ഗസ്സയിലെ വെടിനിർത്തൽ: ചർച്ചക്ക് അരങ്ങൊരുങ്ങുന്നു
ഹമാസിന്റെ അനുകൂല പ്രതികരണം ലഭിച്ചതായി ഈജിപ്ത്
ദുബൈ: യു.എൻ രക്ഷാസമിതി പാസാക്കിയ പ്രമേയം അടിസ്ഥാനമാക്കി ഗസ്സയിലെ വെടിനിർത്തൽ ചർച്ചക്ക് ഉടൻ അരങ്ങൊരുങ്ങും. സമഗ്ര വെടിനിർത്തലും സൈനിക പിൻമാറ്റവും വ്യവസ്ഥ ചെയ്യുന്ന ഏതൊരു നിർദേശത്തോടും തങ്ങൾ അനുകൂലമാണെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും മധ്യസ്ഥ രാജ്യങ്ങളെ രേഖാമൂലം അറിയിച്ചു.
കരാർ വ്യവസ്ഥകൾ നടപ്പാക്കാനും ആക്രമണത്തിൽനിന്ന് ഇസ്രായേലിനെ പൂർണമായി പിന്തിരിപ്പിക്കാനും വ്യക്തമായ ഫോർമുല ഉണ്ടാകണമെന്ന ഭേദഗതി നിർദേശവും ഹമാസും ഇസ്ലാമിക് ജിഹാദും ഉന്നയിച്ചു. ഈജിപ്ത്, ഖത്തർ എന്നീ മധ്യസ്ഥ രാജ്യങ്ങൾക്ക് കൈമാറിയ കത്തിലാണ് ഈ ആവശ്യം.
ഹമാസിന്റെ അനുകൂല പ്രതികരണം ലഭിച്ചതായി ഈജിപ്ത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഹമാസ് പ്രതികരണം ഉചിതമായി വിലയിരുത്തി തുടർ നടപടികളിലേക്ക് നീങ്ങുമെന്ന് അമേരിക്ക അറിയിച്ചു.
എത്രയും പെട്ടെന്ന് വെടിനിർത്തൽ യാഥാർഥ്യമാക്കാനും ഗസ്സയിലേക്ക് സഹായം ഉറപ്പാക്കാനും എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിൻകൻ പറഞ്ഞു. ഫലസ്തീൻ ക്ഷേമത്തിനായി പുതുതായി 404 ദശലക്ഷം ഡോളർ കൂടി അനുവദിക്കുമെന്നും ബ്ലിൻകൻ വെളിപ്പെടുത്തി.
മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാൻ വ്യവസ്ഥ ചെയ്യുന്ന അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ സംബന്ധിച്ച് ഇസ്രായേൽ നേതാക്കളുമായി ആൻറണി ബ്ലിൻകൻ ഇന്നലെ വിശദമായ ചർച്ച നടത്തി. പ്രതിപക്ഷ നേതാവ് യായിർ ലാപിഡ്, മുൻമന്ത്രി ബെന്നി ഗാൻറ്സ് ഉൾപ്പെടെയുള്ളവരുടെ പിന്തുണയും ബ്ലിൻകൻ തേടി.
അതേസമയം, തീവ്രവലതുപക്ഷ മന്ത്രിമാരായ ബെൻ ഗവിർ, സ്മോട്രിക് എന്നിവരെ മന്ത്രിസഭയിൽനിന്ന് മാറ്റിനിർത്താൻ ബ്ലിൻകൻ നെതന്യാഹുവിനോട് നിർദേശിച്ചതായും റിപ്പോർട്ടുണ്ട്. ബന്ദിമോചനം ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളാണ് പ്രധാനമെന്നും യുദ്ധാന്തര ഗസ്സയുടെ ഭരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പിന്നീട് ചർച്ചയാകാമെന്നുമാണ് ബ്ലിൻകൻ നെതന്യാഹുവിനെ ധരിപ്പിച്ചതെന്നാണ് വിവരം.
ബെന്നി ഗാൻറ്സ്, ഗാഡി ഈസൻകോട്ട് എന്നിവരുടെ രാജി നെതന്യാഹു സർക്കാറിനെ ഉലച്ചിട്ടുണ്ട്. അമേരിക്കയുടെ ശക്തമായ ഇടപെടലുണ്ടായിട്ടും ഗസ്സയിലെ വെടിനിർത്തൽ നീക്കത്തോട് പരസ്യമായി പ്രതികരിക്കാൻ നെതന്യാഹു വിസമ്മതിക്കുകയാണ്. അതിനിടെ, ദക്ഷിണ ലബനാനിൽ നിന്നുള്ള ഹിസ്ബുല്ലയുടെ വ്യാപക മിസൈൽ ആക്രമണം ഇസ്രായേലിന് തിരിച്ചടിയാകുന്നുണ്ട്.