗികളുടെയും മറ്റും ജീവൻ രക്ഷിക്കാൻ ലോകത്തോട് അവസാനമായി യാചിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. മേഖലയിൽ നിലയുറപ്പിച്ച സേനയുടെ സുരക്ഷ കൂടി മുൻനിർത്തിയാണ് കൂടുതൽ സൈനിക സന്നാഹങ്ങൾ ഒരുക്കുന്നതെന്ന് പെന്‍റഗൺ.
അതിനിടെ, ബന്ദികളുടെ മോചന നീക്കത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത നെതന്യാഹു സർക്കാരിനെതിരെ ഇസ്രായേലിൽ പ്രക്ഷോഭം വീണ്ടും ശക്തം. ഇസ്രായേലുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി നൽകിയതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അടുത്ത അനുയായിക്കു പുറമെ നാല് സൈനികർ കൂടി അറസ്റ്റിലായെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.